കോട്ടയം: വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന ട്രഷററും കോട്ടയം ജില്ലാ പ്രസിഡന്റുമായ എം കെ തോമസുകുട്ടിക്കെതിരെ അറസ്റ്റുവാറന്റ്. ഈരാറ്റുപേട്ട സംഗമം കോ ഓപ്പറേറ്റീവ് സൊസൈറ്റിൽ നിന്നും വായ്‌പ്പ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്ന കേസിലാണ് അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തിന്റെ വ്യക്തിഗത വായ്‌പ്പയാണ് തോമസുകുട്ടി എടുത്തിരുന്നത്. ഈ പണം സൊസൈറ്റി തിരിച്ചടക്കാൻ ആവശ്യപ്പെട്ടിട്ടും തോമസുകുട്ടി അടച്ചില്ല.

സംഭവത്തിൽ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഭാഗമായ കമേഴ്‌സ്യൽ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. പരാതികൾ കെട്ടിച്ചമച്ചതാണെന്നും സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ചേരിതിരിവാണ് പരാതികൾക്ക് അടിസ്ഥാനമെന്നും തോമസുകുട്ടി പറഞ്ഞു. ഇദ്ദേഹം പ്രസിഡന്റായ ജില്ലാ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘവുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.

കോട്ടയത്തെ പ്രമുഖ വ്യവസായ പ്രമുഖനായ തോമസുകുട്ടി കേരളാ കോൺഗ്രസ് നേതാവുമാണ്. കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലേക്ക് പ്രവേശിച്ചതോടെ പൂഞ്ഞാർ സീറ്റിലേക്കും ഇദ്ദേഹത്തെ പാർട്ടി പരിഗണിച്ചിരുന്നു. എന്നാൽ സെബാസ്റ്റ്യൻ കുളത്തിങ്കലിനാണ് മത്സരിക്കാൻ നറുക്കുവീണത്. വ്യക്തിബന്ധവും വ്യാപാരി സമൂഹവത്തിലുള്ള സ്വാധീനവും ഒക്കെ ചൂണ്ടിക്കട്ടി തോമസുകുട്ടി സീറ്റ് നേടാൻ ശ്രമിച്ചെങ്കിലും അതുണ്ടായില്ല. പാർട്ടി അനുവദിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞു തോമസുകുട്ടി രംഗത്തുവന്നിരുന്നു.

വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ കടന്നുവന്ന തോമസുകുട്ടി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വ്യാപാര മേഖലയിലടക്കം പൊതുരംഗത്ത് സജീവമാണ്. വ്യാപാരി വ്യവസായി സംസ്ഥാന നേതാവ് കൂടിയാണ് അദ്ദേഹം. വ്യാപാരി ക്ഷേമനിധി ബോർഡംഗം ,റിട്രാസെൽ ബ്യൂറോ അംഗം, ഗടഒഉഎഇ ചെയ്യർമാൻ, ഈരാറ്റുപേട്ട അർബൻ ബാങ്ക് ഭരണസമിതിയംഗം, കോട്ടയം ജില്ലാ വ്യാപാരി സഹകരണസംഘം ഭരണസമിതിയംഗം തുടങ്ങിയ മേഖലളിലും തോമസുകുട്ടി പ്രവർത്തിച്ചിരുന്നു.