കൂടൽ: വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. മിച്ചഭൂമിയിൽ ബാബു വിലാസം വീട്ടിൽ ശ്രീരാഗ് (26), പോത്തുപാറ കാരമണ്ണിൽ സബിനേഷ് (18) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച്ച രാത്രി 10 നും വെള്ളി രാവിലെ ആറിനുമിടയിലാണ് മോഷണം നടന്നത്.

കടുവന്നൂർ സന്തോഷ് വിലാസത്തിൽ സന്തോഷിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു. സന്തോഷിന്റെ സഹോദരിയുടെ മകന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ 8000 രൂപ വിലവരുന്ന ബാറ്ററിയാണ് പ്രതികൾ മോഷ്ടിച്ചത്.

പഴക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വണ്ടി കുറച്ചുനാളായി സന്തോഷിന്റെ വീട്ടുമുറ്റത്താണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ മതിൽ നിർമ്മാണം തുടങ്ങിയപ്പോൾ, സമീപത്തുള്ള ആൾതാമസമില്ലാത്ത വീടിന്റെ മുറ്റത്തേക്ക് മാറ്റി. എല്ലാ ദിവസവും പോയി നോക്കുമായിരുന്നെന്ന് സന്തോഷിന്റെ മൊഴിയിൽ പറയുന്നു. വെള്ളിയാഴ്ച രാവിലെ പോയിനോക്കുമ്പോൾ ബാറ്ററി മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലായി.

അയൽവാസികളോട് തിരക്കിയപ്പോൾ മിച്ചഭൂമിയിൽ താമസിക്കുന്ന നാലുപേർ പെട്ടി ഓട്ടോയിൽ എത്തിയിരുന്നുവെന്ന് അറിഞ്ഞു. പ്രതികളെ പൊലീസ് ഗാന്ധി ജങ്ഷനിൽ നിന്നും കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച ബാറ്ററി കലഞ്ഞൂരുള്ള ആക്രിക്കടയിൽ വിറ്റുവെന്നും 800 രൂപ കിട്ടിയെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ബാറ്ററി കണ്ടെടുത്തു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ ജി. പുഷ്പകുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ്‌ഐ ഷെമിമോളുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്.സി.പി.ഓമാരായ അജി കർമ, സജി, സി.പി.ഓമാരായ സി.എസ് അനൂപ്, അരുൺ, ടെന്നിസൻ, ഗോപൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.