പത്തനംതിട്ട: മലയാലപ്പുഴയിൽ യുവജനസംഘടനകൾ അടിച്ചുതകർത്ത മന്ത്രവാദ ചികിത്സാ കേന്ദ്രമായ വാസന്തിമഠത്തിനും നടത്തിപ്പുകാരിക്കുമെതിരെ ആരോപണങ്ങളുമായി നാട്ടുകാർ. മഠത്തിൽ നിന്ന് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ മന്ത്രവാദം നടത്തുന്ന ശോഭന(41)യെയും ഭർത്താവ് ഉണ്ണികൃഷ്ണനെയും(41) പൊലീസ് പിടികൂടിയിരുന്നു.

ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകൾ പുറത്തുവന്നതിന് പിന്നാലെ ഈ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മന്ത്രവാദത്തിനിടെ ഒരു കുട്ടി ബോധം കെട്ടുവീഴുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഇന്ന് യുവജന സംഘടനകൾ ഇവിടേക്ക് പ്രതിഷേധം നടത്തിയതും മഠം അടിച്ചുതകർത്തതും.

യുവതികളെയും പെൺകുട്ടികളെയും അടക്കം വിവസ്ത്രരാക്കി ചൂരൽകൊണ്ട് അടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചികിത്സയെന്ന പേരിൽ നടത്തിവന്നത്. മദ്യപിച്ച് തുള്ളുകയും സ്വയം നഗ്‌നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ചികിത്സാ രീതി. പലതവണ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയതാണോ എന്ന് സംശയവും നാട്ടുകാർ പ്രകടിപ്പിക്കുന്നു. നാട്ടുകാരുടെ സംശയം ദൂരൂകരിക്കാൻ വേണ്ടി വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പൊലീസും

പൊലീസോ എതിർക്കുന്നവരോ വരുമ്പോൾ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി നഗ്‌നയായി നിൽക്കുന്നതാണ് ശ്രീദേവിയുടെ രീതി. ഇതോടെ പൊലീസ് പിൻവലിയും. മാനസികനില തെറ്റിയ ആളെന്ന രീതിയിൽ പൊലീസ് ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്തിരുന്നത്. സ്ത്രീയുടെ ആദ്യഭർത്താവിനേയും ഇവരുടെ സഹായിയായി നിന്ന ആളെയും കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ആദ്യ ഘട്ടത്തിൽ ചെറിയ തരത്തിലുള്ള മന്ത്രവാദ ചികിത്സകളായിരുന്നു ശോഭന നടത്തിയിരുന്നത്. പിന്നീട് പുറത്ത് നിന്ന് ആളുകൾ എത്താൻ തുടങ്ങി. അവർക്കെതിരെ പരാതി നൽകുന്നവരെ കേസിൽ കുടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. 'സമയം അടുത്ത് വരുമ്പോൾ പറയാം' എന്നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോകുമ്പോൾ ശോഭന പ്രതികരിച്ചത്.

മഠത്തിനും നടത്തിപ്പുകാർക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ് പി സ്വപ്നിൽ മധ്കർ മഹാജൻ അറിയിച്ചു. നേരത്തെ തന്നെ നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിരുന്നു. പൊലീസ് രണ്ടുമൂന്ന് തവണ ഇവർക്ക് മുന്നറിയിപ്പ് നൽകിയതാണ്. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ പ്രത്യേകം അന്വേഷിക്കും. അവരുടെ വീടും പരിസരങ്ങളും വേണ്ടരീതിയിൽ പരിശോധിക്കുമെന്നും പത്തനംതിട്ട എസ് പി വ്യക്തമാക്കി. മുൻകാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങൾ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.