- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൗക്കത്തലി മുടക്കോഴി മലയിൽ പോയി കൊടി സുനിയെയും ടീമിനെയും വലയിൽ ആക്കിയെങ്കിൽ, അർജ്ജുൻ ആയങ്കിയെ പൊക്കാൻ നമുക്ക് എന്തുകൊണ്ട് പറ്റില്ലെന്ന് മലപ്പുറം എസ്‌പി; അരവഞ്ചാലിലെ മലമുകളിൽ നിന്ന് ആയങ്കിയെയും കൂട്ടാളികളെയും പിടികൂടിയത് രഹസ്യഫോൺ കോളിനെ തുടർന്ന്; ഫേസ്ബുക്കിൽ സ്റ്റാറ്റസുകൾ മാറിയിട്ട് കളിച്ച ഇടതുസൈബർ പോരാളിക്ക് വിനയായത് അമിത ആത്മവിശ്വാസം
കണ്ണൂർ: ടി.പി വധക്കേസിലെ പ്രതികളെ ഈച്ച പോലും കയറാത്ത മുടക്കോഴിമലയിൽ കയറി പൊക്കിയതിനു സമാനമായാണ് അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പിടികൂടിയത്. മലപ്പുറം പൊലീസാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ പെരിങ്ങോം അരവഞ്ചാലിലെ റിസോർട്ടിൽ നിന്നും രാത്രിയുടെ മറവിൽ പിടികൂടിയത്. അതീവരഹസ്യമായാണ് ഇവർ ഇവിടെ താമസിച്ചിരുന്നതെങ്കിലും വിവരങ്ങൾ ചോരുകയായിരുന്നു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചു സ്വർണം കടത്തിയവരിൽ നിന്നും സ്വർണം തട്ടിയെടുക്കുന്ന പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട പ്രതി അർജുൻ ആയങ്കി (28)യെയും കൂട്ടാളികളെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാനായി മലപ്പുറത്തേക്ക് കൊണ്ടു പോയിട്ടുണ്ട്. അഴീക്കൽ സ്വദേശി നിറച്ചൻ വീട്ടിൽ പ്രണവ് എന്ന കാപ്പിരി പ്രണവ്(25) പെരിങ്ങോം അരവഞ്ചാൽ സ്വദേശി കാണിച്ചേരി സനൂജ്(22) തിരുവനന്തപുരം വെമ്പായം സ്വദേശി എ. എൻ മൻസിലിൽ നൗഫൽ(26) എന്നിവരെയാണ് അരവഞ്ചാലിൽ നിന്നും പിടികൂടിയത്.
പെരിങോം അരവഞ്ചാലിലെ മലമുകളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ശനിയാഴ്‌ച്ച പുലർച്ചെ ഒരുമണിയോടെ പ്രത്യേക അന്വേഷണസംഘം ഇവരെ സാഹസികമായി പിടികൂടിയത്. എന്നാൽ ഇയാളെ പിടിക്കുകയെന്നതു അന്വേഷണ സംഘത്തിനും വലിയ വെല്ലുവിളിയായി. പ്രതി തന്റെ ഫേസ്‌ബുക്ക് പേജിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സ്റ്റാറ്റസാക്കിയും മറ്റും താൻ ഇവിടങ്ങളിലുണ്ടെന്ന രീതിയിൽ മെസ്സേജുകൾ വയ്ക്കും. എന്നാൽ ഇവിടെയൊന്നും പ്രതിയെ തട്ടിയാൽ പൊടിപോലും ലഭിക്കില്ലെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. പിന്നീടാണ് കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ആയങ്കിയെ പിടിച്ചെവരൂ എന്ന തീരുമാനത്തിൽ മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഇൻസ്പക്ടർ ജോബി തോമസും സംഘവും ഇറങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളൊഴികെ മറ്റു ജില്ലകളിലെല്ലാം സംഘമെത്തി. പ്രതിയുമായി സൂചനയുള്ളവരെപോലും അന്വേഷിച്ചു കണ്ടെത്ത ചോദ്യംചെയ്തു. അതോടൊപ്പം അന്വേഷണം ഗുണ്ടൽപേട്ടയിലുമെത്തിയിരുന്നു.
മലപ്പുറം എസ്‌പി സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി ഡി.വൈ. എസ്‌പി കെ. അഷ്റഫ്, മലപ്പുറം സി. ഐ ജോബി തോമസ്, കരിപ്പൂർ സി. ഐ ഷിബു, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ പി.സഞ്ജീവ്, രതീഷ്,സബീഷ്, ഷബീർ, സഹേഷ്,സാദിഖലി റഹ്മാൻ, ഹമീദലി, സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ പൊലീസ് സംഘം
പ്രതികളെ അറസ്റ്റു ചെയ്തത്.
ഇവർ ഉപയോഗിച്ച ആൾട്ടോകാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പിന്നീട് മലപ്പുറത്തേക്ക് കൊണ്ടു പോയി. ഇവിടെ നിന്നും വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ തിരുവനന്തപുരം സ്വദേശിയായ നൗഫലിനെ വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ നിന്നും അറസ്റ്റു ചെയ്തിരുന്നു. യുവജനക്ഷേമ ബോർഡിൽ വെമ്പായം പഞ്ചയത്ത് കോർഡിനേറ്ററാണ് നൗഫൽ. കരിപ്പൂരിൽ ഒരുമാസം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ അർജുൻ മുങ്ങിയതോടെ ഇയാളെ കണ്ടെത്തുന്നതിനായി പൊലിസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു.
ഉമ്മർകോയയെന്ന ആളുമായി ചേർന്ന് സ്വർണം പൊട്ടിക്കൽ നടത്തിയ കേസിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ദുബായിയിൽ നിന്ന് എത്തിച്ച 975ഗ്രാം സ്വർണം കരിപ്പൂരിൽ നിന്നെത്തിച്ചുവെന്നാണ് കേസ്. ഈ കേസിൽ പരപ്പനങ്ങാടി സ്വദേശികളായ കുഞ്ഞിക്കാല പുരയ്ക്കൽ മൊയ്തീൻകോയ, പള്ളിച്ചൽ പുരയ്ക്കൽ അബ്ദുൽ റൗഫ്, നിറമരുതുർ, ലിൻചുവട് പുതിയകത്ത് സുഹൈൽ, യാത്രക്കാരനായ തിരൂർ കാളാട് കാവിൽ മഹേഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
റിമാൻഡിലായ ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യവേയാണ് സംഭവത്തിൽ അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തമാവുന്നത്. ഇതോടെ കരിപ്പൂരിൽ സ്വർണം തട്ടാൻ ഒത്താശ ചെയ്ത സംഭവത്തിൽ അർജുൻ ആയങ്കിയെ ഒന്നാം പ്രതിയാക്കി കരിപ്പൂർ പൊലീസ് കോടതിയിൽ റിപ്പോർട്ടു നൽകിയിരുന്നു. 2021-ലെ രാമനാട്ടുക്കര സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കി ഇപ്പോൾ ജാമ്യത്തിലാണ്.
ഇയാൾക്കെതിരെ കാപ്പചുമത്താൻ ജില്ലാ പൊലിസ് മേധാവി ശുപാർശചെയ്തിരുന്നുവെങ്കിലും ട്രിബ്യൂണൽ തള്ളിക്കളയുകയായിരുന്നു. തന്റെ പേരിലുള്ള സ്വർണക്കടത്ത് കേസുകൾ കാപ്പയുടെ പരിധിയിൽ വരില്ലെന്ന അർജുൻ ആയങ്കിയുടെ വാദം ട്രിബ്യൂണൽ പരിഗണിക്കുകയായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ വേളയിൽ അതീവഗുരുതരമായ സ്വർണക്കടത്ത് കേസുകളിൽ അർജുൻ ആയങ്കി ചുക്കാൻ പിടിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ കുരുക്കുകൾ മുറുക്കാനൊരുങ്ങുകയാണ് പൊലീസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്