ഭിൽവാര: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ, വായിൽ കല്ലുകൾ തിരുകി, ചുണ്ടുകൾ പശ കൊണ്ട് ഒട്ടിച്ച് കാട്ടിൽ ഉപേക്ഷിക്കപ്പെട്ട 15 ദിവസം പ്രായമുള്ള നവജാത ശിശുവിന് അത്ഭുതകരമായ രക്ഷ. സീതാ കുണ്ഡ് ക്ഷേത്രത്തിലേക്കുള്ള റോഡരികിലെ വനമേഖലയിലാണ് പിച്ചിച്ചെടികൾക്കിടയിൽ അവശനിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ക്രൂരമായി ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷപ്പെടുത്തിയത് കന്നുകാലികളെ മേയ്ക്കാൻ പോയ യുവാവാണ്.

കുട്ടിക്ക് ശ്വാസമെടുക്കാനോ കരയാനോ പോലും സാധിക്കാത്ത രീതിയിലാണ് ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ ശരീരത്തിൽ നിന്ന് പശ നീക്കം ചെയ്തതായും, തുടയിലും പശ പുരട്ടിയിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.

സംഭവം നടന്നത് ഭിൽവാരയിലെ ബിജോലിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ആരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കണ്ടെത്താൻ പോലീസ് ഊർജിത ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ ആശുപത്രികളിലും ഗ്രാമങ്ങളിലും അടുത്തിടെ ജനിച്ച കുട്ടികളെക്കുറിച്ചും ഇവരുടെ രക്ഷിതാക്കളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഒരടിയോളം ആഴമുള്ള കുഴിയിൽ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ ഒരു യുവാവാണ് അന്ന് രക്ഷപ്പെടുത്തിയത്. ജീവനോടെ കുഴിച്ചുമൂടപ്പെട്ട കുഞ്ഞിന്റെ കൈകളിൽ ജീവികൾ ആക്രമിച്ചതിന്റെ പാടുകൾ കണ്ടിരുന്നു. ഇത്തരം സംഭവങ്ങൾ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.