- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളേക്കാൾ ഉയർന്ന മാർക്ക് വാങ്ങിയ സഹപാഠിയായ 14 കാരന് വിഷം കൊടുത്തു കൊന്ന കാരയ്ക്കലിലെ അമ്മ സെപ്റ്റംബറിലെ വില്ലത്തിയായി; ഒക്ടോബറിൽ കൊല്ലങ്കോട്ടെ അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ ദുരന്തമുണ്ടാക്കിയത് ശീതളപാനിയത്തിലെ വിഷം; ബാലമണികണ്ഠനെ പോലെ അശ്വിനും; കേരള അതിർത്തിയിലെ സ്‌കൂളിൽ സംഭവിച്ചത് എന്ത്?
നെയ്യാറ്റിൻകര: സഹപാഠി നൽകിയ ആസിഡ് കലർത്തിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങുമ്പോൾ ഉയരുന്നത് കാരയ്ക്കൽ മോഡൽ. കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽ-സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശീതള പാനിയം കുടിച്ച് ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു.
രണ്ടു മാസം മുമ്പുണ്ടായ കാരയ്ക്കൽ ദുരന്തത്തിന് സമാനമാണോ ഇതെന്ന സംശയം ശക്തമാണ്. മകളേക്കാൾ ഉയർന്ന മാർക്ക് വാങ്ങിയ സഹപാഠിയായ 14 കാരനോടുള്ള അസൂയ സഹിക്കാനാവാതെ വിഷം കൊടുത്തു കൊന്ന് അമ്മ. പുതുച്ചേരി കരായ്ക്കൽ സ്വദേശിയായ സഹായറാണി വിക്ടോറിയ എന്ന യുവതിയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ബാല മണികണ്ഠൻ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഇതാണ്ട് ഇതിന് സമാനമാണ് അശ്വിന്റെ മരണവും. എല്ലാ ചികിൽസയും നൽകിയിട്ടും ബാല മണികണ്ഠനെ പോലെ അശ്വിനും യാത്രയായി.
മൂന്നാഴ്ചത്തെ ചികിത്സയ്ക്കൊടുവിലാണ് കുട്ടിയെ മരണം കൊണ്ടു പോയത്. അതേസമയം കുട്ടിക്ക് ആരാണു പാനീയം നൽകിയതെന്നു ഇനിയും കണ്ടെത്താനായിട്ടില്ല. പൊലീസ് ഇത് അന്വേഷിച്ചു വരികയാണ്. സ്‌കൂളിലെ ഏതോ ഒരു വിദ്യാർത്ഥിയെന്ന് മാത്രമേ അറിയൂ. കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ സ്‌കൂളിലെ ഒരു വിദ്യാർത്ഥി 'കോള' എന്ന പേരിൽ പാനീയം കുടിക്കാൻ തന്നുവെന്നാണു കുട്ടിയുടെ മൊഴി. അന്ന് തന്നെ കുട്ടിക്ക് അസ്വസ്ഥത തുടങ്ങി. പിറ്റേദിവസം ജ്വരബാധിതനായി അവശനിലയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛർദിയും കടുത്ത ശ്വാസംമുട്ടലുമായി 27 ന് അശ്വിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളിൽ ചെന്നിട്ടുണ്ടെന്നും അന്നനാളത്തിനും കുടലിനുമുൾപ്പെടെ പൊള്ളലേറ്റിട്ടുണ്ടെന്നും കണ്ടെത്തിയത്. മകളുടെ സഹപാഠിയെ താൻ കൊന്നത് എലിവിഷം നൽകിയാണെന്ന് കാരയ്ക്കലിൽ അറസ്റ്റിലായ സഹായറാണിയുടെ മൊഴി ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. കോട്ടുച്ചേരിയിലെ സ്വകാര്യസ്‌കൂളിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയായ ബാലമണികണ്ഠനാണ് വിഷപാനീയം കഴിച്ച് രണ്ടു മാസം മുമ്പ് മരിച്ചത്.
വീടിന് അകലെയുള്ള കടയിൽനിന്നാണ് എലിവിഷം വാങ്ങിയത്. അത് ശീതളപാനീയത്തിൽ കലക്കി സ്‌കൂൾ കാവൽക്കാരൻവഴിയാണ് ബാലമണികണ്ഠന് നൽകിയത്. മകളെക്കാൾ നന്നായി പഠിക്കുകയും മാർക്ക് വാങ്ങുകയും ചെയ്തതിന്റെ അസൂയകാരണമാണ് ബാലമണികണ്ഠനെ കൊലപ്പെടുത്തിയതെന്നും സഹായറാണി മൊഴിനൽകിയിരുന്നു. മൂന്നിന് സ്‌കൂൾ വാർഷികപരിപാടികളുടെ പരിശീലനത്തിനെത്തിയപ്പോഴാണ് സഹായറാണി വിഷംകലർത്തിയ ശീതളപാനീയം സ്‌കൂളിലെത്തിച്ച് കാവൽക്കാരൻവഴി ബാലമണികണ്ഠന് നൽകിയത്. തിരികെ വീട്ടിലെത്തിയപ്പോൾ ശാരീരികാസ്വസ്ഥതകൾ ഉണ്ടായി. തുടർന്ന് രാത്രിയോടെ ആശുപത്രിയിലാണ് മരിച്ചത്.
ആസിഡ് ഉള്ളിൽ ചെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ് കളിയിക്കാവിള പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സ്‌കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നും പൊലീസ് അന്നു കണ്ടെത്തിയിരുന്നു. മനുഷ്യ ജീവൻ മനഃപൂർവം അപകടത്തിൽ ആക്കുക എന്ന ലക്ഷ്യത്തോടെ വിഷം, ലഹരി പദാർഥം എന്നിവ നൽകിയാൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328-ാം വകുപ്പു പ്രകാരം 10 വർഷം വരെ കഠിനതടവും പിഴയും ശിക്ഷയായി ലഭിക്കാം. ഈ വകുപ്പാണ് അജ്ഞാതരായ പ്രതികൾക്കെതിരെ ചുമത്തിയത്. എന്നാൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി ബന്ധുക്കൾ തമിഴ്‌നാട് എസ്‌പി, കലക്ടർ, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്.
നെയ്യാറ്റിൻകര ന്മ അശ്വന് ശീതള പാനീയം നൽകി എന്നു പറയുന്നതിന്റെ തലേന്ന് കെമിസ്ട്രി ലാബിൽ, വിദ്യാർത്ഥികൾ പരീക്ഷണം നടത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അന്ന് ഉപയോഗിച്ച രാസവസ്തുക്കൾ ഉള്ളിൽ ചെന്നാലും സമാനമായ അവസ്ഥയുണ്ടാകുമെന്ന് ഡോക്ടർമാരും പറയുന്നു. പക്ഷേ, അന്നു ലാബിൽ പരീക്ഷണത്തിലൂടെ നിർമ്മിച്ച ദ്രാവകം പൂർണമായി ഒഴുക്കി കളഞ്ഞതായി സ്‌കൂൾ അധികൃതർ ഉറപ്പിച്ചു പറയുന്നു. എന്തായിരുന്നു ലക്ഷ്യമെന്നും ആരാണു പിന്നിലെന്നും കണ്ടെത്താൻ, സംഭവം നടന്ന് ഏതാണ് ഒരു മാസത്തോളമായിട്ടും കേസ് അന്വേഷിക്കുന്ന കളിയിക്കാവിള പൊലീസിന് ആയിട്ടില്ല.
സ്‌കൂളിലെ ഒരു വിദ്യാർത്ഥി 'കോള' വേണോ എന്ന ചോദ്യത്തോടെ കൈവശം സൂക്ഷിച്ചിരുന്ന കുപ്പി നീട്ടുന്നത്. അശ്വിൻ അതു വാങ്ങി ഒരു കവിൾ കുടിക്കുകയും രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്നു വലിച്ചെറിയുകയും ചെയ്തുവെന്നു ബന്ധുക്കളോട് പറഞ്ഞിരുന്നു. കളിയിക്കാവിള പൊലീസ് സ്‌കൂൾ വളപ്പിൽ അരിച്ചു പെറുക്കിയിട്ടും ഇത്തരം ഒരു കുപ്പി കണ്ടെത്താനായില്ല. സ്‌കൂളിലെ സിസിടിവി പ്രവർത്തിക്കാത്തതും രക്ഷിതാക്കളിൽ സംശയം ഉണർത്തുന്നു. അശ്വിന്റെ പിതാവ് സുനിൽ, വിദേശത്തായിരുന്നു. പ്ലമർ ജോലിയാണിവിടെ. മകന്റെ അവസ്ഥ അറിഞ്ഞ് നാട്ടിലെത്തി. വേർപാട് അറിഞ്ഞതോടെ വിങ്ങിപ്പൊട്ടിയ സുനിലിനെയും ഭാര്യ സോഫിയയെയും സമാധാനിപ്പിക്കാൻ ആർക്കുമായില്ല. സോഫിയ വീട്ടമ്മയാണ്. 4-ാം ക്ലാസുകാരി അശ്വിക സഹോദരിയാണ്.
ബാല മണികണ്ഠനും സഹായറാണിയുടെ മകളും കരായ്ക്കലിലെ സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു. ബാല പരീക്ഷയിൽ മകളെക്കാൾ ഉയർന്ന മാർക്ക് വാങ്ങിയതാണ് യുവതിയുടെ അസൂയക്കുള്ള കാരണം. പരീക്ഷയിൽ ബാല മണികണ്ഠന് ഒന്നാം റാങ്കും സഹായറാണിയുടെ മകൾക്ക് രണ്ടാം റാങ്കുമാണ് ലഭിച്ചിരുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്ന ബാലമണികണ്ഠൻ വാർഷിക ദിനത്തോടനുബന്ധിച്ചുള്ള പരിശീലനങ്ങൾക്കായി സ്‌കൂളിൽ എത്തിയ സമയത്താണ് വിഷം നൽകി കൊലപ്പെടുത്തിയത്.
സ്‌കൂളിൽ പരിശീലനം നടക്കുന്നതിനിടെ ശീതള പാനീയത്തിൽ വിഷം കലർത്തി എത്തിയ സഹായറാണി അത് ബാലമണികണ്ഠന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനെ സമീപിച്ചു. ബാലയുടെ ബന്ധുവാണ് താനെന്നും കുട്ടിയുടെ അമ്മ പറഞ്ഞുവിട്ടത് പ്രകാരം ശീതള പാനീയവുമായി എത്തിയതാണെന്നുമാണ് സെക്യൂരിറ്റി ജീവനക്കാരനെ ഇവർ ധരിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ കൈമാറിയ പാനീയം ബാല സ്‌കൂളിൽവച്ചുതന്നെ കുടിക്കുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ ബാലയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ശീതള പാനീയം കുടിച്ച ശേഷം ഉണ്ടായ ബുദ്ധിമുട്ടുകളാണെന്ന് കുട്ടി പറഞ്ഞതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
വീട്ടിൽ നിന്നാരും പാനീയവുമായി സ്‌കൂളിൽ എത്തിയിട്ടില്ല എന്ന് മനസ്സിലായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സഹായറാണിയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് തിരിച്ചറിഞ്ഞു. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. പാഠ്യ-പാഠേതര പ്രവർത്തനങ്ങളിൽ മകളേക്കാൾ മികച്ച പ്രകടനം ബാലമണികണ്ഠൻ സ്ഥിരമായി കാഴ്ചവയ്ക്കുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നതിനാലാണ് ബാലയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്ന് ഇവർ കുറ്റസമ്മതം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ