- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവെപ്പ്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. നേരത്തെ തന്നെ സൽമാനെ വധിക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ വലിയ സുരക്ഷ തന്നെയാണ് സൽമാന് ഒരുക്കുന്നത്.
വെടിയുതിർത്തവർ ഇവർ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സൽമാൻ ഖാന്റെ വീടിന് പുറത്ത് മൂന്ന് ഷിഫ്റ്റുകളിലായി പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സൽമാൻ ഖാനെ വധിക്കുമെന്ന് ജയിലിൽ കഴിയുന്ന ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയിയും പിടികിട്ടാപ്പുള്ളി ഗോൾഡി ബ്രാറും ഭീഷണി ഉയർത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും താരത്തെ കൊല്ലാൻ മുംബൈയിലേക്ക് ഷൂട്ടർമാരെ അയച്ചതായും റിപ്പോർട്ടുകളുണ്ട്.
ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ശത്രുതക്ക് ആധാരം. വേട്ടയാടൽ ബിഷ്‌ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്‌ണോയിയുടെ നിലപാട്.
2018ൽ ലോറൻസ് ബിഷ്‌ണോയിയുടെ സഹായി സമ്പത്ത് നെഹ്‌റ സൽമാൻ ഖാനെ വധിക്കാൻ വീട്ടിലെത്തിയിരുന്നു. ആക്രമണം നടത്തുന്നതിന് മുമ്പ് സമ്പത്ത് നെഹ്‌റയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് സൽമാൻ ഖാന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റിയിരുന്നു.
അതേസമയം, ഗായകൻ സിദ്ദു മൂസെവാലയുടെ കൊലയാളികൾ ബോളിവുഡ് താരം സൽമാൻ ഖാനേയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് ഡി ജി പിയും നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ദു മൂസെവാല വധക്കേസിലെ പ്രതി കപിൽ പണ്ഡിറ്റിനെ ചോദ്യം ചെയ്തതോടെയാണ് ഈ വിവരം പുറത്തുവന്നത്. കാനഡ ആസ്ഥാനമായുള്ള ഒളിവിൽ കഴിയുന്ന ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്‌ണോയ്, സമ്പത്ത് നെഹ്‌റ എന്നിവരിലൂടെ സൽമാൻ ഖാനെ ലക്ഷ്യമിട്ട് പണ്ഡിറ്റിനെ സമീപിച്ചതായും പൊലീസ് വ്യക്തമാക്കി.
സച്ചിൻ ബിഷ്‌ണോയി, സന്തോഷ് യാദവ് എന്നിവരും സൽമാൻ ഖാന്റെ വീട് നിരീക്ഷിച്ച സംഘത്തിലുണ്ടായിരുന്നു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവൻ ഗോൾഡി ബ്രാർ ആണ് ക്വട്ടേഷൻ നൽകിയത്. ഇദ്ദേഹത്തെ പിടികൂടാൻ കഴിയുമോയെന്ന ശ്രമം ആരംഭിച്ചതായും ഇന്റർപോൾ വഴി ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അന്ന് വ്യക്തമാക്കി.
സൽമാൻ ഖാനെ 2018ൽ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ലോറൻസ് തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. . കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് സൽമാൻ ഖാനെ 2018ൽ വധിക്കാൻ പദ്ധതിയിട്ടത് എന്നാണ് ലോറൻസ് ബിഷ്ണോയ് പറഞ്ഞത്. പഞ്ചാബ് പൊലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു ഈ വിവരവും പുറത്ത് വന്നത്.