മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് കസ്റ്റഡിലെടുത്ത ശേഷം വിട്ടയച്ചതിന് പിന്നാലെ ഛർദ്ദിച്ചു മരണപ്പെട്ട മിയാപ്പദവ് മതലക്കട്ടയിലെ പരേതനായ അബ്ദുല്ല-ആമിന ദമ്പതികളുടെ മകൻ മുഹമ്മദ് ആരിഫ് (22) ന്റെ മരണത്തിലെ ദുരൂഹത നീക്കി പൊലീസ്. സംഭവത്തിൽ ആരിഫിന്റെ സഹോദരി ഭർത്താവ് അബ്ദുൽ റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് മിയാപ്പദവിന് സമീപത്ത് കഞ്ചാവ് ലഹരിയിൽ ചിലർ അഴിഞ്ഞാടുന്ന വിവരം കിട്ടിയതിനെ തുടർന്ന് സ്ഥലത്ത് പൊലീസ് എത്തുകയും അവിടെ കണ്ട ആരിഫിനെ കസ്റ്റഡിയിലെടുക്കുകയും രാത്രി എട്ടുമണിയോടെ ബന്ധുക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിട്ടയക്കുകയുമാണുണ്ടായത്.

എന്നാൽ തിങ്കളാഴ്ച പുലർച്ചയോടുകൂടി ആരിഫ് ഛർദിച്ചിരുന്നു, എന്നാൽ ഇത് വലിയ ഗൗരവത്തിൽ കുടുംബാംഗങ്ങൾ എടുത്തിരുന്നില്ല തുടർന്ന് കുളികഴിഞ്ഞ് വസ്ത്രം മാറുന്നതിനിടയിൽ വീണ്ടും ചർദ്ദിക്കുകയും ശരീരം തളരുകയും ചെയ്തതോടെ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വഴിയിൽ വച്ചാണ് യുവാവ് മരണപ്പെട്ടത്. തുടർന്ന് മൃതദേഹം മംഗൽപാടി ആശുപത്രിയിലേക്കും വിദഗ്ധ പോസ്റ്റുമോട്ടത്തിനായി പരിയാരത്തേക്കും മാറ്റി.

ആരിഫിന്റെ ശരീരത്തിൽ നിരവധി മർദ്ദനമേറ്റ പാടുകൾ ഉള്ളതിനാൽ പൊലീസ് മർദ്ദനമാണെന്ന് കുടുംബാംഗങ്ങളിൽ ചിലർ ആദ്യം പ്രതികരിച്ചത്. ഇതിനിടയിൽ ആരിഫ് പൊലീസ് സ്റ്റേഷനിൽ നിന്നും തിരിച്ചു വരുന്ന വഴിയിൽ വെച്ച് ബൈക്കിൽ നിന്നും ചാടിയിരുന്നതായും തലക്ക് പരിക്കേറ്റിരുന്നതായും പ്രചരിച്ചു. പക്ഷെ പൊലീസ് മർദ്ദിച്ചു എന്നുള്ള കഥക്കാണ് കൂടുതൽ പ്രചരണം ലഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് മികച്ച അന്വേഷണമാണ് നടത്തിയത്. അബ്ദുറഷീദിന്റെ രണ്ടു സുഹൃത്തുക്കളെയാണ് സംശയത്തിന് അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. .സഹോദരി ഭർത്താവും ഭർത്താവിന്റെ സുഹൃത്തുക്കളും ചേർന്ന് നടത്തിയ മർദ്ദനമാണ് ആരിഫിന്റെ മരണകാരണമെന്നും തിരിച്ചറിഞ്ഞതോടെയാണ് അബ്ദുറഷീദിനെ അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ രണ്ടു പേരും പൊലീസ് കസ്റ്റഡിയിൽ തന്നെയാണുള്ളത്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സിഗ്‌നറ്റ് വലിച്ചു തുടങ്ങിയ ആരിഫ് എട്ടാം ക്ലാസത്തുമ്പോഴേക്കും കഞ്ചാവിന് അടിമയായിരുന്നു . കഞ്ചാവ് വലിച്ചതിനും ഇത് തുടർന്നുണ്ടാക്കുന്ന മറ്റു പ്രശ്‌നങ്ങൾക്കും 21 വയസ്സിന്റെ കാലയളവിൽ നിരവധി തവണ പൊലീസ് പിടികൂടിയിരുന്നു. പ്രായം കണക്കിലെടുത്ത് പലപ്പോഴും താക്കീത് ചെയ്ത് കുടുംബാംഗങ്ങളോടൊപ്പം വിട്ടയക്കുകയായിരുന്നു പൊലീസ് ചെയ്തിരുന്നത്. ആരിഫിനെ ലഹരിയിൽ നിന്നും അകറ്റാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്ന സഹോദരി ഭർത്താവാണ്. നിരവധി ഇടങ്ങളിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ഒന്നും ഫലപ്രദമായില്ല.

വീട്ടിൽ മാതാവിനും ആരിഫ് വലിയ തലവേദന ആയി മാറിയിരുന്നു. മാതാവിനെ അസഭ്യം പറയുക മർദ്ദിക്കുക ഭക്ഷണം വലിച്ചെറിയുക വൈകി വീട്ടിൽ എത്തുക തുടങ്ങിയ ഉപദ്രവങ്ങൾ വീട്ടിൽ പതിവായി ആരിഫ് ഉണ്ടാക്കുമായിരുന്നു. ആരിഫിന് കുട്ടിക്കാലത്ത് മുതൽ നിയന്ത്രിക്കാൻ ആരും ഉണ്ടായിരുന്നില്ല. നിരവധി തവണ സഹോദരി ഭർത്താവും സുഹൃത്തുക്കളും ആരിഫിനെ ഉപദേശിക്കുകയും താക്കീത് നൽകുകയും ചെയ്തിരുന്നു.

ഞായറാഴ്ച അമ്പലത്തിലെ ഉത്സവം പറമ്പിൽ കഞ്ചാവടിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിച്ചപ്പോഴാണ് പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചതും പതിവുപോലെ സഹോദരി ഭർത്താവ് വന്ന് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തത്. തുടർന്ന് സഹോദരി ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ ഉപദേശിക്കുകയും ചെയ്യുന്നതിനിടെ പ്രകോപനത്താൽ സഹോദരി ഭർത്താവ് സുഹൃത്തുക്കളും മർദ്ദിച്ചത്. പ്രദേശം കേന്ദ്രീകരിച്ച് സമാനരീതിയിൽ തന്നെ 13 വയസ്സ് മുതൽ കഞ്ചാവ് ഉപയോഗിച്ച് വരുന്ന നിരവധി യുവാക്കൾ ഉണ്ടെന്നും ഇപ്പോഴും ഇത് തുടരുകയാണെന്നും പൊലീസ് പറയുന്നു.