വളപട്ടണം: അർജുൻ ആയങ്കിക്ക് ഊരാക്കുടുക്കായി ഭാര്യയുടെ വെളിപ്പെടുത്തൽ. തെളിവുകൾ തേടി പൊലീസ് അന്വേഷണമാരംഭിച്ചു. നേരത്തെ കാപ്പ ചുമത്തുന്നതിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട അർജുൻ ആയങ്കിയെ ഇക്കുറി ഇരട്ടപൂട്ടാനുള്ള അണിയറനീക്കങ്ങളിലാണ് പൊലിസ്. സി.പി. എം സൈബർ പോരാളിയും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ പ്രതിയുമായ അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന സാഹചര്യത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

അർജുൻ ആയങ്കി ടത്തിവരുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ, കുഴൽപണ ഇടപാടുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ തേടിയാണ് അന്വേഷണമാരംഭിച്ചത്. അർജുൻആയങ്കിയുടെ ഭാര്യ അമലയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് വളപട്ടണം പൊലീസ് നൽകുന്ന വിവരം. അർജുൻ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഭാര്യ അമല കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് ലൈവിലെത്തിയാണ് ഗാർഹിക പീഡനം ഉൾപെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

നിർബന്ധിച്ച് രണ്ട് തവണ ഗർഭഛിദ്രം ചെയ്യിച്ചു, കറുത്ത നിറമായതിനാൽ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അർജുനെതിരെ അമല ഉന്നയിച്ചത്. താൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദികൾ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്‌ബുക്ക് ലൈവിലെത്തി അമല തുറന്നടിച്ചു.പക്ഷെ പൊലീസിൽ പരാതി നൽകിയില്ല. അതേസമയം ഫേസ്‌ബുക്ക് ലൈവിനിടെ അർജുൻ ആയങ്കിയുടെ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ഇടപാടുകളെ സംബന്ധിച്ചും അമല സംസാരിച്ചിരുന്നു.

ഇതോടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ നിർണായകമായ ട്വിസ്റ്റാണുണ്ടായിരിക്കുന്നത്. കുഴൽപ്പണ-സ്വർണക്കടത്തു സംഭവങ്ങളിൽ അർജുൻ ആയങ്കിക്ക് പങ്കുണ്ടെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. സമൂഹമാധ്യമങ്ങളിലൂടെ അർജുൻ തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മനം നൊന്താണ് താൻ ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നതെന്നാണ് ഭാര്യ അമല ഫെയ്സ് ബുക്ക് ലൈവിൽ പറഞ്ഞത്.

താനുമായി പ്രണയത്തിലാകുന്ന സമയത്ത് അർജുൻ ആയങ്കിയുടെ കൈയിൽ നയാപൈസയുണ്ടായിരുന്നില്ലെന്നും താൻ പലതവണ പണം നൽകി സഹായിച്ചിട്ടുണ്ടെന്നും അമല പറയുന്നുണ്ട്. സ്വർണക്കടത്ത്, കുഴൽപ്പണ ഇടപാടുകളെ കുറിച്ചു അർജുൻ ആയങ്കി തന്നോടു പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും പറയാഞ്ഞത് സ്നേഹം കൊണ്ടാണെന്നുമാണ് അവർ വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ആ സ്നേഹം ഇല്ലാതായി വൈരാഗ്യമായ സാഹചര്യത്തിൽ അമലയിൽ നിന്നും അർജുൻ ആയങ്കിയുടെ അധോലോക ഇടപാടുകളുടെ രഹസ്യം തേടുകയാണ് രഹസ്യാന്വേഷണ സംഘം.