കണ്ണൂർ: ഒൻപതാംവിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗികചൂഷണത്തിനിരയാക്കിയ കേസിൽ ഒരാൾ അറസ്റ്റിലാകുമ്പോൾ ചർച്ചയാകുന്നതും മയക്കു മരുന്ന് മാഫിയയുടെ സാന്നിധ്യം.സിറ്റി പൊലിസ് പരിധിയിലെ ആയിക്കര ഹാർബറിനടുത്താണ് സംഭവം.

ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടു പോയി കുട്ടിയെ കെട്ടിയിട്ടു കഞ്ചാവ് ബീഡി ബലപ്രയോഗിത്തിലൂടെ വലിപ്പിച്ചു ബോധരഹിതനാക്കിയ ശേഷം പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ പ്രതിയെ കണ്ണൂർ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ സിറ്റി സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. കണ്ണൂർ കോർപറേഷൻ പരിധിയിലെ ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് പതിനാലുവയസുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയത്.

കണ്ണൂർസിറ്റി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. സംഭവത്തിൽ മറ്റൊരാൾ കൂടി പിടിയിലാവാനുണ്ട്. റഷീദെന്നു പേരുള്ളയാളെയാണ് പൊലിസ് തിരിച്ചറിഞ്ഞത്. കണ്ണൂർ ജില്ലയിലെ ഒരു പ്രമുഖ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥിയെ പ്രതികൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോയി കണ്ണൂർ സിറ്റിക്കടുത്തെ ആയിക്കരയിൽ എത്തിക്കുകയും കഞ്ചാവ് ബീഡി വലിക്കാനായി നൽകിയതിനു ശേഷം ബോധരഹിതനാക്കി പീഡിപ്പിച്ചുവെന്നുമാണ് പരാതി.

പതിനാലു വയസുകാരനെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട് .കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ ഇരയായ ആൺകുട്ടി വിവരം പുറത്തു പറയുന്നത് കഴിഞ്ഞദിവസമാണ്. സംഭവത്തിൽ പൊലിസ് പറയുന്നത് ഇങ്ങനെയാണ്

കണ്ണൂർ നഗരത്തിലെ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളയാണ് ഷെരീഫ്. കുട്ടി കഞ്ചാവ് മാഫിയയുടെ വലയിൽപ്പെട്ടത് പരിചയക്കാരനായ റഷാദ് എന്നയാൾ വഴിയാണ്. ഷെരീഫുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. കോവിഡ് സമയത്ത് പഠിക്കുന്നതിനു വേണ്ടി കുട്ടി ഉപയോഗിച്ച ഫോൺ നമ്പർ പരിചയക്കാരനായ റഷാദ് വാങ്ങിയിരുന്നു. ഇതു ആയിക്കരയിലുള്ള ഷെരീഫിനും മറ്റുള്ളവർക്കും കൈമാറുകയും ചെയ്തിരുന്നു.

തുടർന്നാണ് ഇവർ കുട്ടിയെ കെണിയിൽ പ്പെടുത്തുന്നത്. ഇരുവരും കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കെതിരെ നേരത്തെയും കേസുകളുണ്ട്. കഞ്ചാവ് ബീഡി നിർബന്ധിപ്പിച്ച വലിപ്പിച്ചു കുട്ടിയെ ആയിക്കരയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഇവർ കൊണ്ടു പോയിരുന്നു. ഇവിടെ നിന്നാണ് പീഡിപ്പിക്കപ്പെട്ടത്.

വീണ്ടും പ്രതികൾ കുട്ടിയെ നിരന്തരം ശല്യം ചെയ്തതോടെയാണ് കുട്ടി അമ്മാവന്മാരെ വിവരമറിയിക്കുന്നത്. ഇവർ കുട്ടിയെ കൊണ്ടു തന്നെ മുഖ്യസംഘാംഗമായ ഷെരീഫിനെ വിളിച്ചുവരുത്തി മറ്റൊരിടത്തെ മുറിയിൽ കയറ്റിയതിനു ശേഷം അമ്മാവന്മാർ പ്രതിയെബലം പ്രയോഗിച്ചു പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. ഷെരീഫിനെ പോക്സോകേസ് ചുമത്തിയാണ് പൊലിസ് അറസ്റ്റു ചെയ്തത്.