കോഴിക്കോട്: എരഞ്ഞിപ്പാലത്ത് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി സുഹൃത്തിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍. വേങ്ങേരി കണ്ണാടിക്കല്‍ ഷബ്ന മന്‍സിലില്‍ ബഷീറുദ്ദീന്‍ മഹമൂദ് അഹമ്മദി (23)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബഷീറുദ്ദീനെ റിമാന്‍ഡിലാണ്. സംഭവം കൊലപാതകമാകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ വിശദ അന്വേഷണം പോലീസ് നടത്തും. ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്.

മൂന്നു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. തിങ്കളാഴ്ച ജിമ്മിലെ ഓണാഘോഷപരിപാടിക്ക് ബഷീറുദ്ദീന്‍ പങ്കെടുക്കാന്‍ പോകുന്നതിനെ ആയിഷ എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് മൊഴി. എതിര്‍പ്പ് അവഗണിച്ച് ബഷീറുദ്ദീന്‍ ജിമ്മിലേക്ക് പോയി. ഉച്ചയോടെ 'എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും' എന്ന് ബഷീറുദ്ദീന്റെ മൊബൈലിലേക്ക് ആയിഷ വാട്‌സാപ് സന്ദേശം അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വീട്ടില്‍ മൊടക്കല്ലൂര്‍ ആശാരിക്കല്‍ അല്‍ മുറാദ് ഹൗസില്‍ ആയിഷ റഷ (21) തൂങ്ങിമരിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ആയിഷ റഷയെ ബഷീറുദ്ദീന്‍ തന്നെയാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബഷീറുദ്ദീന്‍ ആശുപത്രിയില്‍ എത്തിയ സമയം പേര് മുബഷീര്‍ എന്നാണ് പറഞ്ഞതെന്നും സൂചനയുണ്ട്. മുബഷിറും വിദ്യാര്‍ഥിനിയും ലിവിങ് റിലേഷനില്‍ ആയിരുന്നെന്നും കരുതുന്നു.

മംഗലാപുരത്ത് ബിഫാം വിദ്യാര്‍ഥിനിയായ ആയിഷ റഷ കുറച്ചു ദിവസം മുമ്പാണ് സുഹൃത്തായ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തുള്ള വാടക വീട്ടില്‍ എത്തിയതെന്നാണ് വിവരം. റഷ വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായിരുന്ന ബഷീറുദ്ദീന്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും മര്‍ദിച്ചതായും സുഹൃത്തുക്കള്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. ബഷീറുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. യുവാവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ യുവതിയുടെ ആത്മഹത്യക്ക് കാരണമായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ആയിഷയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഭാര്യയാണെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞ ഇയാള്‍ പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതു പ്രകാരം നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷാണ് ബഷീറുദ്ദീനെ കസ്റ്റഡിയിലെടുത്തത്.

ആയിഷയെ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ വാട്‌സാപ് സന്ദേശങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചതായാണ് വിവരം. ബഷീറുദ്ദീന്റെ ലാപ്‌ടോപ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആയിഷയുടെ ബന്ധു പറയുന്നത്

ആയിഷ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കാനായി മംഗളൂരുവില്‍ നിന്ന് വരണോയെന്നുമാണ് ബന്ധു പ്രതികരിച്ചത്. എങ്ങനെയാണ് മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ഇവിടെ എത്തിയത് എന്നതില്‍ കുടുംബത്തിന് യാതൊരു വ്യക്തതയുമില്ല. ഓഗസ്റ്റ് 24ന് ആയിഷ കോഴിക്കോട്ടേക്ക് വന്നെന്നാണ് ബന്ധു പറഞ്ഞത്. ആയിഷ റഷയെ ആണ്‍ സുഹൃത്ത് ചിരവകൊണ്ട് അടിച്ചതായി സുഹൃത്ത് പറഞ്ഞിരുന്നു. ആയിഷ മരിക്കുന്നതിന് കുറച്ചു മുന്‍പ് തന്റെ ഭാര്യയ്ക്ക് മെസേജ് അയച്ചതായും ബന്ധു പറഞ്ഞു. പിന്നീട് നാലുമണിക്കൂറോളം ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവുമായിരുന്നു. പത്തുമണിക്ക് ശേഷം ഒരു ബന്ധു വിളിച്ച് ആശുപത്രിയില്‍ ആയിഷയുണ്ട് ഒന്ന് പോകണം എന്ന് പറഞ്ഞു. അങ്ങനെയാണ് ആശുപത്രിയിലെത്തുന്നത് അപ്പോളേക്കും മരിച്ചിരുന്നു. ബഷീറുദ്ദീന്‍ എന്നയാളാണ് ഇവിടെയെത്തിച്ചത്. ആശുപത്രിയില്‍ ആദ്യം ഭാര്യയെന്നാണ് ആണ്‍സുഹൃത്ത് പറഞ്ഞത്. പിന്നീട് സുഹൃത്തെന്ന് മാറ്റിപ്പറയുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് നടക്കാവ് പൊലീസിനെ വിവരം അറിയിക്കുന്നത്. അന്വേഷിച്ചപ്പോള്‍ യുവാവ് കയ്യിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധു പറയുന്നു.

ഒരു കാരണവശാലും ഓണം അവധിക്ക് ഇവിടേക്കുവരേണ്ട ആവശ്യം അവള്‍ക്കില്ല. ഒരാഴ്ചയായിട്ട് കോഴിക്കോട് ഉണ്ടെന്ന് കേള്‍ക്കുന്നു. എന്നാല്‍ അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. അടിമുടി ദുരൂഹതയാണ് ഈ മരണത്തിലുള്ളത്. അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം വേണം, യഥാര്‍ഥ കാരണം എന്തെന്ന് കണ്ടെത്തണമെന്നും ബന്ധു പറഞ്ഞു. പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് ബഷീറുദ്ദീന്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങള്‍ കൊണ്ട് കാല്‍മുട്ടുകള്‍ക്ക് അടിച്ചെന്നും ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചു ഉപദ്രവിച്ചിരുന്നു എന്നും മൊഴിയുണ്ട്.