- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുതിയ ജോലിയില്‍ പ്രവേശിക്കാനിരുന്ന മകള്‍ ആത്മഹത്യ ചെയ്യില്ല; അവള് ശാരീരികവും മാനസികവുമായ ക്രൂര പീഡനങ്ങള്‍ക്കിരയായതിന്റെ ദൃശ്യങ്ങളുണ്ട്; മകളെ അവന് കൊന്നത് തന്നെ; ഷാര്‍ജയിലെ ഫ്ളാറ്റില്‍ അതുല്യയുടെ ദുരൂഹമരണത്തില്‍ ആരോപണത്തില്‍ ഉറച്ച് പിതാവ് രാജശേഖരന്‍
അതുല്യയുടെ ദുരൂഹമരണത്തില്‍ ആരോപണത്തില്‍ ഉറച്ച് പിതാവ് രാജശേഖരന്‍
കൊല്ലം: ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണം കൊലപാതകമാണെന്ന് പിതാവ് രാജശേഖരന്‍ ആവര്‍ത്തിച്ചു. ഭര്‍ത്താവ് സതീഷാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. മകള്‍ ശാരീരികവും മാനസികവുമായി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നെന്നും, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും മര്‍ദനവിവരങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും രാജശേഖരന്‍ വ്യക്തമാക്കി.
പുതിയ ജോലിയില്‍ പ്രവേശിക്കാനിരുന്ന മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, മരണ ദിവസം നടന്ന സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും രാജശേഖരന്‍ പറഞ്ഞു.
അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയെങ്കിലും കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചിരുന്നു.
അതുല്യയെ ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തുമെന്ന് പറയുന്ന വീഡിയോ സന്ദേശം ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. മദ്യലഹരിയില്‍ സതീഷ് അതുല്യയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്ത് വര്‍ഷത്തോളം പീഡനം സഹിച്ചതായി അതുല്യ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതുല്യയുടെ മരണത്തില്‍ കൊലപാതകത്തിനാണ് ചവറ പോലിസ് കേസെടുത്തിരുന്നത്. എന്നാല്‍, കൊലപാതക്കുറ്റം ഈ കേസില്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതില്‍ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. കൊല്ലം തേവലക്കര സ്വദേശി അതുല്യ ഭര്‍ത്താവ് സതീഷിനൊപ്പം ഷാര്‍ജയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്.
ജൂലൈ 19നാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷിന്റെ പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് വീട്ടുകാരുടെ പരാതി. എന്നാല്‍, അതുല്യ ആത്മഹത്യ ചെയ്തെന്നായിരുന്നു ഷാര്‍ജയിലെ ഫൊറന്‍സിക് പരിശോധനാ ഫലം. തുടര്‍ന്ന് ഷാര്‍ജയില്‍ ഇരുന്നു തന്നെ സതീഷ് മുന്‍കൂര്‍ ജാമ്യം നേടി. ഇതാണ് സെഷന്‍സ് കോടതി റദ്ദാക്കിയത്.