- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിനിക്കിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; ഒരു സംഘം ആളുകളെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഡോക്ടർ കൃഷ്ണമൂർത്തിയുടെ തിരോധാനം; പൊലീസ് അന്വേഷിക്കവേ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത് കുന്താപുരത്ത് റെയിൽവേ ട്രാക്കിൽ; ഭീഷണിപ്പെടുത്തിയവരിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ
കാസർകോട്: കാസർകോട് ബദിയടുക്കയിലെ ദന്തഡോക്ടർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിലായി. ഇവരുടെ ഭീഷണിയെ തുർന്നാണ് ഡോക്ടർ കൃഷ്ണമൂർത്തി (52) മരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ക്ലിനിക്കിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ബദിയടുക്ക പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഡോക്ടറെ കാണാതായത്. ബൈക്കുമെടുത്ത് ക്ലിനിക്കിൽ നിന്നും പോകുകയായിരുന്നു.
പിന്നീട് ബൈക്ക് നഗരത്തിൽ നിന്നും കണ്ടെത്തി. അപമര്യാദയായി പെരുമാറി എന്നാരോപിച്ച് പരാതി നൽകിയ യുവതിയുടെ ബന്ധുക്കൾ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച മുതലാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഡെന്റൽ ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുണ്ടായിരുന്നു. ബുധനാഴ്ച യുവതി പൊലീസിൽ പരാതി നൽകി കേസെടുത്തതോടെ ഡോക്ടറെ കാണാതാവുകയായിരുന്നു. കൂടാതെ യുവതിയുടെ ബന്ധുക്കൾ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, ചൊവ്വാഴ്ച ഉച്ചമുതൽ ഡോക്ടറെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിൽ ഡോക്ടറുടെ മൊബൈൽ ഫോൺ ക്ലിനിക്കിലും ബൈക്ക് കുമ്പളയിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് കുന്താപുരത്ത് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
വസ്ത്രത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് കൃഷ്ണമൂർത്തിയെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബദിയടുക്ക സ്റ്റേഷൻ പരിധിയിലെ 32 കാരിയാണ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയത്. ഡോക്ടർ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പേർ ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഡോക്ടറെ കാണാതായത്. വർഷങ്ങളായി ബദിയടുക്ക ടൗണിൽ ക്ലിനിക് നടത്തുന്ന കൃഷ്ണമൂർത്തി ബദിയടുക്ക സ്വദേശിയാണ്.
ഡോക്ടറെ ഭീഷണിപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുള്ളേരിയ ഹവ്യക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് വ്യാഴാഴ്ച വൈകിട്ട് മാർച്ച് നടത്തി. രവീശതന്ത്രി കുണ്ടാർ, ജയദേവ ഖണ്ടിഗെ, ഹരീഷ് നാരംപാടി, കൃഷ്ണമൂർത്തി, സുധാമ ഗോസാഡെ തുടങ്ങിയവർ നേതൃത്വം നൽകി. ഡോക്ടർമാർക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കാസർകോട് ബ്രാഞ്ചിലെ ദന്ത ഡോക്ടർമാർ ക്ലിനിക്കിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.
ബ്രാഞ്ച് പ്രസിഡന്റ് ഡോ. അജിതേഷ്, സെക്രട്ടറി ഡോ. വിക്രം, ഡോ. ഹരീഷൻ നായർ നേതൃത്വം നൽകി. ദന്ത ഡോക്ടറുടെ മരണത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബദിയടുക്ക ടൗണിൽ വിഎച്ച്പി ഹർത്താൽ പ്രഖ്യാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ