കൊച്ചി: ഭക്ഷണവുമായി എത്തിയപ്പോൾ ഗേറ്റിൽ തടഞ്ഞു നിർത്തിയതിന്റെ വൈരാഗ്യത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ തല്ലിചതച്ച സ്വിഗ്ഗി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി മഹാദേവൻ, പാറശ്ശാല സ്വദേശി ശ്രീജിത്ത്, അമ്പലപ്പുഴ സ്വദേശി ഉണ്ണി, മാവേലിക്കര സ്വദേശി നിധിൻ, തഡശൂർ സ്വദേശി കണ്ണൻ എന്നിവരെയാണ് ഇൻഫോ പാർക്ക് എസ്.എച്ച്.ഓയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാക്കനാട് ട്രിനിറ്റി വേൾഡ് ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ അജീഷിനെയാണ് പ്രതികൾ മർദ്ദിച്ചത്.

കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നാം പ്രതിയായ മഹാദേവൻ ഭക്ഷണവുമായി എത്തിയപ്പോൾ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ അജീഷ് തടഞ്ഞു. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽ പുറത്തു നിന്നും വരുന്നവരെ പരിശോധിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിച്ചതിന് ശേഷംമാത്രമാണ് അകത്തേക്ക് പ്രവേശിപ്പിക്കുക. ഇത് സ്വിഗ്ഗി ജീവനക്കാരനെ പ്രകോപിപ്പിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇവിടെ നിന്നും മടങ്ങിയ മഹാദേവൻ മറ്റ് സ്വിഗ്ഗി ജീവനക്കാരെയും കൂട്ടി ഇവിടേക്ക് വരികയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തു.

പിന്നീട് ഇവർ ഗൂഢാലോചന നടത്തിയ ശേഷം വീണ്ടും അജീഷിനെ തേടിയെത്തി. സംശയം ചോദിക്കാനെന്ന മട്ടിൽ മഹാദേവൻ അജീഷിനെ പുറത്തേക്ക് വിളിച്ചിറക്കുകയും ഈ സമയം മാറി നിന്നിരുന്ന മറ്റുള്ളവർ എത്തി മർദ്ദിക്കുകയുമായിരുന്നു. അജീഷിന്റെ നിലവിളി കേട്ട് മറ്റ് സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തിയതോടെയാണ് സംഘം മർദ്ദനം അവസാനിപ്പിച്ചത്. ക്രൂരമായി മർദ്ദനമേറ്റ അജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അജീഷിന്റെ മൊഴിയെടുക്കുകയും മണിക്കൂറുകൾക്കകം പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നും പൊലീസ് പിടികൂടുകയും ചെയ്തു.

ഇൻഫോ പാർക്ക് എസ്.എച്ച്.ഒ വിബിൻദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ബിനു, ജേക്കബ് മാണി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് പോൾ, ഡിബിൻദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജയകുമാർ, സിജിറാം എന്നിവരാണ് പ്രതികളെ പിടികൂടിയത്. കുണ്ടറയിൽ ഗുണ്ടാ സംഘങ്ങളുമായി ഏറ്റുമുട്ടുകയും ഗുണ്ടകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്ത സംഭവത്തിന് ശേഷം പൊലീസ് സംഘം മടങ്ങിയെത്തിയപ്പോഴാണ് ഈ പരാതി ലഭിക്കുന്നത്. ഉടൻ തന്നെ ഇവർ പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും രാത്രിയോടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.