- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ടൊവിനോയുടെ എ.ആര്‍.എം സിനിമ പകര്‍ത്തിയത് കോയമ്പത്തൂരില്‍; ഇതുവരെ പകര്‍ത്തിയത് 32 സിനിമകള്‍; ഒരു സിനിമയ്ക്ക് ഒരുലക്ഷം വീതം പ്രതിഫലം; 'വേട്ടയ്യന്‍' മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ പിടിയിലായത് 'തമിഴ് റോക്കേഴ്സ്' സംഘം
ടൊവിനോയുടെ എ.ആര്‍.എം സിനിമ പകര്‍ത്തിയത് കോയമ്പത്തൂരില്‍; ഇതുവരെ പകര്‍ത്തിയത് 32 സിനിമകള്‍
കൊച്ചി: മലയാളം സിനിമാ വ്യവസായത്തിന് വ്യാജപതിപ്പുകള്‍ തിരിച്ചടിയായിട്ട് കുറച്ചുകാലമായി. ബോക്‌സോഫീസില്‍ സിനിമകള്‍ പലപ്പോഴും തകര്‍ന്നടിയാന്‍ കാരണം ഇത്തരം വ്യാജപതിപ്പുകളുമാണ്. ടൊവിനോ നായകനായി എ.ആര്‍.എം സിനിമയുടെ വ്യാജ പ്രിന്റും അടുത്തകാലത്ത് പുറത്തുവന്നിരുന്നു. ഈ സംഭവത്തിലെ അന്വേഷണം ചിലരുടെ അറസ്റ്റിലേക്ക് എത്തിയപ്പോള്‍ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കയാണ്.
എ.ആര്‍.എം. സിനിമ മൊബൈല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപ്രതികള്‍ക്കും പ്രതിഫലമായി ലഭിച്ചത് ഒരുലക്ഷം രൂപയെന്ന് പോലീസ് വ്യക്തമാക്കി. ഒരു സിനിമ പകര്‍ത്തി അതിന്റെ വീഡിയോ അപ്ലോഡ് ചെയ്താല്‍ ഒരുലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് കിട്ടിയിരുന്ന പ്രതിഫലം. ഇത്തരത്തില്‍ 32 സിനിമകള്‍ പ്രതികള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായും കേസില്‍ ഉള്‍പ്പെട്ട മൂന്നാമനായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ടൊവീനോ നായകനായ എ.ആര്‍.എം. സിനിമ മൊബൈല്‍ഫോണില്‍ പകര്‍ത്തി ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്ന കേസിലാണ് തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശന്‍ (29), പ്രവീണ്‍ കുമാര്‍ (31) എന്നിവരെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന കുപ്രസിദ്ധ സംഘമായ 'തമിഴ് റോക്കേഴ്സി'ന്റെ ഭാഗമാണ് ഇരുവരും. ബെംഗളൂരുവിലെ ഗോപാലന്‍ മാളിലെ തിയേറ്ററില്‍ രജനികാന്ത് അഭിനയിച്ച 'വേട്ടയ്യന്‍' മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെയാണ് രണ്ടുപേരെയും കൊച്ചി സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
കോയമ്പത്തൂരിലെ എസ്.ആര്‍.കെ. മിറാജ് തിയേറ്ററില്‍നിന്നാണ് പ്രതികള്‍ എ.ആര്‍.എം. സിനിമ മൊബൈലില്‍ പകര്‍ത്തിയത്. ഇതിനായി തിയേറ്ററില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലടക്കം പ്രതികള്‍ ശ്രദ്ധിച്ചിരുന്നു. ഏറ്റവും ഉയര്‍ന്നനിരക്കിലുള്ള ടിക്കറ്റാണ് പ്രതികള്‍ ബുക്ക് ചെയ്തിരുന്നത്. കൃത്യമായി ദൃശ്യം പകര്‍ത്താന്‍ കഴിയുന്ന സീറ്റുകളായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തിരഞ്ഞെടുക്കുക. ഇതിന് സമീപത്തും പ്രതികളുടെ സംഘത്തില്‍പ്പെട്ടവര്‍ക്ക് തന്നെ ടിക്കറ്റെടുക്കും. ഇത്തരത്തില്‍ സിനിമ മുഴുവനും മൊബൈല്‍ഫോണില്‍ പകര്‍ത്തി കഴിഞ്ഞാല്‍ അത് വെബ്സൈറ്റിലൂടെയും ടെലഗ്രാമിലൂടെയും പ്രചരിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി.
സിനിമ റിലീസ് ചെയ്താല്‍ കഴിയുമെങ്കില്‍ അതേദിവസം തന്നെ ചിത്രീകരിക്കുന്നതാണ് സംഘത്തിന്റെ രീതി. തമിഴ്നാട്ടിലെയും ബെംഗ്‌ളൂരുവിലെയും മള്‍ട്ടിപ്ലക്‌സ് തിയറ്റുകളാണ് പൊതുവേ ഇതിനായി തിരഞ്ഞെടുക്കുന്നത്. ക്യത്യമായി ദൃശ്യങ്ങളും മെച്ചപ്പെട്ട സൗണ്ടും ലഭിക്കണമെങ്കില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ലഭിക്കണം. അതിനായി മധ്യനിരയില്‍ തന്നെയാവും ടിക്കറ്റ് ബുക്ക് ചെയ്യുക. നാലോ അഞ്ചോ പേര്‍ ചേര്‍ന്നായിരിക്കും ടിക്കറ്റെടുക്കുക. ഈ വിധം തൊട്ടടുത്ത സീറ്റുകളിലായി ബുക്ക് ചെയ്യുകയും സംഘത്തിലെ തന്നെ ആളുകള്‍ സുരക്ഷ ഒരുക്കുന്നതുമാണ് രീതിയെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് എആര്‍എം വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ തമിഴ്‌നാട് തിരുപ്പൂര്‍ സത്യമംഗലം സ്വദേശികളായ കുമരേശനും പ്രവീണ്‍ കുമാറുമാണ് പിടിയിലായത്. സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കര്‍ണാടകയില്‍ നിന്ന് പ്രതികള്‍ പിടിയിലാകുന്നത്.