മല്ലപ്പള്ളി: മർദിച്ചത് സിപിഎം ലോക്കൽ സെക്രട്ടറി. മർദനമേറ്റത് യൂത്ത് കോൺഗ്രസ് നേതാവിന്. തെളിവായത് ചാനൽ പ്രവർത്തകർ എടുത്ത വീഡിയോ. അവസാനം പൊലീസ് കേസ് വന്നത് യൂത്ത് കോൺഗ്രസ് നേതാവിനെതിരേ. കുന്നന്താനത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. സിപിഎം കുന്നന്താനം ലോക്കൽ സെക്രട്ടറിയാണ് ചാനൽ പ്രവർത്തകരുടെ കാമറയ്ക്ക് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവ് അരുൺ ബാബുവിനെ മർദിച്ചത്.

കഴിഞ്ഞ 26 ന് കുന്നന്താനത്ത് നടന്ന പൊതുയോഗത്തിൽ കെ- റെയിൽ വിരുദ്ധ സമര സമിതിയുടെ നേതാവ് കൂടിയായ അരുൺ ബാബു പാലയ്ക്കാത്തകിടി സെന്റ് മേരീസ് സ്‌കൂളിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതികൾ പുറത്തു വിട്ടിരുന്നു. സുബിന്റെ പേര് പറഞ്ഞാണ് വിമർശിച്ചത്. അഴിമതിക്കഥകൾ അക്കമിട്ട് നിരത്തിയുള്ള പ്രസംഗത്തിനൊടുവിൽ സുബിന് ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചിരുന്നു. തെളിവുകൾ മുഴുവനും നിരത്തി നേരിടാൻ താൻ തയാറാണെന്ന് പറയുകയും ചെയ്തു.

സകൂളിലെ അഴിമതി സംബന്ധിച്ച വാർത്ത ചെയ്യുന്നതിനായി ഇന്നലെ വൈകിട്ട് ചാനൽ വാർത്താ സംഘം കുന്നന്താനത്ത് എത്തിയിരുന്നു. പാലക്കാത്തകിടി സ്‌കൂളിന് മുന്നിൽ നിന്ന് ചാനലിന് ബൈറ്റ് കൊടുക്കുകയായിരുന്നു അരുൺ ബാബു. ഈ സമയത്ത് സ്‌കൂൾ കോമ്പൗണ്ടിൽ നിൽക്കുകയായിരുന്ന സുബിൻ മതിൽ ചാടിക്കടന്ന് വന്ന് അരുൺ ബാബുവിനെ മർദിക്കുകയായിരുന്നു. കണ്ടു നിന്നവർ പിടിച്ചു മാറ്റി. ഈ ദൃശ്യങ്ങൾ ചാനൽ കാമാറാമാൻ തന്റെ മൊബൈൽ ഫോണിൽ പകർത്തി. അരുൺബാബു കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി ദൃശ്യങ്ങൾ സഹിതം പരാതി നൽകി.

അപകടം മണത്ത സുബിൻ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ അഡ്‌മിറ്റാവുകയും അരുൺബാബുവിന്റെ മർദനമേറ്റ് തലയ്ക്ക് പരുക്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. അരുൺബാബുവിന്റെ തെളിവുകളോട് കൂടിയ പരാതി മാറ്റി വച്ച പൊലീസ് സുബിന്റെ പരാതി പ്രകാരം 307 വകുപ്പിട്ട് കേസെടുക്കുകയായിരുന്നു. എന്നാൽ, ചാനലുകൾ ദൃശ്യങ്ങൾ സഹിതം വാർത്ത നൽകിയതോടെ പൊലീസും സിപിഎമ്മും വെട്ടിലായി.

അരുൺ സുബിനെ ഒന്നും ചെയ്തിട്ടില്ലെന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരിക്കേ പൊലീസ് കേസ് എടുത്ത നടപടി സിപിഎമ്മിലടക്കം പ്രതിഷേധത്തിന് കാരണമായി.