- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബംഗ്ലാദേശ് എംപിയെ ആഡംബര ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെ
കൊൽക്കത്ത: ചികിൽസയ്ക്കായി കൊൽക്കത്തയിൽ എത്തിയ ബംഗ്ലാദേശ് എംപിയെ കൊലപ്പെടുത്തിയത് തേൺകെണി ( ഹണിട്രാപ്പ്)യിൽ കുടുക്കിയെന്ന് സംശയം. മെയ് 12 ന് പശ്ചിമ ബംഗാളിന്റെ തലസ്ഥാനത്ത് എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി അംഗമായ അൻവാറുൽ അസിം അനാറിനെയാണ് ഒരു ആഡംബര ഫ്‌ളാറ്റിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കി പ്ലാസ്റ്റിക് പാക്കറ്റിൽ നഗരത്തിൽ പലയിടത്തായി ഉപേക്ഷിച്ചത്.
ബരാനഗറിലുള്ള ഗോപാൽ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് അനാർ താമസിച്ചിരുന്നത്. എന്നാൽ 13-ന് വൈദ്യപരിശോധനയ്ക്കായി പോയ എംപി.യെ പിന്നീട് ബിശ്വാസിനോ ബംഗ്‌ളാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാനായില്ല. തുടർന്ന് ബിശ്വാസ് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ന്യൂടൗണിലുള്ള ഒരു ആഡംബരഫ്‌ളാറ്റിൽ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി വ്യക്തമായി. മൃതദേഹം തുണ്ടം തുണ്ടമാക്കി പ്ലാസ്റ്റിക് പാക്കറ്റിൽ നഗരത്തിന്റെ പലഭാഗത്തായി ഉപേക്ഷിക്കുകയായിരുന്നു,
ആരാണ് അനാറിനെ കൊന്നത്?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് കൊൽക്കത്തയിലെയും, ധാക്കയിലെയും പൊലീസ് പരിശ്രമിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരൻ ജിഹാദ് ഹവ്‌ലദാറിനെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. എംപിയുടെ കൊലപാതകത്തിലും മൃതദേഹം അവയവഛേദം നടത്തിയതിലും തനിക്ക് പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചു.
അനാറിനെ വിളിച്ചുവരുത്തിയത് ഹണിട്രാപ്പിലൂടെയോ?
ധാക്ക പൊലീസ് മറ്റൊരു ചോദ്യത്തിന് കൂടി ഉത്തരം കണ്ടെത്തി. കൊലയാളികളിൽ ഒരാളുമായി ബന്ധമുള്ള ഷിലസ്തി റഹ്‌മാൻ എന്ന യുവതിയാണ് അനാറിനെ ഹണിട്രാപ്പിൽ കുടുക്കിയതെന്ന് സംശയിക്കുന്നു. എംപിയെ വശീകരിച്ച് യുവതി ആഡംബര ഫ്‌ളാറ്റിൽ എത്തിക്കുകയായിരുന്നു. ഫ്‌ളാറ്റിൽ എത്തിയ ഉടൻ തന്നെ അനാറിനെ വകവരുത്തി, ധാക്ക പൊലീസിനെ ഉദ്ധരിച്ച് കൊൽക്കത്ത പൊലീസ് പറഞ്ഞു. ന്യൂടൗണിലുള്ള ഒരു ആഡംബരഫ്‌ളാറ്റിൽ യുവതിക്കൊപ്പം അനാർ പ്രവേശിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.
5 കോടിക്ക് ക്വട്ടേഷൻ
ഷിലാസ്തി റഹ്‌മാനെ ധാക്ക പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതിനിടെ, വെള്ളിയാഴ്ച രാവിലെയാണ് കൊൽക്കത്ത പൊലീസ് കൊലപാതകത്തിൽ പങ്കാളിയായ ജിഹാദ് ഹവ്‌ലദാറിനെ പിടികൂടിയത്. കൊലപാതകത്തിൽ പങ്കാളികളായ മറ്റ് നാല് ബംഗ്ലാദേശികളിലേക്ക് ഇയാൾ വിരൽ ചൂണ്ടിയെന്നാണ് സൂചന. ഇക്കൂട്ടത്തിൽ ബംഗ്ലാദേശി വംശജനായ യുഎസ് പൗരൻ അക്തറുസമാൻ( ഇയാളാണ് സൂത്രധാരൻ എന്ന് കരുതുന്നു. ഷിലാസ്തി റഹ്‌മാനുമായി ബന്ധമുള്ളയാൾ) ഉൾപ്പെടുന്നു. അനാറിനെ വകവരുത്താൻ 5 കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല. യുഎസിലായിരിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അക്തറുസമാന്റെ സുഹൃത്തായ സർക്കാർ ഉദ്യോഗസ്ഥന്റെ വാടക ഫ്‌ളാറ്റിലേക്കാണ് അനറിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ക്രൂരമായ കൊലപാതകം ഇങ്ങനെ
കൊല നടത്തിയത് എങ്ങനെ എന്നതിന്റെ പ്രാഥമിക രൂപം വെളിവായിട്ടുണ്ട്. ഹവ്‌ലധാറും കൂട്ടാളികളും കൂടി അനാറിനെ വകവരുത്തി, മൃതദേഹത്തിൽ നിന്ന് തൊലിയുരിച്ച് മാംസം നീക്കം ചെയ്ത് തുണ്ടം തുണ്ടമാക്കി. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു അത്. എല്ലുകൾ ചെറുകഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിലാക്കി കൊൽക്കത്തയിൽ പലയിടത്തായി ഉപേക്ഷിച്ചു. ചില ശരീര ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായും സൂചനയുണ്ട്. പ്രതികളിൽ ഒരാൾ വലിയ സ്യൂട്ട്‌കേസുമായി ഫ്‌ളാറ്റിൽ നിന്ന് പുറത്തിറങ്ങി പോകുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടുമുണ്ട്.
മൂന്നുതവണ എംപി.യും അവാമിലീഗിന്റെ കലിഗഞ്ച് ഉപജില്ലാ യൂണിറ്റ് പ്രസിഡന്റുമാണ് കൊല്ലപ്പെട്ട അസിം അനാർ. മരണത്തിൽ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന നടുക്കം പ്രകടിപ്പിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ധാക്ക പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹാറുൺ റാഷിദ് പറഞ്ഞു. കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ നാട്ടുകാരുമായുള്ള ശത്രുതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുകയാണ്.