- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കേസിലെ വാറണ്ട് പ്രതിയെ വണ്ടിക്കൂലി കൊടുത്ത് ഇറക്കി വിട്ടു; സ്റ്റേഷൻ ഭരണം കൂട്ടുകാരനായ കരാറുകാരന്; എസ് എഫ് ഐ നേതാവ് മൂക്കിടിച്ചു തകർത്ത കേസ് എടുക്കാൻ വൈകി; പരാതിക്കാരിക്കെതിരേ മൂന്നു കൗണ്ടർ കേസും: ആറന്മുള എസ് എച്ച് ഓയ്ക്കെതിരേ അന്വേഷണത്തിന് ഡിജിപി
പത്തനംതിട്ട: ആറന്മുള എസ്എച്ച്ഓ സികെ മനോജിനെതിരേ അന്വേഷണത്തിന് ഡിജിപിയുടെ ജില്ലാ പൊലീസ് മേധാവിക്ക് ഉത്തരവ് കൊടുത്തു. എസ്എഫ്ഐ നേതാവ് മൂക്കിടിച്ച് തകർത്ത വിദ്യാർത്ഥിനി കൊടുത്ത പരാതിയുടെ അന്വേഷണത്തിൽ വീഴ്ച വരുത്തുകയും അതേ സമയം പരാതിക്കാരിക്ക് എതിരായി മൂന്ന് കൗണ്ടർ കേസുകൾ എടുക്കുകയും ചെയ്ത സംഭവത്തിലാണ് ഡിജിപിയുടെ ഉത്തരവ്. എസ്എഫ്ഐ സംഘത്തിന്റെ ക്രൂരമർദനവും അപമാനവും സഹിക്കേണ്ടി വന്ന പെൺകുട്ടിക്കെതിരേ സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ നീക്കം മാധ്യമങ്ങളിൽ വാർത്തയാവുകയും കേസ് ഒത്തു തീർക്കാൻ പൊലീസ് തന്നെ സമീപിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അന്വേഷണം. പതിവു പോലെ ഈ അന്വേഷണവും അട്ടിമറിക്കപ്പെടുമെന്ന് പൊലീസുകാർ തന്നെ പറയുന്നു.
ഡിസംബർ 20 നാണ് കടമ്മനിട്ട മൗണ്ട് സിയോൺ ലോകോളജിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിനിയെ സഹപാഠിയായ എസ്എഫ്ഐ നേതാവ് മൂക്കിന് ഇടിച്ചും കഴുത്തിന് കുത്തിപ്പിടിച്ചും മർദിക്കുകയും അപമാനിക്കുകയും ചെയ്തത്. എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുകയും ചെയ്തു. മൂക്കിന്റെ പാലം തകർന്നും കഴുത്തിന് പരുക്കുകളുമായും പെൺകുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയത്. അന്നു തന്നെ പൊലീസിൽ അറിയിച്ചെങ്കിലും 21 നാണ് ആശുപത്രിയിലെത്തി ആറന്മുള പൊലീസ് മൊഴിയെടുത്തത്.
എന്നാൽ, എസ്എഫ്ഐ നേതാവിനെതിരേ കേസെടുക്കാൻ ആറന്മുള പൊലീസ് തയാറായില്ല. പകരം ഒത്തുതീർപ്പിന് പൊലീസ് തന്നെ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി ഇന്നലെ ചാനൽ ചർച്ചയിൽ വെളിപ്പെടുത്തതി. എസ്ഐ തന്നെ പച്ചത്തെറി വിളിച്ചു. കേസുമായി ബന്ധപ്പെട്ട് വിളിച്ച വീട്ടുകാരോട് തട്ടിക്കയറി. സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിക്കാനായിരുന്നു നീക്കം. ഇത്രയും മർദനവും വേദനയും സഹിച്ച താൻ ഒരിക്കലും പരാതി പിൻവലിക്കില്ലെന്ന് വിദ്യാർത്ഥിനി പറഞ്ഞപ്പോഴാണ് എസ്ഐ തെറിവിളിച്ചത്.
പൊലീസിന്റെ ഭാഗത്തു നിന്ന് നീതി ലഭിക്കില്ലെന്ന് വന്നപ്പോഴാണ് കെഎസ്‌യു പ്രവർത്തകരെ വിവരം അറിയിച്ചത്. 22 ന് വൈകിട്ട് അവർ താനുമായി ആറന്മുള സ്റ്റേഷനിൽ ചെന്ന് ഉപരോധ സമരം നടത്തി. അതിന്റെ പേരിൽ എസ്എഫ്ഐ നേതാവിനെതിരേ കേസ് എടുത്തു. സ്റ്റേഷൻ ആക്രമിക്കാൻ ചെന്നുവെന്ന് പറഞ്ഞ് കെഎസ്‌യു നേതാക്കൾക്കെതിരേയും ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. പിന്നെയാണ് ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. പരാതിക്കാരിക്കെതിരേ മൂന്നു കൗണ്ടർ കേസുകളാണ് എടുത്തത്. മറ്റൊരു സഹപാഠിയെയും പ്രതികളാക്കി. കോളജിലെ മറ്റൊരു പെൺകുട്ടിയുടെ പരാതിയിലാണ് ഒരു കേസ്.
ജാതിപ്പേര് വിളിച്ചുവെന്ന് ആരോപിച്ച് എസ്.സി/എസ്.ടി ആക്ട് പ്രകാരമാണ് മറ്റൊന്ന്. ക്രൂരമർദനമേറ്റ തനിക്ക് നീതി ലഭിക്കാൻ മൂന്നു ദിവസം വൈകിയപ്പോൾ മിനുട്ട് വച്ചാണ് കള്ളക്കേസുകൾ തനിക്കെതിരേ ചാർജ് ചെയ്തതെന്നും പെൺകുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. പത്തനംതിട്ട എസ്‌പിക്കാണ് അന്വേഷണ ചുമതല. മുൻപും ആറന്മുള എസ്എച്ച്ഓയ്ക്കെതിരേ വകുപ്പുതല അന്വേഷണം നടന്നിരുന്നു. അതെല്ലാം അട്ടിമറിക്കപ്പെടുകയാണുണ്ടായത്. പൊലീസിലെ ഉന്നതബന്ധം കാരണം ഇയാൾക്കെതിരേ നടപടിയെടുക്കാൻ എസ്‌പിക്ക് പോലും കഴിയുന്നില്ലെന്നാണ് പറയുന്നത്.
മയക്കുമരുന്ന് കേസിലെ വാറണ്ട് പ്രതിയെ സെല്ലിൽ നിന്ന് ഇറക്കി വിട്ടത് വണ്ടിക്കൂലിയും കൊടുത്തെന്ന ആരോപണം ഇങ്ങനെ
മയക്കുമരുന്ന് കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിച്ചു നടന്ന വാറണ്ട് പ്രതിയെ കഷ്ടപ്പെട്ടു പിടിച്ചു കൊണ്ടു വന്നത് സിവിൽ പൊലീസ് ഓഫീസർ അഖിൽ ആയിരുന്നു. തമിഴ്‌നാട് അതിർത്തിയിൽ നിന്ന് ബൈക്കിൽ കയറ്റി കഴിഞ്ഞ ഓഗസ്റ്റ് 23 ന് ആറന്മുളയിൽ പ്രതിയെ എത്തിച്ചു. ജിഡിയിൽ ഈ വിവരം രേഖപ്പെടുത്തി പ്രതിയെ സെല്ലിൽ അടച്ചു. അന്ന് കോടതിയിൽ ഹാജരാക്കിയില്ല.
അന്ന് വൈകിട്ട് തന്നെ ഇയാളെ വിട്ടയയ്ക്കാൻ ഇൻസ്പെക്ടർ നിർദ്ദേശം കൊടുത്തു. പക്ഷേ, വിട്ടയച്ചില്ല. ഓഗസ്റ്റ് 24 ന് ഇൻസ്പെക്ടർ വരുമ്പോൾ ഇയാൾ സെല്ലിൽ കിടക്കുന്നത് കണ്ട് ഇറക്കി വിടുകയായിരുന്നു. പോകാനുള്ള വണ്ടിക്കൂലിയും കൊടുത്തു. രണ്ടര മാസത്തിന് ശേഷം സംഭവം പുറത്തു വന്നു. രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് അയച്ചു. മാധ്യമങ്ങളിൽ വാർത്തയും വന്നു. സംഭവം ജില്ലാപൊലീസ് മേധാവി അന്വേഷിച്ചെങ്കിലും യാതൊരു നടപടിയും എസ്എച്ച്ഓയ്ക്ക് എതിരേ ഉണ്ടായില്ല. എസ്‌പിക്ക് ഉന്നതങ്ങളിൽ നിന്നുള്ള സ്വാധിനത്താൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്. പ്രതിയെ വീണ്ടും കണ്ടുപിടിച്ച് കോടതിയിൽ ഹാജരാക്കിയതിനാൽ നടപടി വേണ്ട എന്ന വിചിത്രമായ മറുപടിയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്നത്.
സ്റ്റേഷൻ ഭരണം എസ്എച്ച്ഓയുടെ ശിങ്കിടിക്ക് എന്നും ആക്ഷേപം
സ്റ്റേഷൻ ഭരണം എസ്എച്ച്ഓയുടെ ശിങ്കിടിയാണ് നടത്തുന്നതെന്ന് ആരോപിച്ചത് ഇതേ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് ആണ്. തനിക്ക് കിട്ടിയ മെമോയ്ക്ക് ഉമേഷ് കൊടുത്ത മറുപടിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. അതിങ്ങനെയാണ്.
'കോടീശ്വരനായ സുഹൃത്ത് അങ്ങയുടെ തണലിൽ സ്റ്റേഷനിൽ പൊലീസുകാരന്റെ മേശപ്പുറത്ത് കയറിയിരുന്ന് ഉത്തരവുകളിടുന്നു. ശിങ്കിടിയെ വകവയ്ക്കാത്തവരെ അങ്ങ് നെട്ടോട്ടമോടിക്കുന്നു. അങ്ങയുടെ സ്റ്റേഷനിലെ പൊലീസുകാർ ഗതികെട്ട് വോളണ്ടറി റിട്ടയർമെന്റിന് അപേക്ഷ കൊടുക്കുന്നു. കാണാതായ പൊലീസുകാരനെ ആത്മഹത്യാ മുനമ്പിൽ നിന്ന് സഹപ്രവർത്തകർ കണ്ടെടുത്തതുകൊണ്ട് മാത്രം അയാൾ ജീവിച്ചിരിക്കുന്നു. ആത്മഹത്യ ചെയ്യാതിരിക്കാൻ വേണ്ടി മാത്രം പൊലീസുകാർ അവധിയിൽ പോകുന്നു.'
എസ്എച്ച്ഓയുടെ ശിങ്കിടി ഒരു കരാറുകാരനാണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബന്ധുവിന്റെ തിരോധാന കേസ് അന്വേഷിക്കുന്നത് ശരിയായിട്ടല്ലെന്ന് പറഞ്ഞ് ഇയാൾ ഒരു എസ്ഐയുടെ മേൽ കുതിര കയറാൻ ചെന്നു. എസ്ഐ തക്കതായ മറുപടി കൊടുത്തു. ഇതിന്റെ പേരിൽ എസ്ഐക്ക് എസ്എച്ച്ഓ അവധി നിഷേധിച്ചു. എസ്ഐ ഡിവൈഎസ്‌പിയെ സമീപിച്ച് അവധി അനുവദിച്ച് മേടിക്കുകയായിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ മോഷണക്കേസിലെ പ്രതി, ഒതുക്കാൻ ശ്രമം നടത്തി
അതിഥിത്തൊഴിലാളികളുടെ ക്യാമ്പിൽ കയറി മൊബൈൽ ഫോണും പണവും മോഷ്ടിച്ച കേസിൽ നാലു പ്രതികളാണ് ആകെയുണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ അന്ന് തന്നെ പിടികൂടി. ഇവരുടെ ചിത്രം സഹിതം മാധ്യമങ്ങൾക്ക് വലിയ വാർത്തയും നൽകി. പിടിയിലായവരിൽ നിന്ന് മുഖ്യപ്രതിയെ കുറിച്ച് വിവരം കിട്ടി. കസ്റ്റഡിയിൽ എടുത്തപ്പോൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ.
പാർട്ടിക്കാർ ഒന്നടങ്കം സ്റ്റേഷനിൽ ചെന്നു. പ്രതിയായ യുവാവ് നിരവധി മോഷണങ്ങൾ നടത്തി. നേരത്തേ അറസ്റ്റിലായ മൂന്നു പേരെയും ഇയാളാണ് മോഷണത്തിലേക്ക് നയിച്ചത്. കേസൊതുക്കണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു. പക്ഷേ, അതിനോടകം മറുനാടൻ ഈ വാർത്ത പുറത്തു വിട്ടു. ഇതോടെ കേസ് ഒതുക്കാൻ കഴിയാതെ ആയി. പക്ഷേ, പ്രതി പിടിയിലായ വിവരം മാധ്യമങ്ങൾക്ക് കൊടുത്തില്ല. ജില്ലാ പൊലീസ് മേധാവിയുടെ പിആർഓ അടക്കം ബന്ധപ്പെട്ടെങ്കിലും വാർത്ത നൽകാതെ ഒഴിഞ്ഞു മാറി. വാർത്ത ലഭ്യമാക്കുമെന്ന് പത്തനംതിട്ട ഡിവൈ.എസ്‌പി ഉറപ്പു നൽകിയെങ്കിലും പാലിക്കാൻ കഴിഞ്ഞില്ല.
എസ്എച്ച്ഓയുടെ പീഡനം ഉമേഷ് വള്ളിക്കുന്നിലിന്റെ വാക്കുകളിലൂടെ
അധികാരവും അവിഹിത സ്വാധീനങ്ങളും ദുരുപയോഗപ്പെടുത്തി കീഴുദ്യോഗസ്ഥരെ മനുഷ്യത്വ രഹിതമായ രീതിയിൽ പീഡിപ്പിക്കുകയും മാനസിക സംഘർഷത്തിലാക്കുകയും ചെയ്യുന്ന അങ്ങയുടെ ശീലം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുന്നതിനും ഈ അവസരം വിനിയോഗിക്കട്ടെ. കോടതിയുടെ വാറണ്ട് പ്രകാരം അഖിൽ എന്ന പൊലീസുകാരൻ തമിഴ്‌നാട് അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടു വന്ന മയക്കുമരുന്ന് കേസിലെ വാറണ്ട് പ്രതിയെ സ്റ്റേഷനിൽ നിന്ന് അങ്ങ് വിട്ടയച്ച വിവരം രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മാധ്യമങ്ങളിൽ വാർത്തയായിട്ടും അങ്ങയെ സംരക്ഷിച്ചു നിർത്തുകയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അടക്കമുള്ള നമ്മുടെ മേലുദ്യോഗസ്ഥർ. അങ്ങാകട്ടെ പ്രതിയെ രക്ഷപ്പെടുത്തിയ കേസിൽ എനിക്ക് പണി കിട്ടിയാൽ ഇവിടെയുള്ള മൂന്നാല് പേരുടെയെങ്കിലും പണിയും പോകുമെന്ന് ഭീഷണിപ്പെടുത്തി സ്റ്റേഷനിൽ വാഴുന്നു. ശബരിമല ഡ്യൂട്ടിയിലുള്ള മുബാറക്കിനെയും ആറര മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോയ ഹരിയെയും കിരണിനെയുമൊക്കെ അങ്ങയുടെ ഷട്ടിൽ കളി കഴിഞ്ഞു വന്ന് രാത്രി എട്ടിന് ആബ്സന്റ് എഴുതി രസിക്കുന്നു. കേസെഴുതുന്നവനോട് ജില്ലാ സെക്രട്ടറിക്ക് ഇഷ്ടപ്പെടില്ലെഞ്ഞ് പറഞ്ഞ് കയർക്കുന്നു. അന്തസുള്ള പൊലീസുകാരന്റെ വായിൽ നിന്ന് ചുട്ടമറുപടി കിട്ടുമ്പോൾ അതിന്റെ കലിപ്പ് പാവപ്പെട്ട പൊലീസുകാരനെ തെറിവിളിച്ച് തീർക്കുന്നു. 12 മണിക്കൂർ ജിഡി ഡ്യൂട്ടി 30 മണിക്കൂറാക്കി രസിക്കുന്നു. പ്രമുഖ സിനിമാതാരത്തിന്റെ ഉദ്ഘാടന പരിപാടിക്ക് പൊലീസുകാരെ വിറ്റ് കാശാക്കുന്നു. കോടീശ്വരനായ സുഹൃത്ത് അങ്ങയുടെ തണലിൽ സ്റ്റേഷനിൽ പൊലീസുകാരന്റെ മേശപ്പുറത്ത് കയറിയിരുന്ന് ഉത്തരവുകളിടുന്നു. ശിങ്കിടിയെ വകവയ്ക്കാത്തവരെ അങ്ങ് നെട്ടോട്ടമോടിക്കുന്നു. അങ്ങയുടെ സ്റ്റേഷനിലെ പൊലീസുകാർ ഗതികെട്ട് വോളണ്ടറി റിട്ടയർമെന്റിന് അപേക്ഷ കൊടുക്കുന്നു. കാണാതായ പൊലീസുകാരനെ ആത്മഹത്യാ മുനമ്പിൽ നിന്ന് സഹപ്രവർത്തകർ കണ്ടെടുത്തതുകൊണ്ട് മാത്രം അയാൾ ജീവിച്ചിരിക്കുന്നു. ആത്മഹത്യ ചെയ്യാതിരിക്കാൻ വേണ്ടി മാത്രം പൊലീസുകാർ അവധിയിൽ പോകുന്നു.
ഇനി, ഇത്രയൊക്കെ പറഞ്ഞതിന്റെ പേരിൽ എനിക്കെതിരേ നടപടിയെടുക്കാൻ, ഈ അവധി അപേക്ഷ പൂഴ്‌ത്തുന്ന കൂതറ പരിപാടിയല്ലാതെ എന്തെല്ലാം വഴിയുണ്ട് സാറേ... മെഡിക്കൽ രേഖകളുടെയും ചികിൽസയുടെയും നിജസ്ഥിതി അന്വേഷിച്ചു നോക്കു. അതല്ലെങ്കിൽ ഈ അവധിക്കാലത്ത് ഞാൻ എന്തു ചെയ്യുകയായിരുന്നു എന്നൊന്ന് അന്വേഷിച്ച് നോക്കൂ. കല്യാണം നടത്തലും കോഴിക്കോട്ടെ നാടകങ്ങളുടെ പിന്നാലെ നടക്കലും സെക്കൻഡ് ഇന്നിങ്സ് സിനിമയിലെ അഭിനയവും പത്താം ക്ലാസിലെ മക്കളെ പഠിപ്പിക്കലും ഷഹബാസ് അമന്റെയും ഇംതിയാസ് ബീഗത്തിന്റെയും ആതിരയുടെയും പാട്ടുകേൾക്കലും ഒക്കെയായി ഹാപ്പിയായിരുന്നു സാറേ. നമ്മുടെ ക്യാമ്പ് ഹൗസ് കോമഡികളുടെ ഒരു തിരക്കഥയും എഴുതിയിട്ടുണ്ട്. നല്ല രസാണ് സാറേ. അവസാനം സ്‌കൂൾ കുട്ടികൾക്ക് ഒരു പുസ്തകമിറക്കാനും കൂടെ കൂടിക്കൊടുത്തു. ചത്ത പൂച്ചകൾ വഴക്കിടുമോ എന്നാണതിന്റെ പേര്. മക്കള് കിടിലൻ എഴുത്താണ് സാറേ! ഇതിനൊക്കെ പകരം പത്തു പൈസയുടെ വെളിവില്ലാത്ത ഒരു മേലാപ്പീസറുടെ തെറിയും കേട്ട് സ്റ്റേഷനിലെ കക്കൂസിൽ തൂങ്ങിമരിക്കാൻ താൽപര്യമില്ല എന്ന് വിനയപൂർവം ബോധിപ്പിക്കുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്