- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരാളെയും അറസ്റ്റ് ചെയ്യാതെ ആറന്മുള പൊലീസ്: ഇവിടെ വേറെ നിയമമോ?
പത്തനംതിട്ട: മൂന്നു പ്രമാദമായ കേസുകൾ. മൂന്നും ജാമ്യമില്ലാ വകുപ്പ്. ഒരു കേസിൽ സുപ്രീം കോടതി വരെ മുൻകൂർ ജാമ്യം നിഷേധിച്ചു. എന്നിട്ടും മൂന്നു കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ ആറന്മുള പൊലീസിന്റെ ഒളിച്ചു കളി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം പോലും മാനിക്കാതെ ആറന്മുള എസ്എച്ച്ഓ ഉന്നത ബന്ധങ്ങളുടെ തണലിൽ സ്വന്തം നിയമം നടപ്പാക്കുന്നുവെന്ന ആക്ഷേപം ശക്തം. മേൽപ്പറഞ്ഞ മൂന്നു കേസുകളിലും പ്രതികൾ നാട്ടിൽ വിലസുകയും ചെയ്യുന്നു.
ചെറുകോലിൽ വനിതാ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയത് മണ്ണു മാഫിയ തലവൻ
ചെറുകോൽ വില്ലേജ് ഓഫീസിൽ വനിതാ ഓഫീസറെ ഡ്യൂട്ടി സമയത്ത് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയത് മണ്ണെടുപ്പുകാരൻ നാരങ്ങാനം സ്വദേശി യൂസുഫാണ്. ഫെബ്രുവരി 14 നായിരുന്നു സംഭവം. വില്ലേജ് ഓഫീസർ അന്നു തന്നെ പരാതി നൽകിയെങ്കിലും മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തത് 27 നാണ്. ഇയാളെ അറസ്റ്റ് ചെയ്യാൻ ഇതു വരെ പൊലീസ് കൂട്ടാക്കിയിട്ടില്ല.
ഇയാൾ നാട്ടിൽ വിലസുന്നു. ഇതിനിടെ വില്ലേജ് ഓഫീസറെ അപായപ്പെടുത്തുമെന്ന തരത്തിൽ പലരോടും ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. സർക്കാർ ജീവനക്കാരിയെ ഓഫീസിൽ ചെന്ന് ഭീഷണിപ്പെടുത്താൻ ധൈര്യം കാണിച്ചയാൾക്കെതിരേ ആറന്മുള പൊലീസ് സ്വീകരിച്ചിരിക്കുന്ന നടപടി മറ്റ് ജീവനക്കാരെയും അമ്പരപ്പിച്ചിരിക്കുന്നു. ആറന്മുള എസ്.എച്ച്.ഓയുടെ നീതിയാണ് ഈ സ്റ്റേഷൻ പരിധിയിൽ നടപ്പാകുന്നത് എന്നതാണ് ആക്ഷേപം.
തോക്കുമായി വന്ന പഞ്ചായത്തംഗം, മതസ്പർധ കേസിൽ കുടുങ്ങി..അറസ്റ്റ് മാത്രമില്ല
അയോധ്യ രാമക്ഷേത്രപ്രതിഷ്ഠയെ അവഹേളിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിന് ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് സിപിഎം അംഗം ആബിദാ ഭായി. ജാമ്യമില്ലാ വകുപ്പിട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഇതു വരെ തുടർ നടപടികൾ ഇല്ല. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്നാണ് ആക്ഷേപം. കേസെടുത്തിട്ട് മാസം രണ്ടു കഴിഞ്ഞു. അറസ്റ്റിന് തടസം എന്താണെന്ന് പൊലീസ് പറയുന്നുമില്ല. ഇവർക്കെതിരേയുള്ള മറ്റൊരു പ്രമാദമായ അന്വേഷണവും ആറന്മുള പൊലീസ് അട്ടിമറിച്ചിരുന്നു.
പഞ്ചായത്ത് ഓഫീസിൽ റിവോൾവറുമായി വന്ന് പ്രവർത്തനം വിശദീകരിച്ചു കാണിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രഏജൻസികൾ അന്വേഷണം നടത്തി വരികയാണ്. ഈ വിവരം തുടക്കത്തിൽ ലഭിച്ചത് ആറന്മുള പൊലീസിനാണ്. എങ്കിലും അന്വേഷണം അവർ തന്നെ അട്ടിമറിച്ചു. അയോധ്യ പ്രതിഷ്ഠയോട് അനുബന്ധിച്ച് മതസ്പർധ വളർത്തുന്ന രീതിയിൽ ആബിത ഭായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ബിജെപിയുടെ പരാതിയെ തുടർന്ന് ആറന്മുള പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തതോടെ ഇവർ ഒളിവിലാണ്. സിപിഎമ്മിന്റെ ജില്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവർ അവരുടെ സംരക്ഷണയിലാണെന്നാണ് വിവരം. സമാനരീതിയിലുള്ള ഫേസ് ബുക്ക് പ്രചാരണം മുൻപും ആബിദാ ഭായി നടത്തിയിട്ടുണ്ട്. ശബരിമലയിലെ മണിക്കൂറുകൾ നീളുന്ന ക്യൂവിൽ നിന്ന വയോധിക ചാനലുകൾക്ക് നൽകിയ ബൈറ്റ് എടുത്ത് അവരെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിട്ടിരുന്നു.
തോക്കുമായി അബിദ പഞ്ചായത്ത് ഓഫീസിൽ വന്നത് മാസങ്ങൾക്ക് മുൻപാണ്. ഒരു ചുവന്ന കാറിലാണ് ഇവർ എത്തിയത്. ഓഫീസിൽ വച്ച് ഇവർ തോക്ക് ലോഡ് ചെയ്യുന്നത് അടക്കമുള്ള പ്രക്രിയകൾ മറ്റുള്ളവരെ കാണിച്ചു. ഇത് കണ്ടവരിൽ ചിലർ അപ്പോൾ തന്നെ രഹസ്യാന്വേഷണ ഏജൻസികളെ വിവരം അറിയിച്ചു. ഇവർ വന്ന കാറിന്റെ നിറവും തോക്കിന്റെ ആകൃതിയും അടക്കം വിവരങ്ങൾ കൈമാറിയിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങൾ വിവരം എസ്‌പിക്ക് നൽകി. എസ്‌പിയുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട ഡിവൈഎസ്‌പി ആറന്മുള എസ്എച്ച്ഓയോട് അടിയന്തിരമായി അന്വേഷിക്കാൻ ഉത്തരവിട്ടു.
ഇതിന് ശേഷം അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷിക്കാൻ വരുന്ന വിവരം അപ്പോൾ തന്നെ ആബിതാ ഭായിക്ക് ചോർന്നു കിട്ടി. ഇവർ അപ്പോൾ തന്നെ അവിടെ നിന്ന് മുങ്ങി. ആബിദാ ഭായി അവിടെ നിന്ന് പോയി എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പൊലീസ് ടീം എത്തിയതെന്ന് പറയുന്നു. രാഷ്ട്രീയ സമ്മർദം ഇക്കാര്യത്തിൽ ഉണ്ടായിയെന്നും രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് സംശയം ഉണ്ട്. പഞ്ചായത്ത് ഓഫീസിൽ അബിതയെ കാണാതെ വന്നപ്പോൾ പൊലീസ് സംഘം ഇവരുടെ വീട്ടിൽ ചെന്ന് പരിശോധന നടത്തി. തോക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടും നൽകി. പൊലീസിന്റെ ഭാഗത്തെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐബി ഇടപെട്ടത്.
സഹപാഠിയുടെ മൂക്കിടിച്ച് തകർത്ത ഡിവൈഎഫ്ഐ നേതാവും വിലസുന്നു, അറസ്റ്റില്ലാതെ
കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ വിദ്യാർത്ഥിനിയുടെ മൂക്കിടിച്ച് തകർത്ത സഹപാഠിയായ ഡിവൈഎഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി വരെ തള്ളി. എന്നിട്ടും പൊലീസിന് കുലുക്കമില്ല. ഫലമോ, നാലാം വർഷ എൽഎൽബി വിദ്യാർത്ഥി ജയ്സൺ ജോസഫ് സർവസ്വതന്ത്രനായി നാട്ടിൽ വിഹരിക്കുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് കോളജിൽ കയറി സമരം നടത്തിയതിനെ തുടർന്ന് ഇയാളെ പുറത്താക്കാൻ മാനേജ്മെന്റ് നിർബന്ധിതരായി.
കാമ്പസിനുള്ളിൽ വച്ചാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. മൂക്കിന്റെ പാലത്തിന് ഗുരതര പരുക്കേറ്റ പെൺകുട്ടിയുടെ മൊഴി വാങ്ങി കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. ഒടുവിൽ യൂത്ത്കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർ ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധിച്ചപ്പോൾ കേസെടുക്കാൻ നിർബന്ധിതരായി. ജാമ്യമില്ലാ വകുപ്പിട്ട് ജയ്സണിനെതിരേ കേസ് എടുത്തതിനൊപ്പം പെൺകുട്ടിക്കെതിരേ ഒരു കള്ളക്കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ഈ കേസ് കാട്ടി ജയ്സണിന് എതിരേയുള്ള പരാതി പിൻവലിക്കാൻ പൊലീസിന്റെ സമ്മർദവും ഉണ്ടായി. എന്നാൽ, പെൺകുട്ടിയും മാതാപിതാക്കളും ഉറച്ചു നിന്നതോടെ ആ ശ്രമം പാളി. പൊലീസിന്റെയും സിപിഎമ്മിന്റെയും ഭീഷണിക്ക് ഇവർ വഴങ്ങിയില്ല.
ജയ്സൺ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി തള്ളിയപ്പോൾ സുപ്രീംകോടതിയിൽ പോയി. അവിടെയും അനുകൂലമായ പ്രതികരണം ഉണ്ടായില്ല. എന്നിട്ടും ജയ്സണെ അറസ്റ്റ് ചെയ്യാൻ ആറന്മുള പൊലീസ് തയാറായില്ല. സിപിഎം ജില്ലാ സെക്രട്ടറിയുടെ അനുവാദം കിട്ടാത്തതു കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം കടമ്മനിട്ട കോളജിൽ യൂത്ത് കോൺഗ്രസ് സമരം നടത്തിയപ്പോൾ എത്തിയ ആറന്മുള എസ്എച്ച്ഓ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ആറന്മുള പൊലീസ് സ്റ്റേഷനിൽ നിയമം എല്ലാവർക്കും ഒരു പോലെയല്ലേ എന്ന ചോദ്യം ഉയരുന്നു. പക്ഷേ, ആറന്മുള എസ്എച്ച്ഓയ്ക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ഒരു കുലുക്കവുമുണ്ടായില്ല.