വാഷിങ്ടൻ: നാല് പതിറ്റാണ്ട് മുമ്പ് നടന്ന പെൺകുട്ടിയുടെ കൊലപാതകത്തിലെ പ്രതിയെ പിടികൂടിയപ്പോൾ പുറത്തുവന്നത് ഒരു അസാധാരണമായ അന്വേഷണ കഥ. യുഎസിലെ ഒറിഗോണിൽ 1980ൽ കോളജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ അറുപതുകാരൻ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി. റോബർട്ട് പ്ലിംപ്റ്റൻ എന്നയാളെ ച്യൂയിംഗത്തിലെ ഡിഎൻഎ സാംപിളിൽനിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. അതേസമയം കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കി. കേസിന്റെ തുടർവാദം ജൂണിൽ നടക്കും. അതുവരെ റോബർട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിടും.

റോബർട്ട് പ്ലിംപ്ടൺ ബാർബറയെ കടത്തിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു, മർദ്ദിച്ച് കൊലപ്പെടുത്തിയശേഷം കോളേജ് പരിസരത്തെ കാർ പാർക്കിങ് ഏരിയയിൽ ഉപേക്ഷിച്ചു എന്നാണ് കേസ്. വരുന്ന ജൂണിലാണ് പ്ലിംപ്ടണിന്റെ ശിക്ഷ വിധിക്കുക. നിലവിൽ മാൾട്ടിനോമാ കൗൺടി പൊലീസ് കസ്റ്റഡിയിലാണ് പ്ലിംപ്ടൺ. എന്നാൽ, പ്ലിംപ്ടൺ കുറ്റം നിഷേധിച്ചു. കേസിൽ അപ്പീലിന് പോകുമെന്നും ശിക്ഷ ഒഴിവാക്കാനാകുമെന്ന് വിശ്വാസമുണ്ടെന്നും പ്ലിംപ്ടണുവേണ്ടി വാദിച്ച സ്റ്റീഫൻ ഹോസ്, ജേക്കബ് ഹോസ് എന്നീ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു.

1980 ജനുവരി 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒറിഗോണിലെ ഗ്രേഷം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് ഹുഡ് കമ്യൂണിറ്റി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ബാർബറ ടക്കർ. പതിവുപോലെ കോളേജിൽ പോയ ബാർബറ അന്ന് വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേന്ന്, 1980 ജനുവരി 16-ന് കോളേജിലേക്ക് പോകുന്ന വഴിയിൽ വിദ്യാർത്ഥികളാണ് ബാർബറയെ മരിച്ച നിലയിൽ കോളേജിന്റെ പാർക്കിങ് ഏരിയയിൽ കണ്ടത്. തലേന്ന് വൈകുന്നേരം മുഖം വ്യക്തമാകാത്ത ഒരാൾ പാർക്കിങ് ഏരിയയിലേക്ക് നുഴഞ്ഞുകയറുന്നതായി കണ്ടിരുന്നതായി ഒരു ദൃക്സാക്ഷി പൊലീസിന് മൊഴി നൽകി.

പാർക്കിങിൽ നിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടതായും മുഖത്താകമാനം രക്തം പടർന്ന നിലയിൽ ഒരു പെൺകുട്ടയെ കണ്ടതായും ചില വിദ്യാർത്ഥികളും മൊഴി നൽകി. എന്നാൽ, കുറ്റവാളിയെ കണ്ടെത്താൻ ഈ മൊഴികളൊന്നും പര്യാപ്തമായിരുന്നില്ല. പലവഴിക്കും അന്വേഷണം നടന്നുവെങ്കിലും ഒന്നും എവിടെയും എത്തിയില്ല. എന്നാൽ, അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് ഒരുക്കമായിരുന്നില്ല. സാഹചര്യ തെളിവുകളുടെ അഭാവത്തിൽ ശാസ്ത്രീയ തെളിവുകളിലൂടെ കുറ്റവാളിയെ കണ്ടെത്താനായി പിന്നീട് പൊലീസിന്റെ ശ്രമം.

ശാസ്ത്രീയ പരിശോധനകൾ അത്രകണ്ട് പുരോഗമിച്ചിരുന്നില്ല എന്നത് അന്വേഷണത്തെ വീണ്ടും വഴിമുട്ടിച്ചു. താൽകാലികമായി അന്വേഷണം അവസാനിപ്പിച്ചുവെങ്കിലും കേസ് അങ്ങനെ വിട്ടുകളയാൻ ഒരുക്കമായിരുന്നില്ല പൊലീസ്. വർഷങ്ങൾ എത്രകഴിഞ്ഞാലും കേസിലെ കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്ന് അവർ ദൃഢനിശ്ചയം എടുത്തിരുന്നു. അതിന്റെ കാരണം ബാർബറയുടെ കൊലപാതകസമയത്ത് പൊലീസ് ചീഫായിരുന്ന ക്ലോഡിയോ ഗ്രാൻഡ്ജീൻ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

2021 ജൂണിൽ ബാർബറ കൊലപാതക കേസിൽ പ്ലിംപ്ടൺ അറസ്റ്റിലായപ്പോൾ ക്ലോഡിയോ പറഞ്ഞത് ഇതായിരുന്നു; 'ഇത്തരം കൊലപാതക കേസുകൾ വെറും കേസുകൾ മാത്രമല്ല ഞങ്ങൾക്ക്, അവ ഓരോ വ്യക്തികളാണ്. പൊലീസുകാരിലും തലമുറകൾ മാറിവരുമ്പോൾ അവരിലേക്കും ഇങ്ങനെ കൊല്ലപ്പെട്ടവരുടെ കഥകളും വേദനകളും ഞങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരുദിവസം അവരിൽ ആരെങ്കിലും ഈ കേസുകൾ തെളിയിക്കും. കൊല്ലപ്പെട്ടവർക്ക് നീതി നേടിക്കൊടുക്കും. അന്വേഷണം പൂർത്തിയാക്കാനാകാതെ അടച്ചുവയ്ക്കപ്പെട്ട കേസുകളായല്ല, തെളിയിക്കപ്പെട്ട കേസുകളായി അവ അവസാനിക്കും. ഞങ്ങളുടെ ആ വിശ്വാസം സംരക്ഷിക്കപ്പെട്ടു.'

ശാസ്ത്രം പുരോഗമിക്കുന്നതിനനുസൃതമായി ശാസ്ത്രീയമായ തെളിവുകളിൽ വിശ്വാസമർപ്പിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ ബാർബറയുടെ കേസ് തെളിയിക്കാൻ സഹായിച്ചത്. മൃതദേഹപരിശോധനയുടെ സമയത്ത് ബാർബറയുടെ ജനനേന്ദ്രിയത്തിൽ നിന്നും ലഭിച്ച സ്രവത്തിൽനിന്ന് അവളെ ശാരീരികമായി ഉപദ്രവിച്ച വ്യക്തിയുടെ ഡി.എൻ.എ. കണ്ടെത്താൻ കഴിയുമോ എന്നാണ് പിന്നീട് പൊലീസ് പരിശോധിച്ചത്. വിർജീനിയയിലുള്ള പാരബോൺ നാനോലാബ്സ് എന്ന ഡി.എൻ.എ. ടെക്നോളജി കമ്പനിയുടെ സഹായമാണ് പൊലീസ് ഇതിനായി തേടിയത്.

ബാർബറയുടെ ശരീരത്തിൽ നിന്ന് ലഭിച്ച സ്രവത്തിൽ നിന്ന് അതിന്റെ ഉടമസ്ഥന്റെ ഡി.എൻ.എ. കണ്ടെത്താൻ സാധിക്കുമോ, ആ ഡി.എൻ.എയിൽനിന്ന് ആ വ്യക്തിയുടെ ജനിതകമായ എന്തെങ്കിലും പ്രത്യേകത കണ്ടെത്താൻ സാധിക്കുമോ, ആ പ്രത്യേകത ബാർബറ കൊല്ലപ്പെട്ട പ്രദേശത്തെ ഏതെങ്കിലും കുടുംബത്തിന്റെ ജനിതകമായ പ്രത്യേകതകളുമായി ഒത്തുപോകുന്നുണ്ടോയെന്ന് കണ്ടെത്താനാകുമോ എന്നീ കാര്യങ്ങളാണ് പൊലീസ് ലാബിലെ ശാസ്ത്രജ്ഞരോട് അന്വേഷിച്ചത്.

വളരെ സൂക്ഷ്മമായ പരിശോധനയിലൂടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കണ്ടെത്താൻ പാരബോൺ ലാബിലെ ശാസ്ത്രജ്ഞർക്കായി. അതായിരുന്നു കേസിലെ നിർണായകമായ വഴിത്തിരിവ്. സ്നാപ്ഷോട്ട് ഡി.എൻ.എ. ഫീനടൈപ്പിങ് (എസ്.എൻ.പി.) എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തിയതെന്ന് പാരബോൺ ലാബിലെ ചീഫ് ജെനറ്റിക് ജീനിയോളജിസ്റ്റ് സീസീ മൂർ പറഞ്ഞു. ഡി.എൻ.എയിൽനിന്ന് ഒരാളുടെ ശാരീരികമായ പ്രത്യേകതകൾ പ്രവചിക്കുന്ന രീതിയാണ് എസ്എൻപി. പൊലീസ് തന്ന ഡി.എൻ.എയുമായി സാമ്യമുള്ള ഡി.എൻ.എകൾ കണ്ടെത്തി കുറച്ച് പട്ടികകൾ സീസീ തയ്യാറാക്കി.

ആ ലിസ്റ്റുകളിൽനിന്നാണ് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിരുന്ന ചുവന്ന നിറത്തിലുള്ള തലമുടിയുള്ള മനുഷ്യരിലേക്ക് സീസീ എത്തുന്നത്. ഇതിലൂടെ ബാർബറയെ ഉപദ്രവിച്ചയാൾ ചുവന്ന തലമുടിയുള്ള വ്യക്തിയാണെന്ന തന്റെ അനുമാനം സീസീ പൊലീസിനെ അറിയിച്ചു. വൈകാതെ ഓറിഗോണിലെത്തിയ സീസീ പൊലീസിനൊപ്പം പ്രവർത്തിച്ചു. ചുവന്ന തലമുടിയുള്ള പുരുഷന്മാരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. അവിടെവെച്ച് തയ്യാറാക്കിയ ലിസ്റ്റിൽനിന്ന് 2021 മാർച്ചിൽ റോബർട്ട് പ്ലിംപ്ടൺ എന്ന വ്യക്തി താൻ കണ്ടെത്തിയ ഡി.എൻ.എയിലെ ശാരീരിക പ്രത്യേകതകളുമായി ഒത്തുപോകുന്നതായി സീസീ മനസിലാക്കി.

വിവരം പൊലീസിനെ അറിയിച്ചു. പ്ലിംപ്ടണെ പിന്തുടർന്ന പൊലീസ് അയാൾ ചവച്ചുതുപ്പിയ ഒരു ച്യൂയിംഗവുമായി വീണ്ടും സീസീയെ സമീപിച്ചു. ച്യൂയിംഗത്തിലെ സ്രവവത്തിൽനിന്ന് കണ്ടെത്തിയ ഡി.എൻ.എയും ബാർബറയുടെ യോനിയിൽനിന്ന് ശേഖരിച്ച സ്രവത്തിൽനിന്ന് കണ്ടെത്തിയ ഡി.എൻ.എയും ഒന്നാണെന്ന് സീസീ കണ്ടെത്തി. അങ്ങനെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 2021 ജൂൺ 8-ന് പൊലീസ് റോബർട്ട് പ്ലിംപ്ടണെ അറസ്റ്റ് ചെയ്തു. ജെനറ്റിക് ജീനിയോളജിയുമായി ബന്ധപ്പെട്ട തന്റെ കരിയറിലെ ഏറ്റവും മികച്ച കണ്ടെത്തലായിരുന്നു ഇതെന്നാണ് അറസ്റ്റിന് പിന്നാലെ സീസീ മാധ്യമങ്ങളോട് പറഞ്ഞത്.