മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതിയെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരീഷ് കുമാര്‍ ബാലക് രാമിനെയാണ് അറസ്റ്റ് ചെയ്തത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നും കൊലപാതകികള്‍ക്ക് പണം നല്‍കിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു.

കൊലപാതകത്തിനുള്ള പണം തയ്യാറാക്കിയതും സാധനങ്ങള്‍ എത്തിച്ചതും ഇയാളാണെന്നും പോലീസ് അറിയിച്ചു. ബാലക്രം പൂനെയില്‍ ആക്രി കച്ചവടക്കാരനായിരുന്നു. മൂന്ന് പ്രതികളില്‍ രണ്ടു പേരായ ധര്‍മ്മരാജ്, ശിവപ്രസാദ് ഗൗതം എന്നിവര്‍ ബാലക്രമിന്റെ കടയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന് മുന്നോടിയായി ശിവപ്രസാദിനും ധര്‍മരാജിനുമായി ഇയാള്‍ പുതിയ ഫോണുകള്‍ വാങ്ങി നല്‍കിയിരുന്നു. ഇയാള്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നുവെന്നും പോലീസ് അറിയിച്ചു.

അതേ സമയം പോലീസ് അന്വേഷിക്കുന്ന മറ്റൊരു പ്രതി നേരത്തെ സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിയുതിര്‍ത്ത കേസില്‍ വിട്ടയച്ചയാളെന്ന് സൂചന. ഏപ്രിലില്‍ നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെയ്പ്പിന് ശേഷം മുംബൈ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശുഭം ലോങ്കര്‍ ആണ് ബാബ സിദ്ദിഖി വധത്തില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി. തെളിവുകളുടെ അഭാവം മൂലമാണ് അന്ന് ഇയാളെ പോലീസ് വിട്ടയച്ചത്.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ശുഭം ലോങ്കര്‍ എന്ന് പോലീസ് വ്യക്തമാക്കി. സല്‍മാന്‍ ഖാന്റെ വസതിയായ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് നടന്ന വെടിവെയ്പ്പിനുശേഷം ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ പ്രധാന അംഗമെന്ന് കരുതുന്ന ലോങ്കറിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇയാള്‍ക്കൊപ്പം നിരവധി പേരെ കേസില്‍ ചോദ്യം ചെയ്തിരുന്നു. വെടിവെപ്പ് കേസിലെ പ്രതികള്‍ക്ക് അഭയം നല്‍കി എന്നതായിരുന്നു ആരോപണമെങ്കിലും ശക്തമായ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ ആകാതെ വന്നതോടെ വിട്ടയക്കേണ്ടി വന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സിദ്ദിഖി വധത്തിലെ ഗൂഢാലോചനയില്‍ പ്രധാനികള്‍ ലോങ്കറും, സഹോദരന്‍ പ്രവിണും ആണെന്നും ധരംരാജ് കശ്യപ്, ശിവ് കുമാര്‍ ഗൗതം എന്നിവരാണ് കുറ്റകൃത്യം ചെയ്തതെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ദിഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയി സംഘം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശുഭം ലോങ്കറിന്റെ അക്കൗണ്ടില്‍ നിന്നാണെന്നാണ് ആരോപണം. പ്രവീണിനെ നേരത്തെ പൂനെയില്‍ നിന്ന് അറസ്റ്റ് ചെയ്തെങ്കിലും ശുഭം ഇപ്പോഴും ഒളിവിലാണ്.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് 48 വര്‍ഷക്കാലം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബാബാ സിദ്ദിഖി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നത്.

1999, 2004, 2009 വര്‍ഷങ്ങളില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍നിന്നും തുടര്‍ച്ചയായി വിജയിച്ച നേതാവ്. മഹാരാഷ്ട്രയുടെ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്ത മുന്‍മന്ത്രി. ബാന്ദ്രയിലെ ബോളിവുഡ് താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ അത്രമാത്രം സ്വാധീനമുള്ള നേതാവ്.

2013ല്‍ ഷാരൂഖ്, സല്‍മാന്‍ ഖാന്‍മാര്‍ തമ്മിലുണ്ടായ പ്രശസ്തമായ തര്‍ക്കം ഒരു ഇഫ്താര്‍ വിരുന്നില്‍ ബാബ സിദ്ദിഖി പുഷ്പം പോലെ പരിഹരിച്ചതും മറ്റൊരു ചരിത്രം. അത്രമാത്രം ബന്ധം ബോളിവുഡിനോടും സിദ്ദിഖി സൂക്ഷിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ നാവായും സിദ്ദിഖി പയറ്റിത്തെളിഞ്ഞ മഹാരാഷ്ട്ര രാഷ്ട്രീയം.

ഒടുവില്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കൗമാരക്കാലം മുതല്‍ തുടങ്ങിയ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിദ്ദിഖി പിടിയിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് ബാന്ദ്ര മേഖലയില്‍ ഉണ്ടായിരുന്ന മേല്‍ക്കൈയ്ക്കും ഉലച്ചില്‍ സംഭവിച്ചിരുന്നു. എന്‍സിപി പിളര്‍ത്തി എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായ അജിത് പവാര്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരുന്നു സിദ്ദിഖിയുടെ തീരുമാനം. മറാഠാ രാഷ്ട്രീയത്തിലെ ഒരു അതികായനാണ് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് മരിച്ചുവീണത്.