ബെംഗളൂരു: വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിലായി ഉപേക്ഷിച്ച ദന്തഡോക്ടറും രണ്ട് സഹായികളും അറസ്റ്റില്‍. തുമകൂരു ജില്ലയിലെ കൊറഡഗരെയില്‍ നടന്ന സംഭവത്തില്‍ ഡോ. രാമചന്ദ്രപ്പ (47), കെ.എന്‍. സതീഷ് (38), കെ.എസ്. കിരണ്‍ (32) എന്നിവരാണ് പിടിയിലായത്. രാമചന്ദ്രപ്പയുടെ ഭാര്യാമാതാവ് ലക്ഷ്മിദേവിയെയാണ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചത്.

ഓഗസ്റ്റ് ഏഴിന് തെരുവുനായ മനുഷ്യന്റെ കയ്യുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് പത്തിടങ്ങളില്‍ നിന്നായി 42കാരിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. അറസ്റ്റിലായ മൂന്ന് പേരും തുംകുരു സ്വദേശികളാണ്. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും അടക്കമാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊറഡഗരെയിലെ വിവിധയിടങ്ങളില്‍ പല പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞനിലയില്‍ അഴുകിയ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിന്മേല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ലക്ഷ്മിയുടെ തലയും കണ്ടെടുത്തു. തുടര്‍ന്നാണ് സംശയം മരുമകനായ രാമചന്ദ്രപ്പയിലേക്കു നീണ്ടത്. ലക്ഷ്മിയുടെ മകളുമായുള്ളത് രാമചന്ദ്രപ്പയുടെ രണ്ടാം വിവാഹമായിരുന്നു. പലരുമായും ലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടെന്നും മകളെയും ഇതിനായി പ്രേരിപ്പിച്ചെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് രാമചന്ദ്രപ്പ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞദിവസം മകളുടെ വീട്ടിലെത്തിയ ലക്ഷ്മി തിരികെ പോകുന്നതിനിടെ, വഴിയില്‍ വെച്ച് രാമചന്ദ്രപ്പ കാറില്‍ കയറ്റുകയായിരുന്നു. കാറിലുണ്ടായിരുന്ന കൂട്ടുപ്രതികളുമായി ചേര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം ഫാമില്‍ എത്തിച്ചതിനുശേഷം ശരീരം കഷ്ണങ്ങളായി വെട്ടിനുറുക്കി കവറുകളിലാക്കി പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടത്തി ഒരുദിവസം കഴിഞ്ഞായിരുന്നു ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചത്.

കുരുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

തുംകുരുവില്‍ 42കാരിയുടെ കൊലപാതകത്തില്‍ ദന്ത ഡോക്ടറെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. മാസങ്ങള്‍ നീണ്ട പദ്ധതി തയ്യാറാക്കിയാണ് അമ്മായിഅമ്മയെ ഡോക്ടര്‍ കൂടിയായ മരുമകന്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൃതദേഹം കണ്ടത്തിയ മേഖലയില്‍ എല്ലാം കണ്ട എസ്‌യുവിയാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. എസ്‌യുവിയുടെ നമ്പര്‍ വ്യാജമാണെന്ന് കൂടി വ്യക്തമായതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.

എസ്‌യുവിയിലെ ബോണറ്റിലെ മോഡിഫിക്കേഷനാണ് വാഹനം തിരിച്ചറിയാന്‍ പൊലീസുകാര്‍ക്ക് സഹായകമായത്. 42കാരിയുടെ മകളുടെ വീടുള്ള മേഖലയായ ഉര്‍ദിഗെരെയിലെ സതീഷ് എന്ന കര്‍ഷകനിലേക്ക് അങ്ങനെയാണ് പൊലീസ് അന്വേഷണം എത്തിയത്. പൊലീസ് അന്വേഷണത്തില്‍ ഓഗസ്റ്റ് 3നും നാലിനും സതീഷിന്റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഇതേസമയം എസ്‌യുവി ഇയാളുടെ തോട്ടത്തിലുണ്ടായിരുന്നത് ആളുകള്‍ ശ്രദ്ധിച്ചിരുന്നു.

പിന്നീട് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് എസ്‌യുവി ആറ് മാസം മുന്‍പ് കൊല്ലപ്പെട്ട 42കാരിയുടെ മരുമകന്‍ സതീഷിന്റെ പേരില്‍ വാങ്ങിയതാണെന്ന് വ്യക്തമായത്. അമ്മായിഅമ്മ തന്റെ വിവാഹ ജീവിതത്തില്‍ ഇടപെടുന്നതിലുള്ള പക ദന്തഡോക്ടര്‍ കൂടിയായ രാമചന്ദ്രപ്പ സൂക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ നേരത്തെ തന്നെ അമ്മായി അമ്മയ്ക്ക് സ്വഭാവദൂഷ്യമുള്ളതായി ഇയാള്‍ ആരോപിച്ചിരുന്നു.

സതീഷിനും തന്റെ സഹായിയായ കിരണിനും നാല് ലക്ഷം രൂപയാണ് കൊലപാതകത്തിന് സഹായിച്ചാല്‍ പാരിതോഷികമായി ദന്തഡോക്ടര്‍ വാഗ്ദാനം ചെയ്തത്. ഇതിനായി അരലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 3ന് 42 കാരി മകള്‍ തേജസ്വിയെ കണ്ട ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോള്‍ എസ്‌യുവിയില്‍ എത്തിയ ദന്തഡോക്ടര്‍ ഇവരെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി. സതീഷും കിരണും കാറിലുണ്ടായിരുന്നു. ഇവര്‍ 42കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ സതീഷിന്റെ തോട്ടത്തിലെത്തിച്ച് ദന്തഡോക്ടറുടെ സഹായത്തോടെ മൃതദേഹം 19 ഭാഗങ്ങളായി മുറിച്ചു. ഇതിന് ശേഷം ഇതേ എസ്‌യുവില്‍ പലയിടങ്ങളിലായി മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

പൊലീസ് നടത്തിയ തെരച്ചിലില്‍ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ പത്തിടങ്ങളില്‍ നിന്നായാണ് മനുഷ്യ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ കണ്ടെത്തിയത്. അഴുകുന്നതിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. സിദ്ധാരബെട്ടയ്ക്കും നെഗലാലിനും ഇടയിലുള്ള റോഡിന് സമീപത്തുനിന്ന് രണ്ട് ബാഗുകളിലായാണ് കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സിദ്ധാരബെട്ടയ്ക്ക് സമീപത്തുനിന്നും സ്ത്രീയുടെ വെട്ടിമാറ്റിയ തലയും കണ്ടെടുത്തു. കൊരട്ടഗരെ, കൊളാല പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പത്തിടങ്ങളില്‍ നിന്നാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.