മൂലമറ്റം: അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ആവോലി പുറത്തേട്ട് ബാബുരാജ്(52)ന്റെ ആത്മഹത്യയിലെ അന്വേഷണം അട്ടിമറിക്കപ്പെടും. സിപിഎം. നേതാവിന്റെ ഭീഷണിമൂലമെന്ന് മരണക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട് പഞ്ചായത്തംഗം കൂടിയായ സിപിഎം. ജില്ലാ നേതാവിന്റെ ഭീഷണിയും സഹപ്രവർത്തകന്റെ ചതിയുമാണ് ജീവനൊടുക്കുന്നതിന് കാരണമായതെന്ന് ഇദ്ദേഹത്തിന്റെ നാലുപേജുള്ള ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള അട്ടിമറി പ്രവർത്തനം സജീവമാണ്.

കൈക്കൂലി ചോദ്യം ചെയ്തതിന് സി പി എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായ കെ എൽ ജോസഫും മേലുദ്യോഗസ്ഥരും മാനസികമായി പിഡിപ്പിച്ചിരുന്നുവെന്ന ആരോപണത്തെ കുറിച്ചാണ് അന്വേഷണം. വാഴക്കുളം പൊലീസ് ബാബുരാജിന്റെ വീട്ടിലെത്തി ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുത്തു. ബാബുരാജിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന വാഴക്കുളം പൊലീസാണ് ആവോലിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്.അറക്കുളം പഞ്ചായത്തിലെ കൈക്കൂലിയും അഴിമതിയും ചോദ്യം ചെയ്തതിന് നിരന്തരം പിഡനത്തിനിരയായെന്ന ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് ബന്ധുക്കളെ വായിച്ച് കേൾപ്പിച്ചിരുന്നു. മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇതെകുറിച്ച് പറഞ്ഞിരുന്നതായി ഭാര്യയും സഹോദരങ്ങളും മോഴി നൽകി. പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സഹോദരങ്ങളുടെ നീക്കം. അന്വേഷണ സംഘം അറക്കുളം പഞ്ചായത്തിലുമെത്തി വരും ദിവസങ്ങളിൽ മൊഴിയെടുക്കും.

ഇതിനിടെ ബാബുരാജിന്റെ ആത്മഹത്യാ കുറിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാശ്യപ്പെട്ട് വിവിധ സർവീസ് സംഘടനകളും പൊലിസിനെ സമീപിച്ചിട്ടുണ്ട്. സിപിഎം നേതാവ് നടത്തിയ കലുങ്ക് നിർമ്മാണത്തിലെ അപാകത ബാബുരാജ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നുള്ള പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. കലുങ്ക് നിർമ്മാണത്തിന്റെ പണം അനുവദിക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടെ വാർഡിലെ വീട് നിർമ്മാണത്തിൽ ജോസഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയർന്നു. ഇതിന് പിന്നാലെ ആവോലിയിലെ വീട്ടിന് മുകളിൽ ടെറസിൽ തൂങ്ങിമരിച്ച നിലയിലാണ് ബാബുരാജിനെ കണ്ടെത്തുന്നത്. തോട്ടടുത്ത് നിന്നും മുന്ന് പേജുള്ള ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു.

അറക്കുളം പഞ്ചായത്തിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരനുമായി തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ കുടുക്കുമെന്നും ജയിലിലടയ്ക്കുമെന്നും ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായി കത്തിൽ പറയുന്നു. തന്റെ സഹപ്രവർത്തകനും വാർഡ് മെമ്പർക്കൊപ്പം ചേർന്ന് കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും കത്തിൽ സൂചനയുണ്ട്. വിവിധ ശാരീരിക പ്രശ്‌നങ്ങൾ അലട്ടുന്നതിനിടയിൽ ജോലിയുടെ പേരിലുള്ള അതിസമ്മർദ്ദം കൂടിയായതോടെ താങ്ങാൻ കഴിയുന്നില്ലെന്ന് കത്തിൽ പറയുന്നു. തുടർന്നാണ് ആത്മഹത്യ.

26-ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലും സിപിഎം. നേതാവ് ബാബുരാജിനെ പരുഷമായി ആക്ഷേപിച്ചിരുന്നു. പഞ്ചായത്ത് വാർഷികപദ്ധതിയുടെ കാലതാമസത്തിന്റെ പേരിലായിരുന്നു ഇത്. ഇത് അറക്കുളം പഞ്ചായത്തിലെ സാങ്കേതിക വിഭാഗത്തിന്റെ മാത്രം പ്രശ്‌നമായിരുന്നില്ല. സർക്കാർ പുതുതായി കൊണ്ടുവന്ന സോഫ്റ്റ്‌വേറിന്റെ സങ്കീർണതകളാണ് ഇതിന് തടസ്സമെന്നും ബാബുരാജ് വിശദീകരിച്ചിരുന്നു. ഇത് ചെവിക്കൊള്ളാതെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബാബുരാജിനെ കളിയാക്കുകയായിരുന്നു എതിരാളികൾ.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ കെ എൽ ജോസഫിന്റെ പീഡനത്തെ തുടർന്നാണെന്ന് പഞ്ചായത്ത് അംഗം പി എ വേലു കുട്ടൻ ആരോപിച്ചു. സിപിഎം നേതാവ് നടത്തിയ കലുങ്ക് നിർമ്മാണത്തിലെ അപാകത ബാബുരാജ് ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ പണം അനുവദിക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. വാർഡിലെ വീട് നിർമ്മാണത്തിൽ ജോസഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണമുണ്ടായിരുന്നു. കൈക്കൂലി ബാബുരാജിന് നൽകാൻ എന്നായിരുന്നു ഗുണഭോക്താക്കളെ അറിയിച്ചിരുന്നതെന്നും വേലു കുട്ടൻ ആരോപിക്കുന്നു. ഇതേ ചൊല്ലിയും ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്ന് വേലുക്കുട്ടൻ പറയുന്നു. അഴിമതിയെ ചോദ്യം ചെയ്തതാണ് ബാബുരാജിന്റെ ആത്മഹത്യക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

ലൈഫ് പദ്ധതിക്കടക്കം കൈക്കൂലി വാങ്ങുന്ന പഞ്ചായത്തംഗങ്ങൾക്ക് എതിരെ നിലപാടെടുത്തതോടെ ബോർഡ് യോഗത്തിലും പുറത്തും ബാബുരാജിനെ നിരന്തരം അപമാനിക്കാൻ ശ്രമിച്ചു. ഇതൊന്നും താങ്ങാനാവാത്തതിനാൽ ജീവനൊടുക്കുന്നുവെന്നാണ് അത്മഹത്യകുറിപ്പ്. സംഭവത്തെ കുറിച്ച് മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഭരണസമിതിയുടെ അതിരുവിട്ട സമ്മർദ്ദവും അമിത ജോലിഭാരവും മൂലം അറക്കുളം പഞ്ചായത്ത് ജീവനക്കാർ അസംതൃപ്തിയിലുമാണ്. എല്ലാ കാര്യത്തിനും ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന രീതി പൊതുവിലുണ്ടെങ്കിലും അറക്കുളത്ത് ഇത് വളരെ കൂടുതലാണെന്ന് ജീവനക്കാർ പറയുന്നു.

ഭരണസമിതി യോഗത്തിൽ വിളിച്ചുവരുത്തി 'ചാടിക്കു'ന്നതൊക്കെ ഇവിടെ പതിവാണ്. ഓഫീസിലെ ജോലിയെടുക്കാതെ സംഘടനാ പ്രവർത്തനങ്ങളുമായി നടക്കുന്നവരോട് വളരെ മൃദുസമീപനവുമാണ് ഭരണസമിതിക്ക്. നിയമം നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് യാതോരുവിധ പിന്തുണയും ഭരണസമിതി നൽകാറില്ല. മാത്രമല്ല നിസ്സാരമായി പിഴവുകൾപോലും പെരുപ്പിച്ചുകാട്ടി ദ്രോഹിക്കുന്ന പ്രവണതയും കൂടുതലാണ്. അറക്കുളം പഞ്ചായത്തിൽവന്ന ശേഷം പലതവണ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന് ഒരു ജീവനക്കാരി പറഞ്ഞു.