ഇലന്തൂർ: ഇരട്ടക്കൊലക്കേസിലെ പ്രതികളുമായി കൊലപാതകം നടന്ന വീട്ടിലും മറ്റ് സ്ഥലങ്ങളിലും തെളിവെടുപ്പ്. റോസിലിന്റെ് തിരോധാനം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ കാലടി പൊലീസാണ് പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിങ്ങ് എന്നിവരുമായി തിങ്കളാഴ്ച രാവിലെ ഇലന്തൂരിലെ വീട്ടിൽ തെളിവെടുപ്പിനെത്തിയത്.

പകൽ 11 മണിയോടെയാണ് പ്രതികളെ ഇലന്തൂരിലെ ഭഗവത് സിംഗിന്റെ വീട്ടിൽ എത്തിച്ചത്. ശാസ്ത്രീയ അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. രണ്ടാം പ്രതി ഭഗവത് സിംഗിനെ ഇലന്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് റോസിലിൻ പണയം വച്ച സ്വർണ്ണ മോതിരം കണ്ടെടുത്തു. ഏഴ് ഗ്രാം തൂക്കം വരുന്ന മോതിരം പണയമായി നൽകി രണ്ടായിരം രൂപ ഭഗവൽ സിങ് ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തെന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി പറഞ്ഞു.

മോതിരം ചളുങ്ങിയ അവസ്ഥയിലായിരുന്നുവെന്നും പ്രതിയെ മുൻപേ അറിയാമായിരുന്നതിനാൽ സംശയം തോന്നിയിരുന്നില്ലെന്നും അവർ പറഞ്ഞു. റോസിലിന്റെ കൊലപാതകവും ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു.

പത്മയുടെ കൊലപാതകം സംബന്ധിച്ച് കടവന്ത്ര പൊലീസ് നാലു തവണയാണ് പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പുകളിൽ 40 ൽ അധികം സുപ്രധാന തെളിവുകൾ കണ്ടെത്തിയിരുന്നെങ്കിലും കൊലപാതകങ്ങൾക്ക് ഉപയോഗിച്ച മുഴുവൻ ആയുധങ്ങളും കിട്ടിയിട്ടില്ല. റോസിലിന്റ കൊലപാതകം നടന്ന് അഞ്ചു മാസം പിന്നിട്ടതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം.