- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ശബ്ദരേഖ അനിമോന്റെ ദേഷ്യത്തിന്റെ പ്രതിഫലനം; കോഴയ്ക്ക് മൊഴിയോ തെളിവോ ഇല്ല; മദ്യനയത്തില്‍ അഴിമതിയില്ലെന്ന് ക്രൈംബ്രാഞ്ച്; ഇതാകണം പോലീസ്!
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴ ഉണ്ടായില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മദ്യനയം മാറ്റാന്‍ ബാറുടമകള്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിക്കുകയാണ്. പണം പിരിച്ചത് തലസ്ഥാനത്ത് അസോസിയേഷന്റെ പുതിയ കെട്ടിടം വാങ്ങാനാണെന്ന ബാറുടമകളുടെ വിശദീകരണം ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. മദ്യനയം മാറ്റാന്‍ കോഴ പിരിക്കണമെന്ന ബാറുടമ അനിമോന്റെ ശബ്ദരേഖ തെറ്റിദ്ധാരണമൂലമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഇതോടെ ആ കോഴയും ആവിയാകും. സര്‍ക്കാറിനും ബാറുടമകള്‍ക്കും ആശ്വാസകരമായ കണ്ടെത്തലാണ് അന്വേഷണസംഘത്തിന്റേത്.
കെട്ടിട നിര്‍മ്മാണത്തിന് പണം പിരിക്കുന്നതില്‍ ഇടുക്കി ജില്ല വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഉണ്ടായ ദേഷ്യത്തിലിട്ടതാണെന്നാണ് അനിമോന് ക്രൈം ബ്രാഞ്ചിന് നല്കിയ മൊഴി. മദ്യ ലഹരിയിലായിരുന്നുവെന്നും പറഞ്ഞു. ശബ്ദരേഖ പുറത്തുപോയതിന് പിന്നാലെ ഗ്രൂപ്പില്‍ നിന്നും അനിമോന് ശബ്ദരേഖ ഡിലീറ്റ് ചെയ്തിരുന്നു. ഗ്രൂപ്പും ഇല്ലാതാക്കി. അതിനാല്‍ ചോര്‍ച്ച എവിടെ നിന്നുമെന്ന് കണ്ടെത്തണമെങ്കില്‍ ഗ്രൂപ്പിലുള്ള എല്ലാവരുടെയും ഫോണുകളും ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. അതിന് ക്രൈംബ്രാഞ്ചിന് താല്‍പ്പര്യവുമില്ല.
അനിമോന്റെ ഓഡിയോ വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണവും ഉയര്‍ന്നു. എന്നാല്‍ ഇതിലൊന്നും കഴമ്പില്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് ക്രൈംബ്രാഞ്ച്. ബാര്‍ കോഴയ്ക്ക് തെളിവും മൊഴിയും ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. കോഴയില്ലെന്ന കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കൊച്ചിയില്‍ നടന്ന ബാറുടമകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനി മോന് നയം മാറ്റാനായി പണം പിരിക്കണമെന്നാവശ്യപ്പെട്ട് ബാറുമടകളുടെ ഗ്രൂപ്പില്‍ ശബ്ദരേഖയിട്ടത്. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ബാര്‍ കോഴയിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പരാതി നല്‍കിയത്.
തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം വാങ്ങാനാണ് പണ പിരിവ് എന്നായിരുന്നു അസോസിയേഷന് നേതൃത്വത്തിന്റെ വിശദീകരണം. പിന്നാലെ അനിമോനും മലക്കം മറിഞ്ഞു. ഇതേ കണ്ടെത്തലാണ് ക്രൈം ബ്രാഞ്ചും നടത്തിയിരിക്കുന്നത്. ശബ്ദ സന്ദേശമയച്ച അനി മോന് ശബ്ദം തന്റെതല്ലെന്ന് നിഷേധിച്ചില്ല. എന്നാല്‍ ബാറുമടകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നും അതാണ് ശബ്ദ രേഖ ചോര്‍ച്ചക്കു കാരണമെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. മദ്യ നയമാറ്റത്തിന് പണ പരിവ് നടത്തിയതായി അസോസിയേഷന്‍ില്‍ അംഗങ്ങളായ ബാറുടമകള്‍ മൊഴി നല്‍കിയതുമില്ല. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയില്‍ അസ്വാഭാവിമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനറെ മകന് അര്ജുന് രാധകൃഷ്ണന് ഉപയോഗിക്കുന്ന മൈബൈല്‍ നമ്പര്‍ ബാറുടമകളുടെ ഗ്രൂപ്പില്‍ കണ്ടെത്തിയിരുന്നു. അര്‍ജുനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പരിശോധനയില്‍ ആ നമ്പര്‍ ഉപയോഗിക്കുന്നത് അര്‍ജുന്റെ ഭാര്യാമാതാവാണെന്ന് കണ്ടെത്തി. ഭാര്യാപിതാവിന്റെ പേരിലുണ്ടായിരുന്ന ബാര്‍ ലൈസന്‍സ് പിതാവിന്റെ മരണശേഷം അമ്മക്ക് കൈമാറുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതോടെ ആ വിവാദവും ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുകയാണ്. അതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തെ പ്രതിപക്ഷത്തിന് പോലും കുറ്റപ്പെടുത്താന്‍ കഴിയില്ല.