- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂത്തുക്കുടി തുറമുഖത്ത് ഇന്തോനേഷ്യൻ അടയ്ക്ക ശ്രീലങ്കൻ അടയ്ക്കയാണെന്ന വ്യാജേനയുള്ള കള്ളക്കടത്ത്; വ്യാജ കൺട്രി ഓഫ് ഒറിജിൻ സർട്ടിഫിക്കറ്റ് കാട്ടി കസ്റ്റംസ് തീരുവ വെട്ടിക്കൽ; മലയാളികൾ അടക്കമുള്ള വൻഇറക്കുമതി ലോബിയുടെ 12 ഓളം കണ്ടെയ്നുകൾ ഡിആർഐ കണ്ടുകെട്ടി
തൂത്തുക്കുടി : തൂത്തുക്കുടി തുറമുഖം വഴിയുള്ള അടയ്ക്ക കള്ളക്കടത്ത് കേസിൽ, 12 കണ്ടെയ്‌നറുകൾ ഡി ആർ ഐ കണ്ടു കെട്ടി. തുറമുഖം വഴി ശ്രീലങ്കയുടെ വ്യാജ കൺട്രി ഓഫ് ഒറിജിൻ ഉപയോഗിച്ച് ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത് കസ്റ്റംസ് തീരുവ വെട്ടിക്കുന്ന മലയാളികൾ അടക്കമുള്ള വൻ ശൃംഖലയിൽ പെട്ടവരുടെ 12 ഓളം കണ്ടെയ്‌നറുകളാണ് ഡി ആർ ഐ യുടെ ഇൻഡോർ സോണൽ യൂണിറ്റ് കണ്ടു കെട്ടിയത്. കൂടാതെ തൂത്തുക്കുടി തുറമുഖത്ത് കസ്റ്റംസിൽ ഫയൽ ചെയ്യാതെ കിടക്കുന്ന ചില കണ്ടെയ്‌നറുകളും ഡി ആർ ഐ നീരീക്ഷണത്തിലാണ്.
മലയാളികളായ ഇറക്കുമതിക്കാർ കൂടാതെ ഒരു തിരുപ്പൂർ അഡ്രസ്സിൽ ഇറക്കുമതി ലൈസൻസ് ഉള്ള ഒരു ക്ലിയറിങ് ഏജന്റിനോടൊപ്പം ഇത്തരം തട്ടിപ്പ് ചരക്കുകൾ മാത്രം ക്ലിയർ ചെയുന്ന സ്വന്തം പേരിൽ ലൈസൻസില്ലാത്ത തൂത്തുക്കുടിയിലെ ഒരു ക്ലിയറിങ് സബ് ഏജന്റിനെയും ഡി ആർ എ നോട്ടമിട്ടതായി അറിയുന്നു. തൂത്തുക്കുടി തുറമുഖം കൂടി അടയ്ക്ക ഇറക്കുമതി നിയന്ത്രണം കണിശമാക്കിയപ്പോൾ ഉത്പന്നം മാറ്റിക്കാണിച്ചുള്ള ഇറക്കുമതിയും വ്യാപകമായുണ്ട്.
അന്വേഷണം കേരളത്തിലെ അടയ്ക്ക കച്ചവടക്കാരിലേക്കും
തൂത്തുക്കുടി, ചെന്നൈ, എന്നിവിടങ്ങൾ കൂടാതെ മുൻ കാലങ്ങളിൽ വിശാഖപട്ടണം തുറമുഖം വഴി ഇന്തോനേഷ്യയിൽ നിന്നും, ബർമ്മയിൽ നിന്നും കള്ളക്കടത്ത് വഴി വരുന്ന അടയ്ക്ക മാത്രം എടുത്ത് വില്പന നടത്തുന്ന ചില കച്ചവടക്കാരും ഇടനിലക്കാരും വയനാട്ടിലെ കല്പറ്റ യും പരിസര പ്രദേശങ്ങളിലും സജീവമായുണ്ട്.
ഉല്പന്നം മാറ്റി കാണിച്ച് കസ്റ്റംസിനെ വെട്ടിച്ചാണ് ഈ അടയ്ക്കകൾ ഇറക്കുമതി ചെയ്യുന്നത്. ഇവർക്ക് യഥാർത്ഥത്തിൽ അടക്കയുടെ ബില്ലുകൾ ഉണ്ടാകില്ല. അവർക്ക് വ്യാജ അടയ്ക്ക ബില്ലുകൾ നൽകാൻ പെരുമ്പാവൂർ കേന്ദ്രീകരിച്ച് വൻ റാക്കറ്റ് തന്നെ നിലവിലുണ്ട്. ഈ വ്യാജബില്ലുകളിലൂടെ അഭ്യന്തര ഹവാല ഇടപാടുകളും സജീവമാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് അടയ്ക്കയുടെ ബില്ലിലെ ജി എസ് ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ റെയ്ഡും ഒരു വയനാട്ടിൽ അറസ്റ്റും നടന്നിരുന്നു.
കൊറോണക്ക് മുമ്പ് ഡൽഹി ഡ്രൈ പോർട്ട് വഴിയും കാണ്ട്ല തുറമുഖവും വഴിയായിരുന്നു കള്ളക്കടത്തുകാർ ഇറക്കുമതി ചെയ്തിരുന്നത്. അവിടങ്ങളിൽ കസ്റ്റംസും ഡി ആർ ഐ യും പിടിമുറുക്കിയതോട് കൂടിയാണ് അടയ്ക്ക കള്ളക്കടത്തുകാർ തൂത്തുക്കുടിയിലേക്ക് ചേക്കേറിയത്.
മുൻ കാലങ്ങളിലും മാന്യമായ ചെറുകിട ഇറക്കുമതി വ്യാപാരികൾ തൂത്തുക്കുടി തുറമുഖം വഴി ചെറിയ തോതിൽ അടക്കം ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ കള്ളക്കടത്തുകാരുടെ വരവോടെ മാന്യമായ ഇറക്കുമതി ചെയ്യുന്ന വ്യാപാരികളെയും സംശയത്തിന്റെ കണ്ണുകളോടെയാണ് അധികൃതർ കാണുന്നതെന്ന് കല്പറ്റയിൽ നിന്നുള്ള ഒരു ഇറക്കുമതി വ്യാപാരി പറഞ്ഞു.