കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ ആർ.എംപി നേതാവ് കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്‌കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.

ഞായറാഴ്ച രാത്രി 8.15നായിരുന്നു സംഭവം. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി. വൈകീട്ട് മുതൽ ഒരു സംഘം വീടിന്റെ പരിസരത്ത് റോന്തുചുറ്റുന്നത് ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ ഇതേ സംഘമെത്തി വാരിക്കൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി.

വടകരയിൽ നടന്ന 'സിപിഎം. വർഗീയതക്കെതിരെ നാടൊരുമിക്കണം' ജനകീയ പ്രതിഷേധത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ശൈലജക്കും നടി മഞ്ജു വാര്യർക്കുമെതിരായ അധിക്ഷേപ പരാമർശം. പ്രസ്താവനയിൽ ഹരിഹരൻ മാപ്പു പറഞ്ഞെങ്കിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തിൽ കെ.കെ. ശൈലജ, മഞ്ജുവാര്യർ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമർശമായിരുന്നു വിവാദത്തിലായത്. 'സിപിഎം. വർഗീയതയ്‌ക്കെതിരേ നാടൊരുമിക്കണം' എന്ന സന്ദേശവുമായി യു.ഡി.എഫും ആർ.എംപി.ഐയും കഴിഞ്ഞദിവസം വടകരയിൽ നടത്തിയ കാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.

'സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവര് ചില സംഗതികൾ നടത്തിയാൽ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോർണോ വീഡിയോ ഉണ്ടാക്കി... ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോർണോ വിഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാൽ മനസ്സിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതിൽ പി. മോഹനന്റെ മകൻ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ?' -എന്നിങ്ങനെയായിരുന്നു ഹരിഹരന്റെ വാക്കുകൾ.

ടി.എസ് ഹരിഹരൻ കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറച്ചിൽ മതിയാകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മിന് തലവേദനയായ ആർഎംപിയെ ഒതുക്കാൻ കിട്ടിയ അവസരമായാണ് ഇതിനെ സിപിഎം കാണുന്നത്.

യു.ഡി.എഫ് വേദിയിൽ ആണ് കെ.എസ് ഹരിഹരൻ വിവാദ പ്രസ്താവന നടത്തിയത്. മഞ്ജു വാര്യർ ഇന്ത്യ മുഴുവൻ ആദരിക്കുന്ന സിനിമ താരമാണ്. അവരെയാണ് ഏറ്റവും മോശമായി വ്യക്തിഹത്യ നടത്തിയത്. പി.എം.എ സലാമും സതീശനുമൊക്കെയിരിക്കുന്ന വേദിയിലാണ് ഹരിഹരൻ മോശം പ്രസംഗം നടത്തിയത്. എന്തുകൊണ്ട് അപ്പോൾ യു.ഡി.എഫ് നേതാക്കന്മാർ ഒന്നും പറഞ്ഞില്ലെന്നും മോഹനൻ ചോദിച്ചു.

ഹരിഹരൻ നടത്തിയത് യു.ഡി.എഫ് വടകരയിൽ നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ തുടർച്ചയാണ്. വടകരയിൽ യു.ഡി.എഫ് പ്രചരണത്തിനായി എവിടെ നിന്നോ വന്ന ആളുകളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. സമസ്ത നേതാവ് ഉമർ ഫൈസി സിപിഎം വേദിയിൽ നിസ്‌കരിച്ചത് പോലും ഹരിഹരൻ മ്ലേച്ഛമായി ചിത്രീകരിച്ചു. ഹരിഹരന്റെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന യു.ഡി.എഫ് നേതാക്കൾ പോലും ചിരിച്ചു. സ്ത്രീവിരുദ്ധ പരാമർശം കേട്ട് ആസ്വദിക്കേണ്ട ആളാണോ പ്രതിപക്ഷ നേതാവടക്കമുള്ളവരെന്നും മോഹനൻ ചോദിച്ചു.