പത്തനംതിട്ട: തുടർച്ചയായി മാനസിക പീഡനവും ഭീഷണിയും അനുഭവിക്കേണ്ടി വന്നതിനാലും അധികാരം കൈയാളുന്നവരോട് എതിർത്തു നിൽക്കാൻ കഴിവില്ലാത്തതിനാലുമാണ് എം.എസ്. ബാബു ജീവനൊടുക്കിയതെന്ന് ഭാര്യ റാന്നി പെരുനാട് കൂനംകര മേലേതിൽ വീട്ടിൽ കുസുമകുമാരി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ മഠത്തുംമൂഴി പള്ളിയുടെ പറമ്പിലെ മരത്തിലാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

പരാതിയിലെ പ്രസക്ത ഭാഗങ്ങൾ:

ഞാനും എന്റെ ഭർത്താവ് എംഎസ് ബാബുവും മഠത്തുംമൂഴി വലിയ പാലത്തിനോട് ചേർന്നാണ് താമസിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, സിപിഎം പെരുനാട് ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ്, വിശ്വൻ (ശ്യാം എം.എസ്) എന്നിവർ തുടർച്ചയായി ഞങ്ങളെ സമ്മർദം ചെലുത്തുകയും ഉപദ്രവിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു.

വലിയ പാലത്തോട് ചേർന്നുള്ള വെയിറ്റിങ് ഷെഡ് പൊളിച്ച് പുതിയത് ഞങ്ങളുടെ സ്ഥലത്ത് നിർമ്മിക്കണമെന്നും പറഞ്ഞിരുന്നു. വീടിരിക്കുന്ന പരിമിതമായ സ്ഥലം ഇതിനായി വിട്ടു നൽകണമെന്നാണ് ആവശ്യപ്പെട്ടത്. വേനൽക്കാലത്ത് പൊതുജനങ്ങൾ അടക്കം ഉപയോഗിക്കുന്ന ഞങ്ങളുടെ കിണറിനോട് ചേർന്ന് കക്കൂസുകളും സെപ്റ്റിക് ടാങ്കും നിർമ്മിക്കുന്നതിനെ ഞങ്ങൾ എതിർത്തിരുന്നു. സ്ഥലം വിട്ടു നൽകാൻ ഞങ്ങൾ വിസമ്മതിക്കുകയും ടോയ്ലറ്റ് കോംപ്ലക്സ് കിണറിനോട് ചേർന്ന് പണിയുന്നത് എതിർക്കുകയും ചെയ്തപ്പോൾ ഇവർ ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.

കൂടാതെ റോഡിന് താഴെയുള്ള ഞങ്ങളുടെ സ്ഥലം പി.എസ്. മോഹനൻ ചെയർമാനായുള്ള സുകർമ പാലിയേറ്റീവ് എന്ന സ്ഥാപനത്തിന് വിട്ടു നൽകാനും ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി ഞങ്ങളുടെ സ്ഥലം പിടിച്ചെടുക്കാൻ വേണ്ടിയുള്ള ഭീഷണികളും ഉപദ്രവവും സഹിക്കാവുന്നതിലും കൂടുതലായിരുന്നു. ഞങ്ങളുടെ വീടിനോട് ചേർന്നുള്ള വെയിറ്റിങ് ഷെഡിൽ സാമൂഹിക വിരുദ്ധരായ ആളുകളെ കൊണ്ടിരുത്തുകയും അവർക്ക് മദ്യവും മയക്കു മരുന്നുമൊക്കെ വാങ്ങി നൽകി സ്ഥിരമായി അസഭ്യം പറച്ചിലും ഭീഷണി ഉയർത്തലും ഉണ്ടായിരുന്നു.

ഇത് പരിഹരിക്കാൻ പ്രസിഡന്റ് പി.എസ് മോഹനനോട് ആവശ്യപ്പെട്ടപ്പോൾ ഇതെല്ലാം ഒഴിവാക്കണമെങ്കിൽ സാമ്പത്തികമായി തകർച്ചയിലുള്ള പെരുനാട് സൊസൈറ്റിയിൽ ഞങ്ങളുടെ വിദേശത്തുള്ള പെൺകുട്ടികളുടെ കൈയില നിന്നും പണം വാങ്ങി 20 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യണം. മൂന്നു ലക്ഷം രൂപ പി.എസ്. മോഹനന് കൊടുക്കണം. ഒരു ലക്ഷം വീതം റോബിൻ കെ. തോമസിനും ശ്യാം എന്ന വിശ്വനും കൊടുക്കണം എന്നും പറഞ്ഞു. ഈ കാര്യങ്ങൾ എന്റെ ഭർത്താവ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളതും അത് പൊലീസിന്റെ കൈവശം സൂക്ഷിച്ചിട്ടുള്ളതുമാണ്.

ഭർത്താവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരേ അന്വേഷണം നടത്തി അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ നടപടി സ്വീകരണം.