- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുഖ്യമന്ത്രിയുടേയും ടൂറിസം മന്ത്രിയുടേയും പേരിലും പിരിവ്; നിവേദനത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരിൽ ബാറുടമാ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പകൽക്കൊള്ള നടത്തുകയാണെന്ന ആരോപണം സർക്കാരിനും തലവേദന. പിരിവുകാരണം ഗതികെട്ട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് ഈ പരാതിയുള്ളത്. മുഖ്യമന്ത്രിയുടെയും എക്‌സൈസ്, ടൂറിസം മന്ത്രിമാരുടെയും പേരിൽ പിരിവ് നടത്തുന്നുണ്ട്. ഏപ്രിൽ 12-നാണ് സംഘടനയിലെ ഒരുവിഭാഗം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ഈ പരാതിയിൽ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
ഭരണനേതൃത്വത്തിനാണെന്ന് പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രാദേശികമായി നൽകിയ സംഭാവനകൾ നൽകിയിരുന്നു. ഇതിനുപുറമേ പാർട്ടിക്കെന്നുപറഞ്ഞ് ഓരോ ലക്ഷംരൂപ വാങ്ങി. കെട്ടിടനിർമ്മാണത്തിനായും ഓരോ ലക്ഷംവീതം പിരിച്ചു. ഇത് കഴിഞ്ഞാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ ബാറുകാരും രണ്ടരലക്ഷം രൂപവീതം നൽകണമെന്ന് സമ്മർദം ചെലുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. ഈ പരാതിയിൽ അന്വേഷണം എങ്ങും എത്തിയിട്ടില്ല.
ഇത് ശരിവെക്കുംവിധമാണ് പിന്നീട് മെയ് 23-ന് സംഘടനയുടെ സമ്മേളനം കഴിഞ്ഞിറങ്ങിയ ശബ്ദരേഖ. സംസ്ഥാന വൈസ് പ്രസിഡന്റ് അംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ അംഗങ്ങൾ ഓരോരുത്തരും രണ്ടരലക്ഷം രൂപവീതം നൽകണമെന്ന് നിർബന്ധിച്ചു. മദ്യനയത്തിൽ ഇളവുലഭിക്കാൻ ചെയ്യേണ്ടത് ചെയ്യണമെന്നും അത് നൽകുകയേ നിവൃത്തിയുള്ളൂവെന്നും ശബ്ദരേഖയിൽ വ്യക്തമാണ്. ഇതെല്ലാം ശരിവയ്ക്കുന്ന മുൻ പരാതിയിൽ അന്വേഷണം നടത്തിയാൽ ബാർ മുതലാളിമാരുടെ സംഘടന പ്രതിസന്ധിയിലാകും. ഈ സംഘടനയിലെ പലരും സിപിഎം അനുഭാവികളുമാണ്.
ബാർ കോഴ വിവാദത്തിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. വിവാദ ശബ്ദരേഖ പ്രചരിച്ച ബാറുടമകളുടെ വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്‌മിനെന്ന നിലയിലാണ് മൊഴിയെടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്നാൽ താൻ ഗ്രൂപ്പിന്റെ അഡ്‌മിനല്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ലെന്നും അർജുൻ പറഞ്ഞു. വെള്ളിയാഴ്ച വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പഴയ പരാതിയും ചർച്ചയാകുന്നത്. എന്തുകൊണ്ടാണ് ഈ പരാതിയിൽ അന്വേഷണം നടക്കാത്തതെന്നാണ് ഉയരുന്ന ചോദ്യം.
തിരുവഞ്ചൂരിന്റെ മകന്റെ മൊഴിയെടുക്കൽ ഒന്നേകാൽ മണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയെന്ന് അർജുൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഭാര്യാപിതാവിന് ബാറുണ്ടായിരുന്നു. വിവാദത്തിൽനിന്ന് തലയൂരാനാണ് തനിക്കെതിരായ നീക്കമെന്നും അർജുൻ കുറ്റപ്പെടുത്തി. മദ്യനയത്തിന് ഇളവുനൽകുന്നതിനായി സംസ്ഥാന സർക്കാറിന് കോഴ നൽകാൻ ബാർ ഉടമകൾ പിരിവെടുത്തെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. ഏപ്രിൽ 12ന് കിട്ടിയ പരാതിയും ഈ ആരോപണത്തിന് കരുത്ത് പകരുന്നതാണ്.