മൂവാറ്റുപുഴ: വാളകത്ത് മറുനാടൻ ഹോട്ടൽ തൊഴിലാളിയും യുട്യൂബറുമായ അരുണാചൽ സ്വദേശി അശോക് ദാസ് (24) കൊല്ലപ്പെട്ടത് ആൾക്കൂട്ടക്കൊലയെന്ന് സ്ഥിരീകരിക്കുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രൂരത. സംഘംചേർന്ന് കെട്ടിയിട്ടുള്ള വിചാരണയും മർദനവും നടന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ഡോക്ടറുടെ മൊഴിയുടെയും വിശദ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ആൾക്കൂട്ട കൊലപാതകം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. വാളകം കവലയ്ക്കു സമീപം രണ്ട് സ്ത്രീകൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ അശോക് ദാസ് ഇവിടെ വെച്ച് അക്രമാസക്തനായി. അലമാരയുടെ ചില്ല് ഇടിച്ചുപൊട്ടിച്ചതിനെ തുടർന്ന് കൈമുറിഞ്ഞു. കൈമുറിഞ്ഞ് രക്തമൊഴുക്കിക്കൊണ്ട് റോഡിലെത്തിയ ഇയാളെ നാട്ടുകാർ ചോദ്യം ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി റോഡരുകിലെ ഇരുമ്പ് കാലിൽ കെട്ടിയിട്ടു. പിന്നെ ക്രൂരത നടന്നു. പെൺകുട്ടികളുടെ മൊഴികളും ഇവർ കൈമാറിയ ദൃശ്യങ്ങളും നിർണായകമായി. പെൺകുട്ടികൾ മജിസ്‌ട്രേറ്റിന് രഹസ്യമൊഴിയും നൽകി. സ്ഥലത്തെ മൊബൈൽ ദൃശ്യങ്ങളും കേസ് ആൾക്കൂട്ട വിചാരണയെന്ന് വ്യക്തമാക്കി. സംഭവത്തിൽ ഒരു വീട്ടിലെ മൂന്നു പേരടക്കം പത്ത് പേരാണ് അറസ്റ്റിലായത്. കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

'എംസി മുന്നു' എന്ന പേരിൽ യുട്യൂബിൽ 13 വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട് മരിച്ച അരുണാചലുകാരൻ. ഹിന്ദി ഭാഷയിലെ ഗാനങ്ങൾക്കൊപ്പം ചുവടുവെക്കുന്ന വീഡിയോകളാണ് ഇവയെല്ലാം. 12 ദിവസം മുൻപാണ് ലോസ്റ്റ് ഓഫ് ടൈം എന്ന അവസാന വീഡിയോ അപ്‌ലോഡ് ചെയ്തത്. മൂവാറ്റുപുഴയിൽ ഹോട്ടൽ ജീവനക്കാരനായ ഇയാൾ ഒരു വർഷം മുൻപാണ് യുട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്ത് തുടങ്ങിയത്. ഹോട്ടൽ ജീവനക്കാരനായിരുന്ന അശോക് ദാസ് ഏതാനും നാളുകളായി വാളകത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് കൊലപാതകം.

വാളകം പടിഞ്ഞാറെ കുടിയിൽ വീട്ടിൽ ബിജീഷ് (44), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അമൽ (39), എള്ളും വാരിയത്തിൽ വീട്ടിൽ സനൽ (38), മുൻ പഞ്ചായത്തംഗം കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ വീട്ടിൽ ഏലിയാസ് കെ. പോൾ (55), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ വീട്ടിൽ സത്യകുമാർ (56), മക്കളായ കേശവ് സത്യൻ (20), സൂരജ് സത്യൻ (26), അറയൻകുന്നത്ത് വീട്ടിൽ എമിൽ (27), പുളിക്കപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണ (23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

രാത്രി 11 മണിയോടെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ മരിച്ചു. പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്താണ് അശോക് ദാസെന്നും ഇരുവരും ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. അശോക് ദാസ് തങ്ങളുടെ സുഹൃത്താണെന്നും മദ്യലഹരിയിൽ വീട്ടിലെ അലമാരച്ചില്ല് പൊട്ടിച്ചപ്പോഴുണ്ടായ മുറിവാണ് കൈയിലുണ്ടായിരുന്നതെന്നുമാണ് പെൺകുട്ടികളുടെ മൊഴി. വഴിയിൽ വെച്ച് തടഞ്ഞുനിർത്തി സംഘം ചേർന്ന് മർദിച്ചുവെന്നും ഇവർ മൊഴി നൽകി. മർദനത്തിന്റെ ദൃശ്യങ്ങളും മറ്റും ഇവർ കൈമാറി. പൊലീസ് പിടിച്ചെടുത്ത ഫോണുകളിലെ ദൃശ്യങ്ങൾ പലതും മാച്ചുകളഞ്ഞിരുന്നെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കും. ദൃശ്യങ്ങൾ കിട്ടുന്നതോടെ മാത്രമേ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂ. അൻപതോളം പേർ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് അതിനിർണ്ണായകമായി. അശോക്ദാസ് അതിക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്വാസകോശം തകർന്ന നിലയിലാണ്. തലച്ചോറിലും ആഘാതമേറ്റു. ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകളോ പരിക്കുകളോ ഇല്ല. തലയുടെ ഒരു ഭാഗത്തുതന്നെ നിരന്തരമായി അടിക്കുകയോ ഇടിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. ചവിട്ടുകയോ തുടർച്ചയായി ഇടിക്കുകയോ ചെയ്തതിന്റെ ഫലമായാണ് ശ്വാസകോശം തകർന്നത്. വീഴ്ചയിൽ സംഭവിക്കാവുന്ന തരത്തിലുള്ള പോറലുകളോ മുറിവോ ചതവോ ഇല്ലാത്തതും മർദനമാണ് മരണകാരണമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചു.

ശനിയാഴ്ച ഉച്ചയോടെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. അശോക് ദാസിനെ കെട്ടിയിട്ട സ്ഥലം, ഇയാൾ ഓടിയ വഴികൾ, സ്ഥലങ്ങൾ, പെൺകുട്ടികൾ താമസിച്ചിരുന്ന വാടക വീട് എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും സംഭവം നടക്കുമ്പോൾ ഒട്ടേറെ പേരുണ്ടായിരുന്നുവെന്നും ഇവിടെ തങ്ങളെത്തുമ്പോഴേക്കും ആളെ കെട്ടിയിട്ടിരുന്നുവെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.