തിരുവനന്തപുരം : സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രധാന പ്രതി ശ്രീറാം അപകടമുണ്ടാക്കിയ വാഹനമോടിച്ചതായി കോടതിയിൽ സമ്മതിച്ചു. വിടുതൽ ഹർജിയിലെ പ്രാരംഭ വാദത്തിനിടയാണ് താൻ മദ്യപിച്ചതായി തെളിവില്ലെന്നും അതിനാൽ വാഹനാപകടത്തിന്റെ വകുപ്പുകൾ മാത്രമേ നിലനിൽക്കുവെന്നും കോടതിയെ ബോധിപ്പിച്ചത്.

എന്നാൽ പ്രതി എവിടെയെന്ന് ചോദിച്ച കോടതി പ്രതിഹാജരാകാതെ വാദം കേൾക്കാനാകില്ലെന്നും അറിയിച്ചു. തുടർന്നാണ് ഹരജിയിൽ കൂടുതൽ വാദം കേൾക്കാനായി അടുത്ത മാസം 14 ലേക്ക് മാറ്റിയത്. നിലവിലുള്ള കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും മദ്യപിച്ചതിന് തെളിവില്ലെന്നും വാദിച്ച ശ്രീറാമിന്റെ അഭിഭാഷകൻ വിചാരണ കൂടാതെ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതൽ ഹർജിയിൽ ഇന്നലെ പ്രാരംഭ വാദം മാത്രമാണ് കോടതി കേട്ടത്. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ സനിൽകുമാർ മുമ്പാകെയാണ് ഹരജി ബോധിപ്പിച്ചത്.

മദ്യപിച്ചു വാഹനമോടിച്ചാൽ മറ്റുള്ളവർക്ക് മരണം സംഭവിക്കുമെന്ന അറിവോടെ വാഹനമോടിച്ച് ബൈക്ക് യാത്രികനായ ബഷീറിനെ കൊലപ്പെടുത്തി നരഹത്യ കുറ്റം ചെയ്തുവെന്നാണ് തനിക്കെതിരായ കുറ്റാരോപണം. എന്നാൽ താൻ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നായിരുന്നു ശ്രീറാം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 ( മദ്യപിച്ച് വാഹനമോടിക്കൽ കുറ്റം) നിലനിൽക്കണമെങ്കിൽ 100 മി.ലി. രക്തത്തിൽ 30 മി.ഗ്രാം ആൽക്കഹോൾ അംശം വേണമെന്നാണ് നിയമമെന്നിരിക്കെ പ്രോസിക്യൂഷൻ ഹാജരാക്കിയ 13ാം രേഖയായ കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ തന്റെ രക്തത്തിൽ ഈഥൈൽ ആൽക്കഹോൾ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നതെന്നും 2019 ലെ ഹൈക്കോടതി ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ബോധിപ്പിച്ചു. തുടർന്ന് സർക്കാരിന്റെ ആക്ഷേപം വന്നശേഷം വിശദ വാദം ഒക്ടോബർ 14 ന് കേൾക്കാമെന്ന് ജഡ്ജി കെ സനിൽകുമാർ ഉത്തരവായി.

ഇന്നലെ വഫ മാത്രമാണ് കോടതിയിൽ ഹാജരായത്. രണ്ടാം പ്രതിയും വാഹനത്തിന്റെ ഉടമസ്ഥയുമായി വഫയുടെ വിടുതൽ ഹരജിയിൽ വിധി പറയുന്നതും കോടതി മാറ്റി. തന്നെ വിചാരണ ചെയ്യാൻ മതിയായ തെളിവില്ലെന്നായിരുന്നു നേരത്തെ വഫാ വിചാരണ കോടതിയെ ബോധിപ്പിച്ചിരുന്നത്. താൻ ശ്രീറാം വിളിച്ചതനുസരിച്ച് ലിഫ്റ്റ് നൽകാനായി വാഹനവുമായി പോകുക മാത്രമാണ് ചെയ്തതെന്നും മദ്യപിച്ച് വാഹനമോടിക്കാൻ താൻ പ്രേരിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ വഫ അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ 74 ആം സാക്ഷിയായ മ്യൂസിയം എസ് ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നതെന്നും വാദിച്ചിരുന്നു.

എന്നാൽ ശ്രീറാമിനെ തടയാതെ ഡ്രൈവിങ് സീറ്റ് നൽകി മനഃപൂർവം വഫ ശ്രീറാമിനെ കൃത്യത്തിന് സഹായിക്കുകയും ഉത്സാഹിയായും ഗൂഢാലോചന നടത്തിയും പ്രേരണക്കുറ്റത്തിനൊപ്പം കൃത്യവിലോപവും ചെയ്ത തെളിവു നശിപ്പിക്കൽ കുറ്റവും നിലനിൽക്കുമെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു.