മുംബൈ: ബാന്ദ്രയിലെ വസതിയില്‍ കഴിഞ്ഞ രാത്രി അക്രമിയുടെ കത്തിക്കുത്തേറ്റ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നതിനിടെ, സംഭവത്തിന്റെ വിവിധ വശങ്ങളെ കോര്‍ത്തിണക്കുകയാണ് പൊലീസ്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നുള്ള പ്രതിയുടെ ആദ്യ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. കെട്ടിടത്തിലെ സ്റ്റെയര്‍കേസില്‍ നില്‍ക്കുന്ന പ്രതിയുടെ ചിത്രമാണ് പുറത്തുവിട്ടത്.


54 കാരനായ ബോളിവുഡ് നടനും ഭാര്യ കരീന കപൂറും ആണ്‍മക്കളും ബാന്ദ്ര വെസ്റ്റിലെ 12 നില കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇവിടെയാണ് ബോളിവുഡിലെ പല താരങ്ങളും പാര്‍ക്കുന്നത്. സെയ്ഫിന്റെ കുടുംബം നാലുനിലകളിലായാണ് താമസിക്കുന്നത്. മോഷണത്തിന് വേണ്ടിയാണ് അക്രമി വീടിന് അകത്ത് കടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. നടന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മതില്‍ ചാടിയാണ് മോഷ്ടാവ് അകത്തുകടന്നത്. കോംപണ്ടില്‍ കടന്നയുടന്‍ ഇയാള്‍ വീടിന്റെ പിന്നിലെ എമര്‍ജന്‍സി സ്റ്റെയര്‍ വഴി സെയ്ഫ് താമസിക്കുന്ന ഫ്‌ളോറിലെത്തി. അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇയാള്‍ കടന്നത് ഫയര്‍ എസ്‌കേപ് വഴിയാണ്.


മോഷണത്തിന് വേണ്ടിയാണ് അക്രമി വീടിന് അകത്ത് കടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. നടന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മതില്‍ ചാടിയാണ് മോഷ്ടാവ് അകത്തുകടന്നത്. കോംപണ്ടില്‍ കടന്നയുടന്‍ ഇയാള്‍ വീടിന്റെ പിന്നിലെ എമര്‍ജന്‍സി സ്റ്റെയര്‍ വഴി സെയ്ഫ് താമസിക്കുന്ന ഫ്‌ളോറിലെത്തി. അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇയാള്‍ കടന്നത് ഫയര്‍ എസ്‌കേപ് വഴിയാണ്.

എന്‍ഡി ടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം, സെയ്ഫ് അലി ഖാന്റെ വീട്ടുജോലിക്കാരി ഏലിയാമ്മ ഫിലിപ്‌സ്( ലിമ) ആണ് പുലര്‍ച്ചെ രണ്ടുമണിയോടെ അതിക്രമിച്ചുകടന്നയാളെ കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ടാണ് സെയ്ഫ് ഉണര്‍ന്നത്. ഇതിന് പിന്നാലെ സെയ്ഫും മോഷ്ടാവും തമ്മില്‍ മല്‍പ്പിടുത്തമായി. രക്ഷപ്പെടും മുമ്പ് ഇയാള്‍ ആറു തവണ സെയ്ഫിനെ കുത്തി. കെട്ടിടത്തിന്റെ പിന്‍വശം വഴി മോഷ്ടാവ് കടക്കുന്നതിന്റെയും പുറത്തുപോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. മറ്റുളളവര്‍ക്കൊപ്പം വീട്ടുജോലിക്കാരിയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.


കനത്ത സുരക്ഷയുള്ള കെട്ടിടത്തിലെ സുരക്ഷാ ഗാര്‍ഡുകളുടെ വീഴ്ചയും അന്വേഷിക്കുന്നുണ്ട്. ആരും കാണാതെ പിന്നാമ്പുറത്ത് കൂടി എങ്ങനെ സെയ്ഫിന്റെ അപ്പാര്‍ട്ട്‌മെന്റ് വരെ മോഷ്ടാവിന് എത്താന്‍ കഴിഞ്ഞു എന്നതാണ് ചോദ്യം. മോഷ്ടാവിനെ തിരിച്ചറിഞ്ഞ പൊലീസ് കണ്ടുപിടിക്കാനായി 10 സംഘങ്ങളെ നിയോഗിച്ചു.

മറ്റൊരു റിപ്പോര്‍ട്ടുപ്രകാരം, വീട്ടുജോലിക്കാരിയുടെ സഹായം മോഷ്ടാവിന് കിട്ടിയതായി മുംബൈ പൊലീസ് സംശയിക്കുന്നു. വീടിന് അകത്തേക്ക് കടക്കാന്‍ ഇയാളെ സഹായിച്ചത് ജോലിക്കാരിയാണെന്നും പ്രഥമദൃഷ്ട്യാ വിലയിരുത്തുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മോഷ്ടാവിനെ ഒരു മുറിക്കകത്താക്കി പൂട്ടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടുവെന്നും പറയുന്നു.

'വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതില്‍ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. വീടിനുള്ളില്‍ അപരിചിതനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലെത്തുകയും നടന് കുത്തേല്‍ക്കുകയും ചെയ്തു.' അന്വേഷണം സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്‍ പറയുന്നു.

സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പാണ് അക്രമി വീട്ടില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാര്‍ട്ട്മെന്റിന്റെ സുരക്ഷാജീവനക്കാര്‍ പൊലീസിനു നല്‍കിയ മൊഴി.

സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്ലാറ്റ് ഉള്‍പ്പെടുന്ന അപ്പാര്‍ട്മെന്റ് സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ സംഭവം നടക്കുന്നത്. മോഷ്ടാവ് കുട്ടികളുടെ മുറിയില്‍ കയറിയതായി വീട്ടിലെ സഹായികളിലൊരാള്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സെയ്ഫിന് ആറ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച സഹായിയെ അഡ്മിറ്റ് ആക്കിയെങ്കിലും പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ പിന്നാലെ വിട്ടയച്ചു.

സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പുള്ള സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്ന് അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ആക്രമണം നടക്കുന്നതിന് മുമ്പ് സെയ്ഫും കരീനയും സുഹൃത്തുക്കളോടൊപ്പം ഡിന്നറില്‍ പങ്കെടുത്തിരുന്നു. 2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനാണ്.