- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരെന്ന വ്യാജേന പരിശോധന; പാർസൽ ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് തട്ടിയെടുത്തത് ആറ് കോടി വിലയുള്ള ആഭരണങ്ങൾ; പ്രതികളെ കുരുക്കിയത്, നൂറ് രൂപയുടെ പേ ടിഎം ഇടപാട്; നജഫ്ഗഡ് സ്വദേശികൾ ജയ്പൂരിൽ പിടിയിൽ
ന്യൂഡൽഹി: പൊലീസുകാരെന്ന വ്യാജേന പരിശോധന നടത്തവെ പാർസൽ ജീവനക്കാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആറ് കോടി വിലയുള്ള ആഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ കുരുക്കിയത് നൂറ് രൂപയുടെ പേ ടിഎം ഇടപാടിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണം. ഡൽഹിയിലെ പഹർഗഞ്ചിൽ കഴിഞ്ഞ ദിവസം ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന പ്രതികളെയാണ് 100 രൂപയുടെ പേടിഎം ഇടപാട് മുൻനിർത്തി പൊലീസ് വെളിച്ചത്തു കൊണ്ടുവന്നത്. കൊള്ള നടത്തിയ സംഘത്തിലെ മൂന്നു പേരെ രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ് പിടികൂടിയത്.
ഡൽഹിയിൽവച്ച് പാർസൽ ജീവനക്കാരായ രണ്ടു പേരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞാണ് നാൽവർ സംഘം ആറു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നാഗേഷ് കുമാർ (28), ശിവം (23), മനീഷ് കുമാർ (22) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ഇവരെല്ലാം നജഫ്ഗഢ് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.
പുറത്തുവന്ന വിഡിയോയിൽ പൊലീസ് യൂണിഫോം അണിഞ്ഞ ഒരാളുൾപ്പെടെ നാലു പേർ ചേർന്നാണ് കൊള്ള നടത്തുന്നത്. ഇവർ വഴിയരികിൽവച്ച് രണ്ടുപേരെ തടഞ്ഞുനിർത്തുന്നത് വിഡിയോയിൽ കാണാം. തുടർന്ന് കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഇവർ ആഭരണങ്ങളും കവർന്ന് രക്ഷപ്പെടുകയായിരുന്നു.
സെൻട്രൽ ഡൽഹിയിലെ പഹാർഗഞ്ച് പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. പൊലീസുകാരെന്ന വ്യാജേന പാർസൽ കമ്പനിയുടെ രണ്ട് എക്സിക്യൂട്ടീവുകളെയാണ് ഇവർ കൊള്ളയടിച്ചത്. പഹാർഗഞ്ചിൽ പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവം നടന്നത്.
പ്രതികളിലൊരാൾ പൊലീസ് യൂണിഫോമിലായിരുന്നു. പൊലീസുകാരനാണെന്നും ബാഗ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പാർസൽ കമ്പനി ജീവനക്കാരുടെ അടുത്തെത്തിയത്. പിന്നീട് രണ്ടു പേർ കൂടി എത്തി. തുടർന്ന് മുളക് പൊടി കണ്ണിലെറിഞ്ഞ ശേഷം ജീവനക്കാരുടെ കൈയിലുണ്ടായിരുന്ന ആഭരണങ്ങൾ നിറച്ച രണ്ടു ബാഗുകളുമായി രക്ഷപ്പെടുകയായിരുന്നു.
ആഭരണങ്ങളും പുരാവസ്തുക്കളുമടക്കം വിലകൂടിയ വസ്തുക്കൾ കൈമാറ്റം ചെയ്യുന്ന പാർസൽ കമ്പനിയിലെ ജീവനക്കാരാണ് പരാതിക്കാർ. സംഭവ ദിവസം രാവിലെ 4.30ന് ഛത്തീസ്‌ഗഢിലേക്കും ലുധിയാനയിലേക്കുമുള്ള ആഭരണങ്ങളുമായി ഇവർ ഓഫീസിൽ നിന്നിറങ്ങി. ഇവർ ഓഫീസിൽ നിന്ന് തങ്ങളുടെ വാഹനത്തിലേക്ക് നടന്ന് പോകുന്ന വഴി പ്രതികൾ നേരത്തെ മനസ്സിലാക്കിയിരുന്നു. തുടർന്നാണ് മുളകുപൊടി എറിഞ്ഞ് കൊള്ള നടത്തിയത്.
ചണ്ഡിഗഡിലെ ഒരു പാഴ്‌സൽ കമ്പനിയിൽ ജോലി ചെയ്യുന്ന സോമവീറാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബുധനാഴ്ച പുലർച്ചെ 4.15ഓടെ സഹപ്രവർത്തകനായ ജഗ്ദീപ് സെയ്‌നിക്കൊപ്പം ഓഫിസിലെത്തി പാർസൽ വാങ്ങി നടക്കുമ്പോഴാണ് സംഭവം. ബാഗ് നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ 700 സിസിടിവികളിലെ ഏഴു ദിവസത്തെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. പ്രാദേശിക ഇന്റലിജൻസിൽ നിന്നും പൊലീസ് സംഘം വിവരം ശേഖരിച്ചു. ദൃശ്യങ്ങളിൽ കണ്ട നാലംഗ സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത തോന്നിയതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
കവർച്ചയ്ക്ക് മുമ്പുള്ള 15 ദിവസം പ്രതികൾ കൂറിയർ കമ്പനിയുടെ സമീപത്തായി നിരീക്ഷണം നടത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥിരമായി ഇവിടെ നിരീക്ഷണം നടത്തുന്ന സംശയാസ്പദകരമായ ചിലരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ ഒരു സിസിടിവി വീഡിയോയിൽ, പ്രതികളിലൊരാൾ സമീപത്തുള്ള ചായക്കടകയ്ക്ക് പുറത്ത് നിന്ന് ചായ കുടിക്കുന്നതായി കാണാമായിരുന്നു.
കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു സ്വകാര്യ ടാക്സി ഡ്രൈവറെ തടഞ്ഞു നിർത്തുകയും അയാളിൽ നിന്ന് 100 രൂപ വാങ്ങുകയും ചെയ്തു. ടാക്സി ഡ്രൈവറോട് സംസാരിക്കുന്നതിനിടെ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കാണാം' ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ചായ കടക്കാരനെ ചോദ്യം ചെയ്തു.
പ്രതി ചായ വാങ്ങി കുടിച്ചെന്നും എന്നാൽ പണമില്ലെന്ന് പറയുകയും ചെയ്തതായി ചായക്കട ഉടമ പറഞ്ഞു. തുടർന്ന് ഇയാൾ ടാക്സി ഡ്രൈവറെ തടഞ്ഞു നിർത്തുകയും 100 രൂപ വാങ്ങി തനിക്ക് കൈമാറിയെന്നും കടയുടമ വ്യക്തമാക്കി. പകരമായി ടാക്സി ഡ്രൈവർക്ക് പ്രതി 100 രൂപ ഫോണിലൂടെ അയച്ച് നൽകിയതായും കടയുടമ സ്ഥിരീകരിച്ചു.
തുടർന്ന് പൊലീസ് ടാക്സി ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു.ഇതിനായി പേ ടിഎം കമ്പനിയേയും സമീപിച്ചു. പേ ടിഎം കമ്പനി ടാക്സി ഡ്രൈവർക്ക് 100 രൂപ കൈമാറിയ പ്രതിയുടെ നമ്പർ പൊലീസിന് കൈമാറി. നജഫ്ഗഡ് സ്വദേശിയാണ് പ്രതിയെന്ന് പൊലീസ് ഇതിലൂടെ കണ്ടെത്തി.
പൊലീസ് സംഘം നജഫ്ഗഡിലേക്ക് തിരിച്ചെങ്കിലും അപ്പോഴേക്കും പ്രതിയും കൂട്ടാളികളും നാടുവിട്ടിരുന്നു. സൈബർ സെൽ സഹായത്തോടെ കൂട്ടാളികളുടെ നമ്പറും പൊലീസ് ഇതിനോടകം കണ്ടെത്തിയിരുന്നു.തുടർന്ന് നടത്തിയ തിരച്ചിൽ ജയ്പൂരിലെ ഒരു ഫ്ളാറ്റിൽ പ്രതികൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി.
അക്രമികൾ രാജസ്ഥാനിലേക്കു കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ജയ്പുരിലെത്തി. തുടർന്നാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 6,270 ഗ്രാം സ്വർണവും, മൂന്നു കിലോഗ്രാം വെള്ളിയും ഐഐഎഫ്എലിൽ നിക്ഷേപിച്ചിരുന്ന 500 ഗ്രാം സ്വർണവും 106 ഡയമണ്ടുകളും മറ്റ് ഡയമണ്ട് ആഭരണങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആറു കോടിയോളം രൂപ വിലമതിക്കുന്നതാണ് ഇവ.
മറുനാടന് മലയാളി ബ്യൂറോ