തിരുവനന്തപുരം: ആര്യ ബി. നായരെ ഭീഷണിപ്പെടുത്തിയാകും നവീനും ഭാര്യ ദേവിയും വീട്ടിൽനിന്ന് കൊണ്ടുപോയതെന്ന് ബന്ധുക്കൾ. കുട്ടിയെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ചോ, സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ കൊണ്ടുപോയിരിക്കാമെന്ന സംശയമാണുള്ളതെന്ന് ബന്ധു ഗിരിധരഗോപൻ പറഞ്ഞു. ആര്യ ശ്രീകാര്യത്തെ ചെമ്പക സ്‌കൂളിൽ അദ്ധ്യാപികയാണ്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും ബന്ധുക്കൾ പറയുന്നു. ആര്യയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ സാധ്യതയില്ല. അങ്ങനെയുണ്ടായാൽ പ്രതികരിക്കാനുള്ള വിദ്യാഭ്യാസമുണ്ട്. സ്വാധീനം ചെലുത്തി കൊണ്ടുപോയിരിക്കാനാണ് സാധ്യത. കുട്ടിയെ തെറ്റിദ്ധരിപ്പിച്ചിരിക്കാനും സാധ്യതയുണ്ട്. രാവിലെ സ്‌കൂളിൽ ജോലിക്കായി പോയ ആര്യ മടങ്ങിയെത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. സ്‌കൂളിൽ വിളിച്ചപ്പോൾ അവധി അപേക്ഷ നൽകിയതായി മനസിലായി. പിന്നീടാണ് അച്ഛൻ വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയത്ഗിരിധരഗോപൻ പറയുന്നു.

ആര്യയുടെ പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പുറത്തുള്ളവരോട് അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. ജൂൺ ആറിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വീട്ടുകാർ വിവാഹം ക്ഷണിക്കുന്ന തിരക്കിലായിരുന്നു. വിവാഹം ആര്യയുടെ ഇഷ്ടത്തോടെയാണ് തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പ്രതിശ്രുത വരനുമായി ആര്യ ഫോണിൽ സംസാരിച്ചിരുന്നു. സന്തോഷത്തോടെയാണ് കാണപ്പെട്ടതെന്നും ബന്ധുക്കൾ പറഞ്ഞു.

മരിച്ച ദമ്പതികളിൽ ദേവിയുമായി ആര്യ നല്ല അടുപ്പത്തിലായിരുന്നുവെന്നും ഇദ്ദേഹം അറിയിക്കുന്നു. നവീനിലേക്കാണ് ആര്യയുടെ ബന്ധുക്കളുടെ സംശയം നീളുന്നത്. നവീൻ ആയിരിക്കാം എല്ലാത്തിനും പിന്നിൽ, ആര്യയുടെ സ്വഭാവത്തിൽ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധു അറിയിച്ചു. മരണാനന്തര ജീവിതത്തെ കുറിച്ച് നവീൻ കഴിഞ്ഞ രണ്ട് വർഷമായി ഗൂഗിളിൽ നിരന്തരം സർച്ച് ചെയ്തിരുന്നുവെന്നും ഇത്തരത്തിലുള്ള ചില വശങ്ങൾ കേസിലുള്ളതായും ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് അരുണാചലിലെ ഹോട്ടൽ മുറിയിൽ മൂവരും മരിച്ച നിലയിൽ എന്ന വാർത്ത വരുന്നത്. 28 തീയതിയാണ് മൂവരും ഹോട്ടൽ മുറിയെടുത്തത്. ഇവരുടെ അനക്കമൊന്നുമില്ലാതായതോടെ വാതിൽ പൊളിച്ച് അകത്തുകയറിയ ഹോട്ടൽ ജീവനക്കാരാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെങ്കിലും ഇവരുടെ ദേഹത്തെ മുറിവുകളും മറ്റും പല സംശയങ്ങളും ഉയർത്തുന്നുണ്ട്.