- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകവീടെടുത്ത് സൂക്ഷിച്ചിരുന്നത് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ; വീട്ടിൽ താമസിച്ചിരുന്ന ദമ്പതികൾ കസ്റ്റഡിയിൽ; വാഴക്കുല കച്ചവടത്തിന്റെ മറവിൽ പുകയില ഉൽപന്നങ്ങളുടെ വിതരണം; കോഴഞ്ചേരിയിൽ നിന്ന് എസ്പിയുടെ സംഘം പിടികൂടിയത് 30 ലക്ഷത്തിലധികം വിലവരുന്നവ
പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം നടത്തിയത് വൻ പുകയില ഉൽപന്നവേട്ട. വാടകയ്ക്ക് വീടെടുത്ത് ദമ്പതിമാരെ താമസിപ്പിച്ച് ഇവിടെ പുകയില വൻതോതിൽ ശേഖരിക്കുകയും വാഴക്കുല കച്ചവടത്തിന്റെ മറവിൽ സ്കൂളുകൾക്ക് സമീപമുള്ള കടകളിൽ വിതരണം ചെയ്യുകയുമായിരുന്നു.
കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽ നിന്നാണ് വിതരണത്തിന് ഒരുക്കി വച്ചിരുന്ന 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. വീട് വാടകയ്ക്ക് എടുത്ത് അനധികൃത കച്ചവടം നടത്തി വന്നയാളെ പിടികൂടാനായില്ല.
ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ ഡാൻസാഫ് സംഘത്തിന്റെയും ആറന്മുള പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ ബിനുരാജ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്നും ഇവ കണ്ടെടുത്തത്. വിവിധ ഇനങ്ങളിൽപ്പെട്ട 37000 ലധികം പുകയില ഉൽപ്പന്ന പായ്ക്കറ്റുകൾ പിടിച്ചെടുത്തു..
രാവിലെ പത്തു മണിയോടെ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടർന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സ്ഥലം സന്ദർശിച്ചു. ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറും നാർകോട്ടിക് സെൽ ഡിവൈ.എസ്. പിയുമായ കെ.എ. വിദ്യാധരന്റെയും പത്തനംതിട്ട ഡിവൈ.എസ്പി എസ്. നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്പിയുടെ നേതൃത്വത്തിൽ അവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലുള്ളവർ ബിനുരാജിന്റെ അടുത്ത ബന്ധുക്കളാണ്. ഇവർ കോഴിപ്പാലത്തിനടുത്ത് വാടകയ്ക്ക് എടുത്തു കൊടുത്ത ഒരു കടയിലെ വാഴക്കുല കച്ചവടത്തിന്റെ മറവിലാണ് പുകയില ഉൽപ്പന്നങ്ങൾ ബിനുരാജ് വിറ്റഴിച്ചുകൊണ്ടിരുന്നത്.
ഒളിവിൽ പോയ ബിനുരാജിനായി തെരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനയിൽ ഒരു ലക്ഷത്തിലധികം രൂപയും പൊലീസ് കണ്ടെടുത്തു. ഈ വീടിന് സമീപം വേറെ രണ്ട് വീടുകൾ കൂടി ഇയാൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ജില്ലയിൽ സമീപ കാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡ് ആണിത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് നടപടി. കഴിഞ്ഞ കുറെ ആഴ്ചകളായി സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ചില്ലറ കച്ചവടത്തിന് സൂക്ഷിച്ചിരുന്നതാണ് ഇവ. ലഹരിവസ്തുക്കളുടെ ചില്ലറ വില്പനക്കായി ഉപയോഗിച്ചിരുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു.
ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി കെ മനോജ്, ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവൽ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവരും, ആറന്മുള എസ് ഐ അനിരുദ്ധൻ, എ എസ് ഐ വിനോദ്, എസ് സി പി ഓ സുജ, സി പി ഓ രാകേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്