തിരൂര്‍: പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ തുമ്പുണ്ടാക്കിയത് പോലീസിന്റെ പഴുതച്ചുള്ള അന്വേഷണം. അറസ്റ്റിലായ സുഹൈല്‍ (ഓട്ടോ സുഹൈല്‍) നൂറിലേറെ കേസുകളില്‍ പ്രതിയാണ്. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായാണ് ഇയാള്‍ക്ക് കേസുള്ളത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണന്‍, പോത്തുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍, പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്ത്, തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷ് എന്നിവരും പൊന്നാനി പോലീസും ചേര്‍ന്നാണ് ഈ കേസിലെ പ്രതികളെ പിടിച്ചത്.

ഏപ്രിലിലാണ് പൊന്നാനി ഐശ്വര്യ തിയേറ്ററിനു സമീപം, പ്രവാസിയായ മണപ്പറമ്പില്‍ രാജീവിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണങ്ങളും വിലകൂടിയ വിദേശമദ്യവും കവര്‍ന്നത്. പൊന്നാനി കരിമ്പനയില്‍ ഭാര്യയുടെ വീട്ടില്‍ താമസിച്ചാണ് സുഹൈലിന്റെ കവര്‍ച്ച. കവര്‍ച്ചമുതല്‍ വില്‍ക്കാനും മറ്റും സഹായിച്ച പൊന്നാനി കടവനാട് സ്വദേശി മുക്രിയം കറുപ്പംവീട്ടില്‍ അബ്ദുള്‍നാസര്‍ , പാലക്കാട് കാവശ്ശേരി സ്വദേശി പാലത്തൊടിവീട്ടില്‍ മനോജ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. അബ്ദുള്‍നാസര്‍ കള്ളനോട്ടുകേസിലും പ്രതിയാണ്. കേസുകളില്‍ സുഹൈലിന് ജാമ്യം ലഭിക്കാന്‍വേണ്ട സഹായങ്ങള്‍ ചെയ്യാറുള്ളത് അറസ്റ്റിലായ മനോജാണെന്ന് അന്വേഷണസംഘം പറഞ്ഞു.

സ്വര്‍ണം വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങളാണ് പ്രതികളെ പിടികൂടാന്‍ വഴിയൊരുക്കിയത്. കവര്‍ച്ച നടന്നതിനുശേഷം സുഹൈലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാല്‍, തെളിവുകളൊന്നും കിട്ടാത്തതിനാല്‍ വിട്ടയച്ചു. പക്ഷേ പ്രതിയെ നിരീക്ഷിച്ചു. പോലീസിന് തന്നെ സംശയമില്ലെന്ന് കരുതി സുഹൈല്‍ നടത്തി നീക്കങ്ങള്‍ നിര്‍ണ്ണായകമായി. സുഹൈല്‍ കവര്‍ച്ചയ്ക്ക് തുടക്കമിട്ടത് വാഹനങ്ങളുടെ ബാറ്ററി മോഷണത്തിലൂടെയാണ്. ഓട്ടോറിക്ഷ, ബൈക്ക്, സ്‌കൂളുകളിലെ കംപ്യൂട്ടര്‍, ബാറ്ററി, പ്രൊജക്ടര്‍ തുടങ്ങി പലവഴികളിലൂടെ സുഹൈല്‍ മോഷണപരമ്പരതന്നെ സൃഷ്ടിച്ചു. പിന്നീട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം തുടങ്ങി. അങ്ങനെ കള്ളന്മാര്‍ക്കിടയിലെ ഓട്ടോ സുഹൈലായി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും കേസായി. വാടാനപ്പള്ളിയില്‍ കവര്‍ച്ച നടത്തി പോലീസ് പിടിയിലായപ്പോള്‍ ലോക്കപ്പില്‍ ബര്‍മുഡയുടെ ചരടില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിച്ച് ആശുപത്രിയിലായി. എത്ര ശ്രമിച്ചാലും കുറ്റസമ്മതം നടത്താതിരിക്കല്‍ സുഹൈലിന്റെ രീതിയാണ്. റിമാന്‍ഡിലായാല്‍ ജയിലിലെ മറ്റു തടവുകാരുമായിച്ചേര്‍ന്ന് കവര്‍ച്ചയ്ക്ക് പദ്ധതി തയ്യാറാക്കും.

പൊന്നാനിയില്‍ കവര്‍ച്ച നടന്ന വീട്ടില്‍നിന്ന് സി.സി.ടി.വി.യുടെ മെമ്മറി ഭാഗങ്ങള്‍ അഴിച്ചെടുത്ത് പ്രതി കടലിലെറിഞ്ഞിരുന്നു. 1100 ഗ്രാം സ്വര്‍ണം വിവിധയിടങ്ങളില്‍ വിറ്റുകിട്ടിയ 20 ലക്ഷം രൂപ കൈവശമുള്ളതായി സുഹൈല്‍ സമ്മതിച്ചിട്ടുണ്ട്. ഇനിയും സ്വര്‍ണ്ണം കണ്ടെടുക്കാനുണ്ട്. പ്രതികള്‍ കവര്‍ച്ചമുതല്‍ ഉപയോഗിച്ച് രണ്ട് ഇരുചക്രവാഹനങ്ങള്‍ വാങ്ങി. ഭൂമി വാങ്ങാനും പണം വിനിയോഗിച്ചു. ആദ്യകാലത്ത് ഓട്ടോകള്‍ മാത്രം കളവു ചെയ്തിരുന്നതിനാലാണ് ഓട്ടോ സുഹൈല്‍ എന്ന പേര് വന്നത്. രണ്ടാഴ്ച മുമ്പ് ചാവക്കാട്ടുനിന്ന് 37 പവന്‍ സ്വര്‍ണം കവര്‍ന്നത് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തൃത്തല്ലൂരിലെയും ശാന്തി നഗറിലെയും വീടുകളിലാണ് മോഷണം നടന്നത്. വാഹന മോഷ്ടാവ് അബ്ദുള്‍ സലാമിന്റെ കൂട്ടാളിയാണ് സുഹൈല്‍. 2020ല്‍ ചാവക്കാട് വീട് കുത്തിതുറന്ന് 37 പവന്‍ മോഷ്ടിച്ച കേസിലും പ്രതിയാണ്. പെരുങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീവെച്ച കേസിലും പ്രതിയാണ്.

രാത്രി കാലങ്ങളില്‍ സ്‌കൂളുകളിലും പോസ്റ്റ് ഓഫീസുകളിലും കയറി അടഞ്ഞുകിടക്കുന്ന വാതിലിന്റെ പൂട്ടു പൊളിച്ചു മോഷണം നടത്തും ഇയാളുടെ രീതിയായിരുന്നു. പാലക്കാട് ചിറ്റൂരില്‍ ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഒരു കേസില്‍പെട്ട് ജയിലില്‍ കഴിയവേ, സുഹൈലും ജയിലില്‍ അന്തേവാസിയായിരുന്നു. അവിടെ വെച്ച് അയാളുമായി പരിചയത്തിലായ സുഹൈലിനോട് തന്റെ ഭാര്യ നടത്തിവന്നിരുന്ന ബിസിനസ് എങ്ങനെയങ്കിലും തകര്‍ക്കണമെന്ന് പറഞ്ഞ് ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷന്‍ ഏറ്റെടുത്ത സുഹൈല്‍, ജയിലില്‍ നിന്നും ഇറങ്ങിയശേഷം, ക്വട്ടേഷന്‍ നല്‍കിയയാളുടെ ഭാര്യ നടത്തിവന്ന ബിസിനസ് സ്ഥാപനത്തില്‍ കയറി, സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍, തുടങ്ങിയ മോഷ്ടിച്ച് കടന്നുകളഞ്ഞു. ഈ കേസിലും ഇയാള്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. മോഷണ മുതലുകള്‍ വില്‍പന നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന സുഹൈലിനെ പോലീസ് സ്ഥിരം കുറ്റവാളി പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.