ന്യൂഡൽഹി: കാനഡയിലെ ഖലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഇന്ത്യയുടെ തീരുമാനം. ഖലിസ്ഥാൻ ബന്ധമുള്ളരുടെ ഒസിഐ കാർഡ് അടക്കം റദ്ദു ചെയ്യാനുള്ള ആലോചനകളുമായി മുന്നോട്ടു പോകുയാണ് കേന്ദ്രസർക്കാർ. ഇത് കൂടാതെ കാനഡയിൽ ഇരുന്ന് ഇന്ത്യയിൽ ഭീകരതയ്ക്ക് വിത്തുപാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് കേന്ദ്രസർക്കാർ നീക്കം.

ഇതിനിടെ കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരൻ അർഷ്ദീപ് ദല്ലക്ക് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടും പുറത്തുവന്നു. പഞ്ചാബിലെയും ഡൽഹിയിലെയും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും വിവരം ലഭിച്ചു. ഖലിസ്ഥാൻ ഭീകരരെ തുരത്താൻ ഈ വർഷാദ്യം ഡൽഹി പൊലീസ് നടത്തിയ ഓപറേഷനിലാണ് ഈ വിവരം ലഭിച്ചത്.

ജനുവരിയിൽ ഡൽഹിയിലെ ജഹാംഗിർപുരിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ ജഗ്ജീത് സിങ് ജഗ്ഗ, നൗഷാദ് എന്നിവർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുക്കുകയുണ്ടായി. പിന്നീട് ഇരുവർക്കുമെതിരെ കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കേസെടുത്തു. ദല്ലയുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യുന്നതിനിടെ ജഗ്ഗ പറഞ്ഞതായി ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടാൻ ദല്ല ജഗ്ഗക്ക് നിർദ്ദേശം നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.

ലഷ്‌കറെ ത്വയ്യിബ ഭീകരൻ സുഹൈലുമായി ദല്ലക്ക് ബന്ധമുണ്ടായിരുന്നു. ഡൽഹിയിൽ ഹിന്ദുബാലനെ കൊലപ്പെടുത്തി തല ഛേദിച്ചത് ദല്ലയുടെയും സുഹൈലിന്റെയും നിർദ്ദേശമനുസരിച്ചായിരുന്നുവെന്നും അറസ്റ്റിലായവർ പൊലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ വിഡിയോ റെക്കോർഡ് ചെയ്ത് സുഹൈലിനും ദല്ലക്കും അയച്ചുകൊടുത്തു. കൃത്യം നടത്തിയതിന് 2 ലക്ഷം രൂപയാണ് നൗഷാദിനും ജഗ്ഗക്കും പ്രതിഫലമായി ലഭിച്ചത്.

അതേസമയം നിജ്ജറിനെ വകവരുത്താൻ ഇന്ത്യ ഏജന്റുമാരെ വിട്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തീപിടിപ്പിക്കുന്നതിൽ അമേരിക്ക മുഖ്യപങ്കുവഹിച്ചുവെന്നാണ് വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു. നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് നിഗമനത്തിൽ കാനഡ എത്താൻ പാകത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ നൽകിയെന്നാണ് സൂചനകളും പുറത്തുവരുന്നു.

കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ ആശയവിനിമയം ചോർത്തിയെന്നും, അതിന്റെ രേഖകൾ കനേഡിയൻ ഉദ്യോഗസ്ഥർ ശേഖരിച്ചെന്നുമൊക്കെ ന്യൂയോർക്ക് ടൈംസ് തങ്ങളുടെ സോഴ്സിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ, മറ്റൊരു സംഭവത്തിൽ, കാലിഫോർണിയയിലെ ഒരു സിഖ് ആക്റ്റിവിസ്റ്റിനും മറ്റുരണ്ട് സഹപ്രവർത്തകർക്കും, നിജ്ജറിന്റെ കൊലപാതകശേഷം, എഫ്ബിഐ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. സിഖ് ആക്റ്റിവിസ്റ്റുകളുടെ ജീവന് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പാണ് എഫ്ബിഐ നൽകിയത്.

അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റി കോർഡിനേറ്ററായ പ്രീത്പാൽ സിങ് 'ദി ഇന്റർസെപ്റ്റി'നോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂൺ അവസാനം, രണ്ട് എഫ്ബിഐ സ്പെഷ്യൽ ഏജന്റുമാർ എന്നെ കാണാൻ വന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വിവരം കിട്ടിയതായി എന്നെ അറിയിച്ചു. എവിടെ നിന്നാണ് ഭീഷണി എന്ന് വ്യക്തമാക്കിയില്ല, പക്ഷേ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി.

അതേസമയം, ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ, കഴിവതും അകലം പാലിക്കാനായിരിക്കും ബൈഡൻ ഭരണകൂടം ശ്രമിക്കുക എന്നാണ് യുഎസിലെ പൊളിറ്റിക്കൽ സ്ട്രാറ്റജി സ്ഥാപനമായ സിഗ്‌നം ഗ്ലോബൽ അഡ് വൈസേഴ്സ് അഭിപ്രായപ്പെടുന്നത്. നരേന്ദ്ര മോദി സർക്കാരുമായി ബൈഡൻ ഭരണകൂടം കൈവരിച്ചിട്ടുള്ള ബന്ധത്തിലെ പുരോഗതി തടസ്സപ്പെടുത്താൻ എന്തായാലും തയ്യാറാവില്ല.

' ചൈനയുമായുള്ള അതിർത്തി തർക്ക വിഷയത്തിൽ ഇന്ത്യയെ തുണയ്ക്കാൻ അമേരിക്ക വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, കാനഡയുമായുള്ള തർക്കത്തിൽ, ഇടപെടില്ല, സിഗ്‌നം ചെയർമാൻ ചാൾസ് മയേഴ്സ് ബിഎൻഎൻ ബ്ലൂംബർഗ് ടെലിവിഷനോട് പറഞ്ഞു. ബൈഡന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി പണം സ്വരൂപിച്ച ദീർഘകാല ഡെമോക്രാറ്റിക് പാർട്ടി ഡോണറാണ് മയേഴ്സ്.

നിജജറിന്റെ കൊലപാതത്തെ കുറിച്ചുള്ള കാനഡയുടെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ വെള്ളിയാഴ്ച ആവശ്യപ്പെട്ടത്. എന്നാൽ, അമേരിക്കയോ, മറ്റുസഖ്യകക്ഷികളോ, ഇന്ത്യൻ പ്രതിനിധികളെ പുറത്താക്കുന്നതടക്കം പ്രത്യേക പ്രതികാര നടപടികളിലേക്ക് നീങ്ങിയിട്ടുമില്ല. നിജ്ജറിന്റെ കൊലപാതകത്തിൽ, ഇന്ത്യയുടെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം നേരത്തെ തന്നെ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കനേഡിയൻ ഭരണകൂടം വേണ്ടത് ചെയ്യുന്നില്ലെന്ന് വിമർശിക്കുകയും ചെയ്തു.

' ജസ്റ്റിൻ ട്രൂഡോ ഇത്തരം ഗുരുതര ആരോപണം ഉന്നയിക്കുമ്പോൾ, അദ്ദേഹത്തിന്റെ പക്കൽ ഇന്റലിജൻസ് രേഖകളും, തെളിവുകളും വേണം. അഥവാ തെളിവുകൾ ഉണ്ടെങ്കിൽ തന്നെ അമേരിക്ക ഈ വിഷയത്തിൽ നിന്ന് അകന്നുനിൽക്കാനേ ശ്രമിക്കൂ', മയേഴ്സ് പറഞ്ഞു.