- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാസർകോട്ടെ ആരിഫിന്റെ മരണം ആൾക്കൂട്ട കൊലപാതകം
കാസർകോട്: മീഞ്ച, മദക്കളയിലെ മൊയ്തീൻ ആരിഫിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഇനി പിടികൂടാനുള്ള പ്രതികൾ ഒളിവിൽ പോയതായി പൊലീസ്. ഇവർ ബംഗളൂരുവിലേയ്ക്കും ചെന്നൈയിലേയ്ക്കും കടന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണ സംഘം അങ്ങോട്ടേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
അതേസമയം അറസ്റ്റിലായ കുഞ്ചത്തൂർ, കണ്വതീർത്ഥ, റെയിൽവെ ഗേറ്റിനു സമീപത്തെ ഷൗക്കത്തലി (39) അബൂബക്കർ സിദ്ദീഖ് (33) എന്നിവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ കെ രാജീവ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അറസ്റ്റിലായ അബ്ദുൽ റഷീദ് റിമാന്റിലാണ്.
കഞ്ചാവ് കേസിൽ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്ത് ബന്ധുവിനൊപ്പം വിട്ടയച്ച മൊയ്തീൻ ആരിഫ് തിങ്കളാഴ്ചയാണ് മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. മരണത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവത്തിൽ ഒൻപതു പേർക്കെതിരെയാണ് കേസെടുത്തത്. മൂന്നു പേർ അറസ്റ്റിലായതോടെ മറ്റു പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. നൗഷാദ്. അറഫാസ്, മുന്ന. ഷബീർ. നൗഫൽ, സിനാൻ തുടങ്ങിയ എട്ടോളം പ്രതികളാണ് കടന്നുകളഞ്ഞത്.
അതേസമയം ആരിഫ് നേരിട്ടത് ക്രൂരമായ മർദ്ദനമാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ആരിഫിന്റെ ശരീരത്തിലെ വയറുഭാഗത്തേക്ക് മാത്രം 60 ഓളം ശക്തമായ മർദ്ദനമേറ്റിരുന്നതായാണ് പറയപ്പെടുന്നത്. ചെവി മുറിഞ്ഞിരുന്നു. ലൈംഗിക അവയങ്ങൾക്കും കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട്.
ഇനി ആരിഫ് ആരാണ് ?എന്താണ് ?എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് പരിശോധിക്കാം:
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സിഗരറ്റ് വലിച്ചു തുടങ്ങിയ ആരിഫ് എട്ടാം ക്ലാസത്തുമ്പോഴേക്കും കഞ്ചാവിന് അടിമയായിരുന്നു. കഞ്ചാവ് വലിച്ചതിനും ഇത് തുടർന്നുണ്ടാക്കുന്ന മറ്റു പ്രശ്‌നങ്ങൾക്കും 21 വയസ്സിന്റെ കാലയളവിൽ നിരവധി തവണ പൊലീസ് പിടികൂടിയിരുന്നു. പ്രായം കണക്കിലെടുത്ത് പലപ്പോഴും താക്കീത് ചെയ്ത് കുടുംബാംഗങ്ങളോടൊപ്പം വിട്ടയക്കുകയായിരുന്നു പൊലീസ് ചെയ്തിരുന്നത്. ആരിഫിനെ ലഹരിയിൽ നിന്നും അകറ്റാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്ന സഹോദരി ഭർത്താവാണ്. നിരവധി ഇടങ്ങളിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ഒന്നും ഫലപ്രദമായില്ല.
വീട്ടിൽ മാതാവിനും ആരിഫ് വലിയ തലവേദന ആയി മാറിയിരുന്നു. മാതാവിനെ അസഭ്യം പറയുക മർദ്ദിക്കുക, ഭക്ഷണം വലിച്ചെറിയുക വൈകി വീട്ടിൽ എത്തുക തുടങ്ങിയ ഉപദ്രവങ്ങൾ വീട്ടിൽ പതിവായി ആരിഫ് ഉണ്ടാക്കുമായിരുന്നു. ആരിഫിന്റെ പിതാവ് പരേതനായ അബ്ദുല്ല സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ ആരിഫിന് കുട്ടിക്കാലത്ത് മുതൽ നിയന്ത്രിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഇവരുടെ സ്വത്ത് വകകൾ കുടുംബാംഗങ്ങൾ തന്നെ തട്ടിയെടുത്തതുകൊണ്ട് സാമ്പത്തികമായ പ്രയാസങ്ങൾ നേരിട്ടതിനാൽ ആരിഫിന് ശരിയായ രീതിയിൽ ചികിത്സിക്കാനോ മറ്റു വിദ്യാഭ്യാസമോ നൽകാനോ മാതാവിന് സാധിച്ചില്ല. ഇവരുടെ പ്രയാസം മനസ്സിലാക്കി ഹാരിസിനെ സഹോദരിയെ കല്യാണം കഴിച്ചതാണ് അബ്ദുൽ റഷീദ്.
ഞായറാഴ്ച അമ്പലത്തിലെ ഉത്സവം പറമ്പിൽ കഞ്ചാവടിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിച്ചപ്പോഴാണ് പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചതും പതിവുപോലെ സഹോദരി ഭർത്താവ് വന്ന് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തത്. തുടർന്ന് സഹോദരി ഭർത്താവും ഉപദേശിക്കുകയും തല്ലുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ സുഹൃത്തുക്കളും മറ്റുചിലരും രംഗത്ത് വരികയും അതിക്രൂരമായ മർദ്ദനമുറകൾ ആരിഫിന് മേലിൽ നടത്തുകയും ചെയ്തു. ഉപദേശം നൽകുക എന്നുള്ളതിൽ കവിഞ്ഞ് പ്രതികൾക്ക് ക്രൂരമായ മർദ്ദനമുറകൾ പുറത്തെടുക്കാനുള്ള ഒരു അവസരമാക്കി ഈ സന്ദർഭം മാറ്റിയെന്നും പറയപ്പെടുന്നു. മർദ്ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം ചർദ്ദിക്കുകയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴിയിൽ വച്ച് മരണപ്പെടുകയും ചെയ്തു.
പൊലീസിന്റെ മർദ്ദനമാണ് മരണകാരണമെന്ന് ആദ്യം പ്രചരിപ്പിച്ചെങ്കിലും പൊലീസ് കൃത്യമായി അന്വേഷണം നടത്തി പ്രചരണങ്ങൾ ഒക്കെ പൊളിച്ചടുക്കി നൽകി. പൊലീസിന് നിലവിൽ ഏറ്റവും തലവേദന സൃഷ്ടിക്കുന്നത് 15 വയസ്സ് മുതൽ 22 വയസ്സുള്ള യുവാക്കൾ ആണെന്നാണ് പൊലീസ് പറയുന്നത് ഇവരിൽ പലരും 13 വയസ്സ് മുതൽ കഞ്ചാവ് ഉപയോഗിച്ച് വരുന്ന യുവാക്കൾ ഉണ്ടെന്നും പറയുന്നു. ഇത്തരം ആളുകൾക്ക് വക്കാലത്തുമായി രാഷ്ട്രീയപാർട്ടിയിലെ പ്രമുഖരായ ചില അംഗങ്ങൾ വരുന്നത് അങ്ങേയറ്റം അപഹാസ്യമാണെന്ന് പൊലീസുകാർ അടക്കം പറയുന്നുണ്ട്. എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ ഞങ്ങൾ കൂടെയുണ്ടെന്ന് ഒരു സന്ദേശമാണ് ഇതിലൂടെ രാഷ്ട്രീയക്കാർ ഇത്തരം യുവാക്കൾക്ക് നൽകുന്നതെന്നും പൊലീസ് പറയുന്നുണ്ട്.