- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ താമസിച്ചിരുന്ന ട്രാൻസ്ജെൻഡർ ദമ്പതികൾ കണ്ണൂരിലെ തറവാട് വീട്ടിലേക്ക് താമസം മാറിയത് സഹോദരനും ബന്ധുക്കൾക്കും ഇഷ്ടമായില്ല; ഇറങ്ങി പോകാൻ പറഞ്ഞ് ട്രാൻസ് വുമണിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; ജീവിത പങ്കാളിയുടെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു
കണ്ണൂർ: ട്രാൻസ് ജെൻഡർ ദമ്പതികളിലൊരാളായ എറണാകുളം സ്വദേശിനി ശിഖയെ കത്തികൊണ്ടു കഴുത്തറത്തു കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ പേരാവൂർ പൊലീസ് അന്വേഷണം ശക്തമാക്കി. ശിഖയുടെ ജീവിത പങ്കാളിയായ ബെനിഷ്യോയുടെ സഹോദരനും സുഹൃത്തുക്കൾക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. പേരാവൂർ തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലാണ് തിങ്കളാഴ്‌ച്ച രാത്രി പതിനൊന്നര മണിയോടെ അക്രമമുണ്ടായത്.
ട്രാൻസ് ജെൻഡർ ദമ്പതികളായ ഇവരെ സ്വത്തു തർക്കത്തിന്റെ പേരിൽ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി. തങ്ങൾക്കെതിരെ വധശ്രമമാണ് നടന്നതെന്നാണ് ഇവരുടെ പരാതി. സാരമായി പരിക്കേറ്റ ട്രാൻസ് വുമൺ ശിഖ(29),ട്രാൻസ്മെൻ കോക്കാട്ട് ബെനിഷ്യോ(45) എന്നിവരെ കണ്ണൂർജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദമ്പതികളുടെ പരാതിയിൽ ബെനീഷ്യോയുടെ സഹോദരൻ കോക്കാട്ട് സന്തോഷ്, സന്തോഷിന്റെ സുഹൃത്തുക്കളായ രതീശൻ, കോക്കാട്ട് തോമസ്,സോമേഷ്,ജോഫി ആന്റണി എന്നിവർക്കെതിരെ ഐ.പി.സി 341,323,324,451,427,506,34 എന്നീ വകുപ്പുകൾ പ്രകാരമാണ് പേരാവൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
ത്തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി. തറവാട് വീടിനു നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം. ശിഖയുടെ മുടി ചുറ്റിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചും നെഞ്ചിലിടിച്ചും അക്രമിച്ചതായി പരാതിയിൽ പറയുന്നു. ശിഖയുടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. ഇതു കത്തികൊണ്ടു അക്രമിച്ചപ്പോഴുണ്ടായതാണെന്നും തന്നെ കഴുത്തറത്തുകൊല്ലാൻ ശ്രമിച്ചുവെന്നുമാണ് ഇവർ പൊലീസിൽ നൽകിയ മൊഴി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.
കൊച്ചിയിൽ വാടകക്ക് താമസിച്ചിരുന്ന ദമ്പതികൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ബെനീഷ്യോക്ക് കൂടി അവകാശമുള്ള തൊണ്ടിയിലെ തറവാട് വീട്ടിലേക്ക് താമസം മാറിയത്. ബെനീഷ്യോയുടെ അമ്മക്കും സഹോദരനും ദമ്പതികൾ വീട്ടിൽ കൂടെ താമസിക്കുന്നതിൽ താത്പര്യമില്ലെന്ന് ബെനീഷ്യോ പറയുന്നു. ഇതേത്തുടർന്ന് നിരവധി തവണ വീട്ടിൽ പ്രശ്നങ്ങളുണ്ടാവുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിൽ കത്തിയുമായി വന്ന ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും വീട്ടിൽ നിന്നും ഇറങ്ങണമെന്നാവശ്യപ്പെട്ട് ഇരുവരെയും മർദ്ദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ശിഖ ഫോണിൽ വിളിച്ചറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പേരാവൂർ പൊലീസാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എന്നാൽ ബെനിഷ്യോയും സഹോദരനും തമ്മിൽ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നുവെന്നും ശിഖയ്ക്കും ബെനിഷ്യോയ്ക്കുമെതിരെ ബന്ധുക്കൾ നൽകിയ പരാതി നിലവിലുണ്ടെന്നുമാണ് പേരാവൂർ പൊലിസ് പറയുന്നത്. നേരത്തെ പ്രദേശവാസികളും പൊലീസും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇടപെട്ടിട്ടും പരിഹരിക്കാൻ കഴിയാത്ത വിഷയമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്