- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടകിലെ റിസോർട്ടിൽ മകളെ കൊലപ്പെടുത്തി തൂങ്ങി മരിച്ചത് തിരുവല്ല മാർത്തോമ്മ കോളജിലെ അസി. പ്രഫസറും ഭർത്താവും; ഇവരുടെ രണ്ടാം വിവാഹം കഴിഞ്ഞിട്ടു ഏഴു മാസം; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്; കനേഡിയൻ വിസാ ഇടപാടിൽ വിനോദിന് പണം നഷ്ടമെന്ന് സൂചനകൾ
തിരുവല്ല: കുടകിലെ റിസോർട്ടിൽ മുറിയെടുത്ത ശേഷം മകളെ കൊലപ്പെടുത്തിയ തൂങ്ങി മരിച്ചത് തിരുവല്ല മാർത്തോമ്മ കോളജിലെ അസി. പ്രഫസറും ഭർത്താവും. കല്ലൂപ്പാറ സ്വദേശിനി ജിബി ഏബ്രഹാം (38), തിരുവല്ലയിൽ എഡ്യൂക്കേഷൻ കൺസൾട്ടൻസി നടത്തുന്ന ഭർത്താവും വിമുക്തഭടനും കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനൻ (43), ജിബിയുടെ ആദ്യ വിവാഹത്തിലുള്ള മകൾ ജെയിൻ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്.
കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോർട്ടിലെ കോട്ടേജിൽ ശനിയാഴ്ച രാവിലെ ഹോട്ടൽ ജോലിക്കാരാണ് മൃതദേഹം കണ്ടത്. ജെയിനെ കൊലപ്പെടുത്തിയ ശേഷം വിനോദും ജിബിയും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത കാരണമാണ് മരിക്കുന്നതെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് എസ്യുവിയിലെത്തിയ മൂന്നംഗ കുടുംബം റിസോർട്ടിൽ മുറിയെടുത്തത്. കുറച്ചു നേരം ഇവർ റിസോർട്ട് ചുറ്റി നടന്ന് കണ്ടിരുന്നുവെന്ന് മാനേജർ ആനന്ദ് പൊലീസിന് മൊഴി നൽകി. പുറത്തുള്ള കടയിൽ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ 10 ന് തങ്ങൾ ചെക്കൗട്ട് ചെയ്യുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോൾ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വിനോദും ജിബിയും തൂങ്ങി നിൽക്കുന്നത് കണ്ടത്.
വിനോദിന്റെയും ജിബിയുടെയും രണ്ടാം വിവാഹമാണ്. ജിബി ജനിച്ചതും വളർന്നതും ഗൾഫിലാണ്. കാസർകോഡ് സ്വദേശിയുമായി വിവാഹം കഴിഞ്ഞതിന് ശേഷം ബംംഗളൂരുവിൽ കഴിയുകയായിരുന്നു. ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഏൽക്കേണ്ടി വന്നപ്പോൾ വിവാഹ മോചനം നേടി നാട്ടിലേക്ക് വന്നു. മകൾക്ക് അന്ന് മൂന്നു വയസായിരുന്നു. ഗൾഫിലായിരുന്ന മാതാപിതാക്കളും ഇതേ തുടർന്ന് നാട്ടിലേക്ക് വന്നിരുന്നു.
എട്ടുവർഷം മുൻപാണ് തിരുവല്ല മാർത്തോമ്മ കോളജിൽ സെൽഫ് ഫിനാൻസിങ് കോഴ്സായ എം.എസ്.സി ബയോടെക്നോളജിയിൽ അസി. പ്രഫസർ ആയി ചേർന്നത്. മൂന്നു വർഷം മുൻപ് കാനഡയിലേക്ക് പോകുന്നതിന് വേണ്ടി ശ്രമം തുടങ്ങി. ഇത് നടക്കാതെ വന്നപ്പോൾ അയർലൻഡിലേക്ക് പോകുന്നതിന് നീക്കം തുടങ്ങി. തിരുവല്ലയിൽ എഡ്യൂക്കേഷൻ കൺസൾട്ടൻസി നടത്തുന്ന വിനോദിനെയാണ് ഇതിന് വേണ്ടി സമീപിച്ചത്. ഇവർ തമ്മിലുള്ള പരിചയം കഴിഞ്ഞ മെയ് മാസത്തിലാണ് വിവാഹത്തിലെത്തിയത്. ജിബി വിനോദിനെ രജിസ്റ്റർ വിവാഹം കഴിക്കുകയായിരുന്നു. ജിബിയുടെ വീട്ടുകാർക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നു. തിരുവല്ല ജോയ് ആലുക്കാസിന് സമീപമുള്ള ഫ്ളാറ്റിലാണ് വിനോദും ജിബിയും മകളുമായി കഴിഞ്ഞിരുന്നത്.
വിനോദിന്റെ കൺസൾട്ടൻസിയിൽ ജിബി പാർട്ട്ണർ കൂടിയായിരുന്നു. ജിബിയുടെ മകൾ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. കനേഡിയൻ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽ നിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. ഇതേ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണ് വിവരം. വിനോദും ജിബിയും വിവാഹം കഴിച്ചത് അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. ആത്മഹത്യാ വാർത്ത പുറത്തു വരുമ്പോഴാണ് സഹപ്രവർത്തകർ പോലും ജിബിയുടെ രണ്ടാം വിവാഹം നടന്ന കാര്യം അറിയുന്നത്.
വിനോദ് സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ്. ഇയാൾക്ക് ആദ്യ വിവാഹത്തിൽ ഭാര്യയും ഒരു മകളുമുണ്ട്. ഇവർ കാനഡയിലാണുള്ളതെന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയിരുന്നതായി ജിബിയുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. ഒരാഴ്ച മുൻപ് ഡൽഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ലീവ് എടുത്തത്. ഇപ്പോൾ ഇവരുടെ മരണ വാർത്തയറിഞ്ഞ ഞെട്ടലിലാണ് സഹപ്രവർത്തകർ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്