- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ബാങ്ക് കവർച്ചക്കേസിൽ ജയിലിൽ ആയപ്പോൾ മറ്റൊരാളുടെ ഭാര്യയായ രജിതയെ വിളിച്ച് വീട്ടിൽ കൊണ്ടു വന്നു; ഒപ്പം മദ്യപിച്ച യുവാവിനെ അടിച്ചു കൊന്നത് മൂന്നു വർഷം മുൻപ്; കഞ്ചാവ് കടത്തുന്നതിനിടെ വള്ളിക്കുന്നം പൊലീസിന്റെ പിടിയിലായത് ബൈക്ക് അപകടമുണ്ടായപ്പോൾ; കീക്കോഴൂരിലെ കൊലക്കേസ് പ്രതി അതുൽ സത്യൻ പക്കാ ക്രിമിനൽ
പത്തനംതിട്ട: കീക്കോഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടിൽ സത്യന്റെ മകൻ അതുൽ (29) പക്കാ ക്രിമിനലെന്ന് പൊലീസ്. ഒപ്പം മദ്യപിച്ച യുവാവിനെ കൊലപ്പെടുത്തിയ കേസിലും ലഹരി മരുന്ന് കടത്ത് കേസിലും പ്രതിയായ അതുൽ കോഴഞ്ചേരി മുതൽ കണമല വരെ കഞ്ചാവ് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയായിരുന്നു.
അതുലിന്റെ മാതാവ് സുമ ഒരു യുവാവിനൊപ്പം ബൈക്കിലെത്തി നീലംപ്ലാവ് ജങ്ഷനിലുള്ള കോറ്റാത്തുർ ഫെഡറൽ ബാങ്ക് ശാഖ കവർച്ച നടത്തി. സിസിടിവി സഹായത്തോടെ പൊലീസ് പ്രതികളെ പിടികൂടി. സുമ ജയിലിൽ കഴിയുന്ന കാലത്താണ് പെയിന്റിങ് തൊഴിലാളിയും പിന്നീട് ഗൾഫിലേക്ക് പോയതുമായ യുവാവിന്റെ ഭാര്യയുമായ കീക്കോഴൂർ മലർവാടി ഇരട്ടപ്പനയ്ക്കൽ രാജുവിന്റെ മകൾ രജിത മോളെ വിളിച്ചു കൊണ്ടു വന്ന് ഒപ്പം താമസം തുടങ്ങുന്നത്. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്.
കുടുംബ ജീവിതം തുടങ്ങിയതിന് ശേഷവും ഇയാൾ ക്രിമിനൽ പ്രവൃത്തികൾ തുടർന്നു. ലഹരിക്കച്ചവടമായിരുന്നു പ്രധാനം. മാതാവുമൊത്ത് അല്ലറ ചില്ലറ മോഷണവും നടത്തി. ഇടക്കാലത്ത് മാതാവ് എറണാകുളത്തുള്ള അതുലിന്റെ ഇരട്ട സഹോദരനൊപ്പം താമസമായിരുന്നു. അവിടെ നിന്ന് പിന്നീട് പത്തനാപുരത്തേക്ക് താമസം മാറ്റി. ഇവിടെ എത്തിച്ചാണ് കഴിഞ്ഞ ദിവസം അതുൽ രജിതയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ ചിത്രീകരിച്ചത്. ഈ വിവരം ചൂണ്ടിക്കാണിച്ച് റാന്നി പൊലീസിൽ രജിതയുടെ അമ്മ ഗീത പരാതി നൽകിയെങ്കിലും തക്ക സമയത്ത് നടപടി എടുക്കാതിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസുകാർക്ക് സഹായിയായും അതുൽ പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം.
കോഴഞ്ചേരി, കീക്കോഴൂർ, വാഴക്കുന്നം, റാന്നി വഴി കണമല വരെയുള്ള കഞ്ചാവ് വിതരണം അതുൽ ആണ് നടത്തിയിരുന്നത്. ഇടയ്ക്ക് താൻ നൽകുന്ന ചെറിയ അളവ് കഞ്ചാവ് സംബന്ധിച്ച വിവരം ഇയാൾ പൊലീസിന് ചോർത്തി നൽകിയിരുന്നു. അങ്ങനെ ചില്ലറ വിൽപ്പനക്കാരിൽ ചിലർ പിടിയിലാവുകയും ചെയ്തു. ഇതിനിടെയാണ് മദ്യലഹരിയിൽ കൊലപാതകം അതുൽ നടത്തിയത്. ബ്ലോക്ക് പടി സ്വദേശിയായ പൊന്നി കണ്ണൻ എന്ന് അറിയപ്പെടുന്ന രാജീവിനെയാണ് മദ്യപാനത്തിനിടെ കൊലപ്പെടുത്തിയത്. സ്വന്തം വീട്ടിൽ വച്ച് ക്രൂരമായി മർദിച്ചായിരുന്നു കൊലപാതകം. ഈ കേസിൽ റിമാൻഡിലായിരുന്ന അതുലിനെ വീട്ടുകാർ ജാമ്യത്തിൽ പുറത്തു കൊണ്ടു വന്നിരുന്നു. അതിന് ശേഷവും ലഹരി കടത്ത് തുടർന്നു.
കായംകുളത്ത് ബൈക്കിൽ കഞ്ചാവുമായി വരുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായി. വള്ളിക്കുന്ന പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന അപകടത്തിൽ കൈയിലുണ്ടായിരുന്ന രണ്ടു കിലോ കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു. ഇത്രയൊക്കെ ക്രിമിനലായ ഒരാളെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ടതായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും നോട്ടപ്പുള്ളി ആയിരുന്നിട്ടും അതുൽ നിർബാധം ലഹരി മരുന്ന് കടത്തുന്നുണ്ടായിരുന്നു.
കീക്കോഴൂരിനെ ഞെട്ടിച്ച രണ്ടാമത്തെ അരുംകൊലയാണിത്. രജിതയെ കൊലപ്പെടുത്തിയതിന് ഏറെ അകലെയല്ലാതെ ഏതാനും വർഷം മുൻപ് പിതാവിന്റെ സഹോദരൻ രണ്ട് കുട്ടികളുടെ തലയറുത്തുകൊന്ന സംഭവം നടന്നിരുന്നു. കീക്കൊഴൂർ പുള്ളിക്കാട്ടിൽപടിയിലായിരുന്നു ആയിരുന്നു ആ ദാരുണ സംഭവം. അവിടെ തന്നെയാണ് ഇപ്പോഴത്തെ കൊലപാതകവും. ലഹരി മരുന്ന് മാഫിയയ്ക്കെതിരേ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ശക്തമായി രംഗത്തു വന്നു കഴിഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്