മലപ്പുറം: കുനിയിൽ ഇരട്ടക്കൊലക്കേസിൽ 12 പ്രതികൾക്ക് ഇന്നലെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും ഈ കേസിലേക്ക് നയിച്ച അരീക്കോട് കുനിയിൽ അത്തീഖ് റഹ്‌മാൻ വധക്കേസിലെ വിചാരണ നടപടികൾ വൈകിയേക്കും. നിലവിലെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി ടി.എച്ച്.രജിത സ്ഥലം മാറി പോകുന്നതാണ് കാരണം. പട്ടാമ്പി പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ ജനറൽ ട്രാൻസ്ഫറിൽ മഞ്ചേരി കോടതിയിൽ അടുത്ത മാസം ചുമതല ഏൽക്കുമെങ്കിലും കേസ് ഷെഡ്യൂൾ ചെയ്യുന്നത് വൈകുമെന്നാണ് സൂചന.

2012 ജനുവരി 5നാണ് കുനിയിൽ നടുപ്പാട്ടിൽ അത്തീഖ് റഹ്‌മാൻ കൊല്ലപ്പെടുന്നത്. ഫുട്ബോൾ ടൂർണമെന്റു നടത്തിപ്പുമായ ബന്ധപ്പെട്ട നിസാര തർക്കമാണ് അത്തീഖ് റഹ്‌മാനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. കൊലപാതക സംഘത്തിലെ പ്രധാനികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട കൊളക്കാടൻ അബൂബക്കറും സഹോദരൻ ആസാദും. ഇവർക്കു പുറമെ കൊളക്കാടൻ ഗുലാം ഹുസൈൻ, കൊളക്കാടൻ നാസർ, ഗുലാം പാഷ, കുറ്റൂളി ഉള്ളാടൻ ഫൈസീർ എന്നിവരും പ്രതികളായിരുന്നു. 2012ൽ മഞ്ചേരി സിഐ ദേവദാസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെ സ്ഥലം മാറിപ്പോയി. ഇതോടെ വിചാരണ നടപടികൾ വൈകി.

2015ൽ കൊല്ലപ്പെട്ട അതീഖിന്റെ ഭാര്യ റുബീൻ, സഹോദരൻ ഷറഫുദ്ധീൻ എന്നിവർ മൂന്ന് തവണ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചതോടെയാണ് 2015ൽ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം തലശ്ശേരി സ്വദേശിയായ അഡ്വ.പി.സി.നൗഷാദിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഈ കേസിൽ സർക്കാർ നിയമിച്ചു. തുടർന്നാണ് കേസിന്റെ വിചാരണ നടപടികൾ തുടങ്ങിയത്. ഇനി സാക്ഷികളെ വിസ്തരിക്കാനുണ്ട്. കുനിയിൽ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചെങ്കിലും ഇതിലേക്ക് നയിച്ച അതീഖ് റഹ്‌മാൻ വധക്കേസിന്റെ വിചാരണ നടപടികൾ ഇഴയുകയാണ്. ഇതിന് പിന്നിൽ പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണെന്ന ആക്ഷേപവും വ്യാപകമാണ്.

അരീക്കോട് കുനിയിൽ സംഘം ചേർന്ന് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇക്കഴിഞ്ഞ 13ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികൾക്കും ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷയുമായി ഇന്നലെ കോടതി വിധിച്ചത്. ആദ്യ പതിനൊന്ന് പ്രതികളായ കുനിയിൽ അൻവാർ നഗർ നടുപ്പാട്ടിൽ വീട്ടിൽ കുറുവങ്ങാടൻ മുക്താർ എന്ന മുത്തു (40), കോഴിശ്ശേരിക്കുന്നത്ത് റാഷിദ് എന്ന ബാവ (34), മുണ്ടശ്ശേരി വീട്ടിൽ റഷീദ് എന്ന സുഡാനി റഷീദ് (33), താഴത്തേയിൽ കുന്നത്ത് ചോലയിൽ ഉമ്മർ (45), വിളഞ്ഞോത്ത് ഇടക്കണ്ടി മുഹമ്മദ് ഷരീഫ് എന്ന ചെറി (43), മഠത്തിൽ കൂറുമാടൻ അബ്ദുൽ അലി (31), ഇരുമാംകുന്നത്ത് ഫദലുറഹ്‌മാൻ (31), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീൻ (30), വടക്കേച്ചാലി മധുരക്കുഴിയൻ മഹ്‌സൂം (38), വിളഞ്ഞോളത്ത് എടക്കണ്ടി സാനിസ് എന്ന ചെറുമണി (39), പിലാക്കൽക്കണ്ടി ഷബീർ എന്ന ഇണ്ണിക്കുട്ടൻ (31), എന്നിവരും 18ാം പ്രതി ആലുംകണ്ടി ഇരുമാംകടവത്ത് സഫറുല്ല എന്ന സഫർ (42) എന്നിവർക്കുമാണ് ജഡ്ജി ടി എച്ച് രജിത ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പു പ്രകാരം ജീവപര്യന്തം തടവ്, അര ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഒന്നു മുതൽ 11 വരെയുള്ള പ്രതികൾക്ക് ആംസ് ആക്ട് പ്രകാരം ആയുധം കൈവശം വെച്ചതിന് ഏഴുവർഷം തടവും 5000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവും കോടതി വിധിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ ശിക്ഷാ നിയമം 147, 148 വകുപ്പുകൾ വീതം രണ്ടു വർഷം വീതം കഠിന തടവും വിധിച്ചു.

ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയായിരിക്കും ലഭിക്കുക. പ്രതികൾ പിഴയടക്കുന്ന പക്ഷം തുക കൊലപ്പെട്ടവരുടെ ആശ്രിതർക്ക് നൽകാനും കോടതി വിധിച്ചു. 750 പേജോളം വരുന്ന വിധിന്യായത്തിൽ 12 പ്രതികളും കൊലപാതകത്തിലും ഗൂഢാലോചനയിലും കുറ്റക്കാരെന്ന് തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ആദ്യ 11 പ്രതികൾ കൊലപാതകത്തിനും ഗൂഢാലോചനക്കും പുറമെ അന്യായമായി സംഘം ചേരൽ, ആയുധങ്ങളുമായി ലഹള നടത്തൽ, മാരകായുധം കൈവശം വക്കൽ, പ്രേരണ കുറ്റം, ഒത്തൊരുമിച്ച് കലാപം സൃഷ്ടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതായും കോടതി കണ്ടെത്തി.

ആകെ 22 പ്രതികളുള്ള കേസിൽ ഒമ്പതു പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. മറ്റൊരു പ്രതിയായ ഫിറോസ് ഖാനെ നേരത്തെ മാപ്പു സാക്ഷിയാക്കിയിരുന്നെങ്കിലും വിചാരണക്ക് ഹാജരാകാത്തതിനാൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇയാളെ പ്രതിയാക്കുകയായിരുന്നു. ഇയാൾക്കെതിരെയുള്ള കേസ് തുടരും. ദൃക്സാക്ഷികളുൾപ്പെടെ 275 സാക്ഷികളെ പ്രോസിക്യൂഷനും ഒരു സാക്ഷിയെ പ്രതിഭാഗവും കോടതി മുമ്പാകെ വിസ്തരിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ നൂറിലധികം തൊണ്ടിമുതലുകളും പ്രതികളുടെ ഫോൺ കോളുകളുടെ രേഖകളും പ്രതികൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും ഉൾപ്പെടെ മുവ്വായിരത്തിലധികം രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

2012 ജൂൺ പത്തിനാണ് കേസിന്നാസ്പദമായ സംഭവം. കുനിയിൽ അത്തീഖ് റഹ്‌മാൻ വധക്കേസിലെ പ്രതികളായ കൊളക്കാടൻ അബൂബക്കർ, സഹോദരൻ അബ്ദുൾ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2012 ജനുവരി അഞ്ചിനു കുറുവങ്ങാടൻ അത്തീഖ് റഹ്‌മാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് പ്രതികൾ ആസൂത്രണം ചെയ്തു ഇരട്ടക്കൊല നടത്തുകയായിരുന്നു. 2018 സെപ്റ്റംബർ 19നാണ് വിചാരണ തുടങ്ങിയതെങ്കിലും കോവിഡ് നിയന്ത്രണങ്ങളും സാക്ഷി വിസ്താരം നടത്തിയ ജഡ്ജി എ.വി. മൃദുല മഞ്ചേരി കോടതിയിൽ നിന്ന് തലശ്ശേരിയിലേക്ക് സ്ഥലം മാറിപ്പോയതും കാരണം വിചാരണ നടപടികൾ നീളുകയായിരുന്നു. ഇതിനിടയിൽ വിസ്താരം നടത്തിയ ജഡ്ജി തന്നെ കേസിൽ വിധി പറയണമെന്ന ആവശ്യമുന്നയിച്ച് കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു എന്നാൽ നിലവിൽ കേസ് കേൾക്കുന്ന ജഡ്ജി, ടി.എച്ച്. രജിത വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുമെന്ന് അറിയിച്ചതോടെ ഈ ഹർജി സുപ്രീം കോടതി തള്ളി. തുടർന്നാണ് കേസിലെ നടപടികൾപൂർത്തിയാക്കിയത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എൻ കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഭിഭാഷകരായ അഡ്വ. എൻ ഡി രജീഷ് പാലക്കാട്, വരവത്ത് മനോജ്, ടോം കെ തോമസ്, വി പി വിപിൻനാഥ്, ഷറഫുദ്ദീൻ മുസ്ലിയാർ, പി വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.