- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീഖ് അഹമ്മദിന്റെ കൊലപാതക കേസ് പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; ഇന്ന് തന്നെ ഖബറടക്കും; പ്രയാഗ്രാജിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; കാൺപൂരിലും ജാഗ്രതാ മുന്നറിയിപ്പ്; കൊലയാളികൾ എത്തിയത് മാധ്യമ പ്രവർത്തകരെന്ന വ്യാജേനെ ആയതിനാൽ മാധ്യമപ്രവർത്തകരുടെ സുരക്ഷക്ക് മാതൃകാ പെരുമാറ്റ ചട്ടവുമായി കേന്ദ്രം
ലക്‌നൗ: മുൻ എം,പിയും ക്രിമിനൽ കേസ് പ്രതിയുമായ അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇപ്പോഴത്തെ മുൻഗണന തുടർ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് എന്നതിനാൽ പൊലീസ് കസ്റ്റഡി ആവശ്യം ഉന്നയിച്ചില്ല. പ്രയാഗ്രാജിലെ ജില്ലാ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. അതീഖിന്റെയും സഹോദരന്റെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ഇന്ന് നടക്കും,
അതേസമയം അതീഖിന്റെ കൊലപാതകത്തെക്കുറിച്ച് ജുഡിഷ്യൽ കമ്മിഷൻ അന്വേഷണം നടത്തും. മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാർ ത്രിപാഠി, റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ സുബേഷ് കുമാർ, മുൻ ജഡ്ജി ബ്രിജേഷ് കുമാർ സോണി എന്നിവരാണ് കമ്മിഷനിൽ ഉള്ളത്. രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണം.കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യു പിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രയാഗ്രാജിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. കാൺപൂരിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്.
അതിഖിനൊപ്പമുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തു.കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യു.പി സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിന്റ മറവിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനുള്ള നീക്കങ്ങൾ തടയണമെന്നും ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്രം യുപി സർക്കാരിനെ അറിയിച്ചുഇന്നലെയാണ് പ്രയാഗ്രാജിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അതിഖ് അഹമ്മദും സഹോദരൻ അഷ്രഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടത്.
പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇവർക്ക് നേരെ തൊട്ടടുത്തുനിന്ന് വെടിവയ്പുണ്ടായത്.നൂറോളം ക്രിമിനൽ കേസുകളിൽ അതിഖ് പ്രതിയാണ്. 2005ൽ അന്നത്തെ ബി എസ് പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്..
മാധ്യമപ്രവർത്തകരുടെ സുരക്ഷക്ക് മാതൃകാ പെരുമാറ്റ ചട്ടവുമായി കേന്ദ്രം
അതേസമയം മുൻ എംപി ആതിഖ് അഹ്മദും സഹോദരനും യു.പിയിൽ പൊലീസ് സാന്നിധ്യത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് പുതിയ പെരുമാറ്റചട്ടം തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി മാതൃകാ പെരുമാറ്റ ചട്ടം (എസ്.ഒ.പി) തയാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിലുമായിരിക്കും മാതൃകാ പെരുമാറ്റ ചട്ടം തയാറാക്കുക. ശനിയാഴ്ച രാത്രി വൈദ്യപരിശോധനക്കായി കൊണ്ടു പോകുന്നതിനിടെ ആതിഖും സഹോദരനും മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് തൊട്ടടുത്ത് നിന്ന് അക്രമികൾ ഇരുവരെയും വെടിവച്ചുകൊന്നത്. മാധ്യമ പ്രവർത്തകരെന്ന വ്യാജേനെയാണ് അക്രമികൾ എത്തിയിരുന്നത്. ആൾക്കൂട്ടത്തിനിടയിൽനിന്ന് ആതിഖിന്റെ തലയിലേക്ക് തോക്ക് ചേർത്ത് പിടിച്ച് വെടിവെക്കുന്നത് കാമറ ദൃശ്യങ്ങളിൽ കാണാം.




