കൊച്ചി: പെരിയ കൊലക്കേസിലെ മുഖ്യപ്രതി കല്യോട്ട് ഏച്ചിലടുക്കത്തെ എ. പീതാംബരനു കോടതി അനുമതി ഇല്ലാതെ കണ്ണൂർ സെൻട്രൽ ജയിലിൽ സുഖചികിത്സ നൽകിയെന്ന റിപ്പോർട്ടിൽ ജയിൽ സൂപ്രണ്ടിനു നോട്ടിസ്. സിബിഐ കോടതിയാണ് നോട്ടിസ് അയച്ചത്. ജയിൽ സൂപ്രണ്ടിനോടു നേരിട്ടു ഹാജരാകാനാണ് കോടതി നിർദ്ദേശം.

പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സക്ക് നിർദ്ദേശിച്ചത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ പീതാംബരൻ.

ഇക്കഴിഞ്ഞ ഓക്ടോബർ 14 നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകിയത്. ശേഷം പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. ശേഷം 19 -ാം തിയതിയാണ് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന റിപ്പോർട്ട് വന്നത്.

തുടർന്ന് 24-ാം തിയതി സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു. ഈ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശമാണ് 40 ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നൽകണം എന്നത്. പീതാംബരന് നടുവേദനയും മറ്റ് ചില അസുഖങ്ങൾ ഉള്ളതുകൊണ്ടാണ് കിടത്തി ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരന് ചികിത്സ നൽകിയ സാഹചര്യം നേരിട്ട് ഹാജരായി വ്യക്തമാക്കണമെന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് കോടതി നിർദ്ദേശിച്ചത്.

ഒക്ടോബർ 14നാണ് സംഭവങ്ങളുടെ തുടക്കം. പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥ് പരിശോധന നടത്തി. ജയിൽ സൂപ്രണ്ടിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. പിന്നാലെ 19ന് പ്രതിക്ക് വിദഗ്ധ ചികിത്സ നൽകണമെന്നും കിടത്തി ചികിത്സ വേണമെന്നും ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്നാണ് സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 2019 സെപ്റ്റംബറിൽ പൊലീസിന്റെ കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും കേസ് സിബിഐയ്ക്ക് തന്നെ വിടുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ആദ്യം തന്നെ പ്രതി ചേർക്കപ്പെട്ടയാളാണ് പീതാംബരൻ. 24 പ്രതികളുള്ള കേസിൽ 16 പേർ ജയിലിലാണ്. കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയവയാണ് പ്രതികൾക്കെതിരായ കുറ്റങ്ങൾ.

കേരള പൊലീസ് അന്വേഷിച്ച കേസിൽ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികൾക്ക് സർക്കാർ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതായി പലപ്പോഴായി ആരോപണം ഉയർന്നിട്ടുണ്ട്.