- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'മകന്‍ ബാലഭാസ്ക്കറിനെ കൊന്നത് തന്നെ തന്നെ; പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം; സിബിഐ ഒന്നും തൊടാത്ത റിപ്പോര്‍ട്ട് ആണ് കൊടുത്തത്; മകന്റെ മരണത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല': പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അര്‍ജുന്‍ അറസ്റ്റിലാകുമ്പോള്‍ ബാലുവിന്റെ കൊലപാതക സാധ്യത ബലപ്പെടുന്നതായി പിതാവ് ഉണ്ണി
'മകന്‍ ബാലഭാസ്ക്കറിനെ കൊന്നത് തന്നെ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സംശയങ്ങള്‍ തീരാതെ പിതാവ് ഉണ്ണി. പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ ബാലഭാസ്‌ക്കറിന്റെ മുന്‍ഡ്രൈവര്‍ അര്‍ജ്ജുന്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് കുടുംബം വീണ്ടും സംശയങ്ങളുമായി രംഗത്തുവരുന്നത്. മകന്‍ ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് തന്നെയാണെന്ന് പിതാവ് ഉണ്ണി പറഞ്ഞു. അര്‍ജുന്‍ മുന്‍പേ കുറ്റവാളിയാണെന്നാണ് അറിയാന്‍ സാധിച്ചത്. ഇത് എന്റെ സംശയങ്ങള്‍ ശക്തമാകുന്നവുന്നെന്നും ഉണ്ണി പറഞ്ഞു.
സിബിഐ അന്വേഷണത്തിലും തൃപ്തിയില്ല. സിബിഐ ഒന്നും തൊടാത്ത റിപ്പോര്‍ട്ട് ആണ് കൊടുത്തത്. ബാലുവിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം തന്നെയാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലുവിന്റെ മരണത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല. എടിഎം കവര്‍ച്ച ഉള്‍പ്പടെ അര്‍ജുന്‍ നടത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അര്‍ജുന്‍ ബാല ഭാസ്‌കറിന്റെ കൂടെ എത്തുന്നത് ഒരു ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ പരിചയപ്പെട്ടാന്നെും പിതാവ് ഉണ്ണി പറഞ്ഞു.
പെരിന്തല്‍മണ്ണ് കേസില്‍ അര്‍ജുന്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌ക്കറിന്റെ മരണം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു നേരത്തെ ഉയര്‍ന്ന ആരോപണം. അപകടത്തിന് തൊട്ടുമുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കുന്നത് കണ്ടതായി കലാഭവന്‍ സോബിയും മൊഴി നല്‍കിയിരുന്നു. അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതോടെ ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ.യും സംഭവത്തില്‍ അന്വേഷണം നടത്തി.
അപകടത്തില്‍ ദുരൂഹതയില്ലെന്നും അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ.യും അപകടമരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. സി.ബി.ഐ. റിപ്പോര്‍ട്ട് കോടതിയും അംഗീകരിച്ചു. എന്നാല്‍, കേസില്‍ തങ്ങള്‍ ഉന്നയിച്ച പല ആക്ഷേപങ്ങളും അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ അച്ഛന്‍ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അത് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
2018 സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടാം തീയതിയും മരണത്തിന് കീഴടങ്ങി.
കേസില്‍ അര്‍ജുന്‍ ഉള്‍പ്പെടെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍, വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് സംബന്ധിച്ച് തുടക്കംമുതല്‍ സംശയങ്ങളുണ്ടായി. വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍, അര്‍ജുനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതെല്ലാം സംശയങ്ങള്‍ക്കിടയാക്കിയിരുന്നു.
പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നത്. ആസൂത്രിതമായി നടന്ന വന്‍കവര്‍ച്ചയില്‍ നേരത്തെ 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുനും(28) ഉണ്ടായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് നേരത്തെ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനാണെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വര്‍ണവുമായി ചെര്‍പ്പുളശ്ശേരിയിലെത്തിയ ഒരു സംഘത്തെ മറ്റൊരു വാഹനത്തിലെത്തി കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം സ്വര്‍ണകവര്‍ച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റിലായെങ്കിലും ഇതിന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്. സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറും ഉണ്ടെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. തൃശ്ശൂര്‍ സ്വദേശി അര്‍ജുനാണ് പിടിയിലായത്. കേസിന് ബാലഭാസ്‌കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ടുതന്നെ ആ ദിശയില്‍ പുതിയ അന്വേഷണത്തിനും ഇപ്പോള്‍ സാധ്യത ഇല്ല.
അര്‍ജുന്റെ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌ക്കറിന്റെ കുടുംബം പരസ്യമായി പ്രതികരിച്ചിരുന്നു. ഈ കഴിഞ്ഞ ഒക്ടോബറിലാണ് ബാലഭാസ്‌ക്കര്‍ മരിച്ച് 6 വര്‍ഷം പൂര്‍ത്തിയാവുന്നത്. അന്ന് മുതല്‍ ഇന്നുവരെ വലിയ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. പല ചോദ്യങ്ങളും ദുരൂഹമായി തുടരുന്നതിനിടെയാണ് അര്‍ജുന്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലാവുന്നത്.