അടൂർ: അനധികൃത മണ്ണെടുപ്പ് തടയാൻ ശ്രമിച്ച സിപിഎം നേതാവിനെ ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമം. നാട്ടുകാർ ടിപ്പർ ലോറി അടിച്ചു തകർത്തു. ഏഴംകുളം പഞ്ചായത്ത് മൂന്നാം വാർഡ് തൊടുവക്കാട് വേളമുരുപ്പിൽ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.

മുരുപ്പിന്റെ ഒരു വശത്തുള്ള അഞ്ചരയേക്കറിൽ നിന്നാണ് നിർബാധം മണ്ണു കടത്തിക്കൊണ്ടിരുന്നത്. പാസും പെർമിറ്റുമുണ്ടെന്ന പേരിൽ കഴിഞ്ഞ തിങ്കൾ മുതൽ ബുധൻ വരെ തുടർച്ചയായി മണ്ണു കടത്തിക്കൊണ്ടിരുന്നു. വീട് നിർമ്മാണത്തിന് 10 ലോഡ് മണ്ണ് എടുത്തു മാറ്റാനായിരുന്നു അനുവാദം. ഇതു കൊണ്ടു പോകുന്നതിന് പെർമിറ്റ് ഉണ്ടായിരുന്നില്ല. പക്ഷേ, അന്ന് നാട്ടുകാർ കണ്ണടച്ചു.

അതിന് ശേഷം തിങ്കളാഴ്ച രാവിലെ വീണ്ടും മണ്ണെടുക്കാനെത്തി. രാവിലെ ആറു മുതൽ മണ്ണെടുപ്പും കടത്തും തുടങ്ങി. വിവരം അറിഞ്ഞ് സിപിഎം നേതാക്കൾ സ്ഥലത്ത് ചെന്നു. ബൂത്ത് സെക്രട്ടറി സുജനകുമാറിന്റെ നേതൃത്വത്തിൽ പെർമിറ്റ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു മറുപടി. കാണിക്കാൻ പറഞ്ഞപ്പോൾ ഉപദ്രവിക്കരുതെന്നായി മണ്ണെടുക്കുന്നവർ.

മണ്ണെടുക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണൻ, സുജനകുമാർ, സിപിഎം ലോക്കൽ കമ്മറ്റിയംഗവും കെഎസ്‌കെടിയു നേതാവുമായ മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. വാഹനത്തിന്റെ മുന്നിൽ നിന്ന സുജന കുമാറിനെ വണ്ടി കയറ്റിക്കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മണികണ്ഠൻ എന്ന ലോറിയുടെ മുന്നിലെ ചില്ല് നാട്ടുകാർ എറിഞ്ഞു തകർക്കുകയായിരുന്നു. വിവരം അറിഞ്ഞ് അടൂർ പൊലീസ് സ്ഥലത്തു വന്നു. നാലു ടിപ്പർ ലോറികളും ഹിറ്റാച്ചിയും കസ്റ്റഡിയിൽ എടുത്തു.

പൊലീസും മണ്ണുമാഫിയയും തമ്മിൽ അവിശുദ്ധ ബന്ധം നിലനിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് കടത്ത്. അടൂർ സ്റ്റേഷനിലെ ഉന്നതനാണ് ഇതിന പിന്നിൽ എന്നാണ് ആരോപണം.