ബെംഗളൂരു: ബംഗുളുവിനെ നടുക്കിയ സ്‌ഫോടനത്തിൽ നിർണായക വഴിത്തിരിവ്. ബ്രൂക് ഫീൽഡിലെ രാമേശ്വരം കഫെയിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ മുഖ്യപ്രതികൾ പിടിയിലായി. കൊൽക്കത്തയിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കഫെയിൽ സ്ഫോടക വസ്തു അടങ്ങിയ ബാഗ് ഉപേക്ഷിച്ച മുസവിർ ഹുസ്സൈൻ ഷാസിബ് (30), സഹായം നൽകിയ അബ്ദുൽ മതീൻ താഹ (30) എന്നിവരാണ് പിടിയിലായത്.

വ്യാജപ്പേരിൽ നഗരത്തിലെ വാടക കെട്ടിടത്തിൽ താമസിച്ചുവരികയായിരുന്നു പ്രതികളെ ഇന്നലെ പുലർച്ചയോടെയാണ് പിടികൂടിയത്. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് എൻഐഎ ആരോപിക്കുന്ന മുസമ്മിൽ ശരീഫ് നേരത്തെ പിടിയിലായിരുന്നു. സ്‌ഫോടനം നടന്ന് 28 ദിവസത്തിനുശേഷമാണ് മുസമ്മിലിനെ അറസ്റ്റ് ചെയ്തത്. ബോംബ് സ്‌ഫോടനത്തിന് ആവശ്യമായ സഹായം ചെയ്ത ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഒളിവിൽ പോയ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നാണ് എൻഐഎ പറയുന്നത്.

ബെംഗളൂരു ബ്രൂക് ഫീൽഡിലെ കഫെയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം നടന്നത്. ഉച്ചയ്ക്കു 12.55ന് പത്തു സെക്കൻഡ് ഇടവേളയിൽ രണ്ടു രണ്ടു സ്‌ഫോടനങ്ങളാണ് കഫെയിൽ നടന്നത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന കഫെയിലെത്തിയ മുസവിർ ഹുസൈൻ വാഷ് റൂമിനു സമീപത്തെ ട്രേയിൽ സ്ഫോടകവസ്തു അടങ്ങിയ ബാഗ് ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. സ്ഫോടനത്തിൽ ഒൻപതു പേർക്ക് പരുക്കേറ്റിരുന്നു. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.

കർണാടക ആഭ്യന്തര വകുപ്പിനു കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് തുടക്കത്തിൽ കേസ് അന്വേഷിച്ചത്. തീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടി കേസ് എൻ ഐ എ ഏറ്റെടുക്കുകയുമായിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ഒളിവിൽ പോകുന്നതിനും പിന്നിലെ സൂത്രധാരൻ അബ്ദുൾ മത്തീൻ താഹയാണെന്നാണ് എൻഐഎ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ മണ്ടിയ, ചിക്കമംഗളൂരു, ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ 12 സ്ഥലങ്ങളിലും തമിഴ്‌നാട്ടിൽ അഞ്ചിടത്തും ഉത്തർപ്രദേശിൽ ഒരിടത്തും എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ശിവമോഗ, ബെംഗളൂരു, മംഗളുരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികളിലേക്കുള്ള നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.

മുസാബിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ നേരത്തെ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.