തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റുകൾ ഏറെ. നവീനും ദേവിയും ആര്യയും മറ്റുള്ളവരെ ഈ ആശയത്തിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചുവെന്നാണ് പൊലീസിന്റെ ഭാഷ്യം. നവീൻ ഒരു വൈദികനെയും രണ്ടു സുഹൃത്തുക്കളെയും മരണാനന്തര ജീവിതമെന്ന തങ്ങളുടെ ആശയത്തിലേക്ക് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ.

"വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിലേക്ക് അഭയം തേടണം, അല്ലെങ്കിൽ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തിൽ അഭയം തേടണമെന്നായിരുന്നു നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്. അന്ധവിശ്വാസങ്ങൾ ഈ രണ്ടുപേരിലേക്കും പകർന്നത് ആയുർവേദ ഡോക്ടർ കൂടിയായ നവീനാണ്. ഡോക്ടർമാരായ രണ്ടു സുഹൃത്തുക്കളെയും ഒരു വൈദികനെയും ഈ ആശയത്തിലേക്ക് സ്വാധീനിക്കാനാണ് നവീൻ ശ്രമിച്ചത്. എന്നാൽ നവീനിന്റെ സുഹൃത്തായ വൈദികൻ ഈ ആശയങ്ങളിൽ നിന്നും പിന്തിപ്പിക്കാൻ ഇവരെ ശ്രമിച്ചു. പക്ഷെ നവീൻ ആ സൗഹൃദം ഉപേക്ഷിച്ച് അന്ധവിശ്വാസങ്ങളമായി മുന്നോട്ട് പോയി."-ഇതാണ് പൊലീസ് പറയുന്നത്.

ആര്യയും സുഹൃത്തുക്കളെ ഇതിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചു. കൂട്ടുകാർക്ക് അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള മെയിലുകൾ ആര്യയാണ് അയച്ചത്. ഇതിനൊപ്പം മറ്റു ചിലരേയും ആകർഷിക്കാൻ ശ്രമിച്ചു. "കരാട്ടെ ക്ലാസിൽ വച്ച് പരിചയപ്പെട്ട ഒരു അഭിഭാഷകനോടാണ് ആര്യ അന്യഗ്രഹ ജീവിതത്തെ കുറിച്ച് നിരന്തരമായി സംസാരിച്ചത്. അന്ധവിശ്വാസ സന്ദേശങ്ങൾ പലർക്കും അയച്ചു നൽകിയത് ഡോൺ ബോസ്‌ക്കോയെന്ന ഇ-മെയിൽ ഐഡിയിൽ നിന്നാണ്." ആര്യയാണ് ഈ മെയിൽ ഐഡിക്ക് പിന്നിലെന്നും പൊലീസ് കണ്ടെത്തി. ഇതോടെ ആ മെയിലുമായി ബന്ധപ്പെട്ട സംശയവും തീർന്നെന്ന് പൊലീസ് പറയുന്നു.

"അന്യഗ്രഹ ജീവിതത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ആര്യ നിരന്തരമായി ഇന്റർനെറ്റിൽ അന്വേഷിച്ചിട്ടുണ്ട്. ഇതിൽ നിന്നും കണ്ടെത്തിയ ആശയങ്ങൾ ക്രോഡീകരിച്ചാണ് പലർക്കും ഈ മെയിൽ ഐഡിയിൽ നിന്നും സന്ദേശം അയച്ചത്. വ്യാജ പേരുകളിൽ നവീനും ദേവിയും മെയിലുകൾ പലർക്കും അയച്ചിട്ടുണ്ട്." നവീനിന്റെ സുഹൃത്തുക്കളുടെയും വൈദികന്റെയും അഭിഭാഷകന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തി. പർവ്വതാരോഹണം നടത്താൻ നവീൻ സാധനങ്ങൾ വാങ്ങി സൂക്ഷിച്ചിരുന്നു. മൂന്നുപേരെ ഈ ആശയങ്ങളിലേക്ക് മറ്റാരെങ്കിലും സ്വാധീനിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് എല്ലാം സ്വന്തമായി തോന്നിയെന്നാണ് നിഗമനം.

അരുണാചലിലെ ഹോട്ടൽ മുറിയിലാണ് നവീൻ, ദേവി, ആര്യ എന്നിവരെ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിയുടെയും ആര്യയുടെയും ഞരമ്പുകൾ മുറിച്ചത് ബലപ്രയോഗത്തിലൂടെയല്ലെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. രണ്ടുപേരും ജീവനൊടുക്കാൻ തയ്യാറായിരുന്നുവെന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നതെന്ന് അന്വേഷണ സംഘത്തിന്റെ വിശദീകരണം. പുനർജന്മത്തിൽ വിശ്വസിച്ചായിരുന്നു നവീൻ പങ്കാളിക്കും സുഹൃത്തിനുമൊപ്പം ജീവനൊടുക്കിയത്. മൂന്നുപേരുടെയും മെയിലുകളും ചാറ്റുകളും മെയിലുകളും പരിശോധിക്കുകയാണെന്നും ഉടനെ തന്നെ മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമാകുമെന്നുമാണ് റിപ്പോർട്ട്.

പരപ്രേരണയാലല്ല സ്വന്തം വിശ്വാസത്തിനനുസരിച്ചാണ് ഇവർ മരിക്കാൻ തീരുമാനിച്ചതെന്ന നിഗമനത്തിലേയ്ക്കാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. മരിക്കുന്നതിനു മുൻപ് മൂവരും സന്തോഷത്തിലായിരുന്നു എന്നതിന്റെ തെളിവുകൾ സിസിടിവി പരിശോധനയിൽ പൊലീസിനു ലഭിച്ചതായുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.

ആത്മഹത്യാക്കുറിപ്പിൽ മൂന്നുപേരും പേരെഴുതി ഒപ്പിട്ടതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഒപ്പും കൈയക്ഷരവും മരിച്ചവരുടേത് തന്നെയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ആര്യക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെ കുറിച്ച് വിവരങ്ങൾ അയച്ചത് നവീൻ ആണെന്നാണ് നിലനിൽക്കുന്ന സംശയം. കാര്യങ്ങളിൽ കൂടുതൽ വിശ്വാസം നൽകാൻ ഡോൺ ബോസ്‌കോ എന്ന വ്യാജ ഇമെയിൽ വഴി സന്ദേശം മറ്റുള്ളവർക്ക് അയച്ചതാണോ എന്നും സംശയമുണ്ട്.

നിലവിൽ ബാഹ്യ ഇടപെടലിന് തെളിവ് ലഭിച്ചിട്ടില്ല, മുഖ്യസൂത്രധാരൻ നവീൻ തന്നെയെന്നാണ് അന്വേഷണസംഘത്തിന്റെ നി?ഗമനം. മരണത്തിനായി അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്യഗ്രഹജീവിതം സാധ്യമാകുമെന്ന വിശ്വാസത്താൽ ഉയർന്ന പ്രദേശം തിരഞ്ഞെടുത്തതാകാം.