- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരുണാചലിൽ അന്വേഷണം തുടരുന്നു
തിരുവനന്തപുരം: അരുണാചലിലെ മരണങ്ങൾ പുനർജന്മം നേടാനെന്ന നിഗമനത്തിൽ പൊലീസ്. ഡോൺ ബോസ്‌കോ എന്ന പേരിൽ മരണാനന്തര ജീവിതത്തെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും ആര്യയ്ക്ക് വ്യാജ ഇമെയിൽ വഴി സന്ദേശങ്ങൾ അയച്ചത് നവീനാണെന്ന സംശയത്തിൽ പൊലീസ്. ഇമെയിൽ ആരാണ് അയച്ചതെന്നതിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിയും കിട്ടിയിട്ടില്ലെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അതീവ രഹസ്യമാക്കി സൂക്ഷിക്കുകയാണ് പൊലീസ്.
പുനർജന്മത്തിൽ അടിയുറച്ചു വിശ്വസിച്ചവരാണ് നവീൻ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും. ജീവനൊടുക്കിയാൽ ദുരിതങ്ങളില്ലാത്ത ലോകത്ത് ജീവിക്കാൻ അപൂർവ ഭാഗ്യം ലഭിക്കുമെന്നായിരുന്നു വിശ്വാസം. പുനർജന്മം കിട്ടാൻ ഏതുവിധേനയും ജീവൻ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും നവീൻ ഭാര്യയെയും ആര്യയെയും പറഞ്ഞു ബോധ്യപ്പെടുത്തി.
ഇതാണ് ആത്മഹത്യയായത്. നവീൻ പർവതാരോഹണം നടത്താനുള്ള സൗകര്യങ്ങൾ സജ്ജമാക്കാൻ നീക്കം നടത്തിയതും അവിടെ പോയി മരിക്കാനായിരുന്നു.. ഇന്റർനെറ്റിലൂടെ ഇവ പഠിക്കാനും ശ്രമിച്ചു. വസ്ത്രം, പാത്രങ്ങൾ, ടെന്റ് നിർമ്മിക്കാനുള്ള സാമഗ്രികൾ എന്നിവ ഓൺലൈനായി വാങ്ങി. നവീന്റെ കാറിനുള്ളിൽ നിന്ന് ഇവ അന്വേഷണ സംഘം കണ്ടെടുത്തു.
ആഭിചാരക്രിയകൾക്ക് കുപ്രസിദ്ധിയാർജിച്ച ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നവീനും ദേവിക്കും വ്യക്തമായ അറിവുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും ഒട്ടേറെ പുസ്തകങ്ങൾ വായിച്ചിരുന്നതായും ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയിരുന്നതായും പൊലീസിനു സൂചന ലഭിച്ചു. ഒരു നാൾ പ്രളയത്താൽ ഭൂമി നശിക്കുമെന്നും ഇതിനു മുൻപ് അന്യഗ്രഹത്തിലെത്തിയാൽ പുനർജന്മം ലഭിക്കുമെന്നും ഇവർ വിശ്വസിച്ചു, ഇതിലേക്ക് ഇവരെ കൊണ്ടു പോയ നാലാമൻ ആരെന്ന് ഇനിയും വ്യക്തമല്ല. ഡോൺ ബോസ്‌കോ എന്ന മെയിലിലൂടെ ഇയാളിലേക്ക് എത്താനാകുമെന്നതാണ് പ്രതീക്ഷ. എന്നാൽ മെയിലുണ്ടാക്കിയത് നവീൻ ആണെങ്കിൽ അതും നടക്കില്ല.
പ്രളയമുണ്ടാകുമ്പോൾ ഉയരക്കൂടുതലുള്ള പ്രദേശത്ത് ജീവിച്ചാൽ ജീവൻ രക്ഷിക്കാമെന്നായിരുന്നു നവീന്റെ വിശ്വാസം. പ്രളയമുണ്ടായേക്കുമെന്ന വിശ്വാസത്തിൽ, സുരക്ഷയ്ക്കായി പർവതാരോഹണത്തിനും നവീൻ തയ്യാറെടുപ്പുകൾ നടത്തിയെന്നതാണ് വസ്തുത. ഒന്നര വർഷം മുൻപ് അരുണാചലിലെ ഈസ്റ്റ് കാമെങ് ജില്ലയിൽ നവീനും ഭാര്യയും എത്തി.
ഇവിടെ ഏറെയും ബുദ്ധവിഹാരങ്ങളായിരുന്നു. ഇവിടെ താമസിക്കുന്നവരോട് പലതവണ ആശയവിനിമയവും നടത്തി. പർവതമുകളിലെ താമസം, സൗകര്യം എന്നിവയെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു. ഇതിന് ശേഷം മടങ്ങി. പിന്നീട് ആര്യയുമൊത്ത് അരുണാചലിൽ വന്നു. മരണം വരിക്കുകയും ചെയ്തു.
പ്രളയംവന്ന് ഭൂമി നശിക്കുമെന്നും അതിനു മുൻപ് അന്യഗ്രഹത്തിൽപോയി ജനിച്ച് ജീവിക്കണമെന്നുമായിരുന്നു നവീൻ പലരോടും പറഞ്ഞിരുന്നത്. ഇതിനായാണ് അന്യഗ്രഹ ജീവിതത്തെക്കുറിച്ച് അന്വേഷിച്ചത്. ഇവർ അരുണാചലിലെ ഏതൊക്കെ പ്രദേശങ്ങളിൽ പോയിരുന്നുവെന്നത് സംബന്ധിച്ച് അരുണാചൽ പൊലീസ് അന്വേഷിക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിലേക്ക് പോകാൻ തയ്യാറെടുപ്പ് നടത്തിയതെന്തിനാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.