ശ്രീകണ്ഠാപുരം :കണ്ണൂർ ജില്ലയിലെ കർണാടകാ വനാതിർത്തിയോട് ചേർന്ന് കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം നായാട്ടുസംഘാംഗം അബദ്ധത്തിൽ വെടിയേറ്റ് മരിച്ചതിൽ വിശദ അന്വേഷണം. കാഞ്ഞിരക്കൊല്ലി സ്വദേശി ബെന്നി പരത്തനാൽ(54) ആണ് മരിച്ചത്. വെള്ളിയാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇയാൾ വെടിയേറ്റ് മരിച്ചത്.

പയ്യാവൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം വ്യാജമദ്യം നിർമ്മിക്കുകയും ചെയ്തിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസിനും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും പുറമെ എക്സൈസും പരിശോധന ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി സ്വദേശികളായ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടിവ് അംഗവും, മറ്റൊരാളുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ആരോപണമുണ്ട്. ഇവർ പൊലീസ് കസ്റ്റഡിയിലുണ്ട്. പൊലീസ് ശക്തമായ അന്വേഷണം നടത്തും.

സ്ഥിരമായി വനമേഖലയിൽ നായാട്ടിനായി പോകുന്ന സംഘമാണ് ഇവരെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാഞ്ഞിരക്കൊല്ലി, വഞ്ചിയം മേഖലയിൽ നായാട്ട് സംഘത്തിനെതിരേ നിരവധി പരാതികൾ ഉയർന്നെങ്കിലും കൃത്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. വെടിയേറ്റ് മരിച്ച ബെന്നിയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: സോഫിയ, മക്കൾ: സ്റ്റെഫി, ക്ലിന്റ്, ക്ലമന്റ്. സംഭവത്തിൽ പയ്യാവൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആരുടെ കൈയിൽ നിന്നാണ് തോക്കിലെവെടി പൊട്ടിയതെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.ശനിയാഴ്‌ച്ച പുലർച്ചെ പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ പെട്ട കാഞ്ഞിരക്കൊല്ലിയിലാണ് സംഭവം നടന്നത്. ലൈസൻസ് ഇല്ലാത്ത തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. സംഭവം നടക്കുമ്പോൾ പ്രദേശവാസികളായ രണ്ട് പേർ ബെന്നിയോടൊപ്പം ഉണ്ടായിരുന്നു. താഴെ വീണ തോക്ക് എടുക്കുന്നതിനിടയിൽ തോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നുവെന്നാണ് ബെന്നിയുമായി അടുപ്പമുള്ളവർ പറയുന്നത്.

ബെന്നിയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരും ചേർന്ന് പ്രദേശത്ത് കപ്പ കൃഷി ചെയ്തിരുന്നു. ഈ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. കർഷകർ രാത്രിയിൽ കാവലിരുന്നാണ് കാർഷിക വിളകൾ സംരക്ഷിക്കുന്നത്. ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിന് കാരണമായ തോക്ക്. കസേരയിൽ തോക്കുമായി കാവലിലിരിക്കുകയായിരുന്ന ബെന്നി ഉറക്കം തൂങ്ങുന്നതിനിടയിൽ തോക്ക് താഴെ വീണു, ഇത് കുനിഞ്ഞ് എടുക്കുന്നതിനിടയിലാണ് അബന്ധത്തിൽ വെടി പൊട്ടിയതെന്നാണ് പറയുന്നു.

ഈ സമയം മറ്റ് രണ്ട് പേർ തറയിൽ കിടന്ന് ഉറങ്ങുക ആയിരുന്നു. വെടിശബ്ദം കേട്ട് ഞെട്ടി ഉണർന്ന ഇവർ പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ബെന്നിയെയാണ് കണ്ടത്. ഉടൻ തന്നെ പയ്യാവൂരിലുള്ള ആശുപതിയിൽ എത്തിച്ചു , പക്ഷേ മരിച്ചിരുന്നു. കൂടെയുള്ള രണ്ട് പേർ പയ്യാവൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സംഭവിച്ചത് പറയുകയായിരുന്നു. സ്റ്റേഷനിൽ ഹാജരായ മറ്റ് രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ ഉള്ളത്. ഇവർ പറഞ്ഞത് പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.

കാഞ്ഞിരക്കൊല്ലിൽ അരുവി എന്ന പേരിൽ ആളുകൾക്ക് താമസിക്കാനുള്ള ഹട്ട് നടത്തി വരികയായിരുന്നു. സോഫിയാണ് മരിച്ച ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലമന്റ്, സ്റ്റെഫി എന്നിവർ മക്കളാണ്.